കനത്ത മഴ: മുംബൈയില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, July 9, 2018

മുംബൈ: മുംബൈയില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

മുംബൈയിലും കൊങ്കൺ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ കനത്ത മഴ ഇന്നും തുടരുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴയെ തുടർന്ന് വിവിധ അപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 34 ആയി.

ഞായറാഴ്ചയിലെ പതിവിനു വിപരീതമായി ഇന്നലെ ലോക്കൽ ട്രെയിനുകളിലും ബസുകളിലും തിരക്കg കുറവായിരുന്നു. നിരത്തിൽ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. എന്നാൽ, ചില പ്രദേശങ്ങളിൽ റോഡിലെ വെളളക്കെട്ട് മൂലം വാഹനങ്ങളിൽ വെള്ളം കയറി പലതും വഴിയിൽ കുടുങ്ങി.

പെരുമഴയും വാഹനങ്ങൾ കേടാകുന്നതും ഭയന്ന് ടാക്സികളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ വലച്ചു. ഉൗബർ, ഓല കാറുകളെ ആശ്രയിച്ചിരുന്നവരും ഇന്നലെ വലഞ്ഞു.

നഗരപ്രാന്തങ്ങളിലും മറ്റു ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണു രേഖപ്പെടുത്തിയത്. കല്യാൺ, ഡോംബിവ്‌ലി, അംബർനാഥ്, വസായ് ഭാഗങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചിലയിടങ്ങളിൽ ഹൗസിങ് കോംപ്ലക്സുകളിൽ വെള്ളംകയറി, നാഗ്പുർ, പാൽഘർ, മുർബാദ്, കൊങ്കൺ തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.

×