Advertisment

രാജധാനിക്ക് വികസനത്തിന്റെ മുഖം നല്‍കിയ ഭരണാധികാരി. കേരളാ ഗവര്‍ണറായിരിക്കെ എം ജി വൈസ് ചാന്‍സലറെ പുറത്താക്കിയത് ചരിത്രമായി. ഇന്ദിരയ്ക്ക് ശേഷം ഏറ്റവുമധികകാലം അധികാരത്തിലിരുന്ന വനിതാ നേതാവ്. പൊടുന്നനെ യാത്രയാകുമ്പോള്‍ ഷീലാ ദീക്ഷിത് ബാക്കിവയ്ക്കുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ പെണ്‍കരുത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ല്‍ഹി കണ്ട ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള നേതാക്കളില്‍ ഒരാളായിരുന്നു ഷീലാ ദീക്ഷിത്. മൂന്ന് തവണയായി പതിനഞ്ച് വര്‍ഷക്കാലം മുഖ്യമന്ത്രിയായി ഡല്‍ഹിയെ നയിച്ചു എന്നതിലപ്പുറം ഇന്ന് ഡല്‍ഹിക്ക് എന്തെല്ലാം സൌഭാഗ്യങ്ങള്‍ ഉണ്ടോ അതിന്റെയൊക്കെ പിന്നില്‍ ഷീലാ ദീക്ഷിതിന്റെ കരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് പ്രധാനം.

Advertisment

രാജധാനിക്ക് വികസനത്തിന്റെ മുഖം നല്‍കിയ നേതാവ് എന്ന നിലയിലായിരിക്കും ഷീലാ ദീക്ഷിതിനെ കാലം ഓര്‍ക്കുക. ഡല്‍ഹിയിലെ ബൈപ്പാസുകള്‍, ആധുനിക റോഡുകള്‍, രാജ്യത്തിന് മാതൃകയായി മാറിയ മെട്രോ എന്നിവയെല്ലാം ഷീലാ ദീക്ഷിതിന്റെ സംഭാവനകളായിരുന്നു.

publive-image

1938 മാര്‍ച്ച് 31 നാണ് പഞ്ചാബിലെ കബൂര്‍തലയില്‍ ഷീലാ കബൂര്‍ എന്ന ഷീലാ ദീക്ഷിതിന്റെ ജനനം.  ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരീസ് സ്കൂളിലെ വിദ്യാഭ്യാസമായിരുന്നു ഷീലയും ഡല്‍ഹിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. പരേതനായ വിനോദ് ദീക്ഷിത് ആണ് ഭര്‍ത്താവ്. സന്ദീപ്‌ ദീക്ഷിത്, ലതിക ദീക്ഷിത് എന്നിവര്‍ മക്കളാണ്.

1984 ലാണ് പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഉത്തര്‍പ്രദേശിലെ കന്നൂര്‍ജ്ജ് പാര്ലമെന്റ്റ് മണ്ഡലത്തെ 84 മുതല്‍ 89 വരെ പ്രതിനിധീകരിച്ചു.  ഈ കാലയളവില്‍ 86 മുതല്‍ 89 വരെ പാര്‍ലമെന്‍ററി കാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. 1998 ലാണ് ആദ്യമായി ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് 15 വര്‍ഷം മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഷീലാ ദീക്ഷിതിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2013 ല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാളിനോട് തോറ്റതോടുകൂടി ഡല്‍ഹി രാഷ്ട്രീയത്തില്‍ ഷീലയുടെ പതനത്തിന് തുടക്കമാകുകയായിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി 2014 മാര്‍ച്ച് 11 മുതല്‍ കേരളാ ഗവര്‍ണര്‍ ആയി ചുമതലയേറ്റു. എന്നാല്‍ മാസങ്ങള്‍ക്കപ്പുറം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറ്റതോടെ ഓഗസ്റ്റ് 26 ന് അവര്‍ക്ക് രാജി വയ്ക്കേണ്ടി വന്നു.

എന്നാല്‍ കേരളാ ഗവര്‍ണര്‍ ആയിരുന്ന അഞ്ച് മാസത്തിനിടയ്ക്ക് അപൂര്‍വ്വമായ മറ്റ്‌ സംഭവത്തിനും അവര്‍ സാക്ഷിയായി. അവരുടെ കാലയളവിലാണ് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എ വി ജോര്‍ജ്ജിനെ മതിയായ ജോഗ്യതകള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പദവിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഒരു വൈസ് ചാന്‍സലറെ പിരിച്ചുവിടുന്നത്.

publive-image

അതിനുശേഷവും വീണ്ടും അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.  ഡല്‍ഹിയില്‍ ആം ആദ്മിയുടെ മുന്നേറ്റത്തോടുകൂടി ചെറിയ ഒരു കാലയളവില്‍ അവര്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഷീലാ ദീക്ഷിതിനെ പി സി സി അധ്യക്ഷയായി നിയമിച്ചുകൊണ്ട് അവരുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പി സി സി അധ്യക്ഷ എന്ന നിലയില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങുന്നതിനിടെയാണ് അവരുടെ വിയോഗം. പി സി സി അഴിച്ചുപണിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി പി സി ചാക്കോ ഷീലാ ദീക്ഷിതിനയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്താകുകയും ഇതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയുമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളും ബാക്കിയാക്കിയാണ് പൊടുന്നനെയുള്ള ഷീലാ ദീക്ഷിതിന്റെ വിടവാങ്ങല്‍.

ഇന്ദിരാഗാന്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിതാ നേതാവെന്ന ഖ്യാതിയും ഷീലാ ദീക്ഷിതിന് അവകാശപ്പെട്ടതാണ്.

sheela dixit
Advertisment