Advertisment

“ഞാൻ ഗാന്ധിയെയും നെഹ്റുവിനെയും പോലുള്ള സിംഹങ്ങൾക്കൊപ്പമാണ് പോരാടുന്നത്. ഇനി ഒരു കുറുനരിയെപ്പോലെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?”;“മരണം മുന്നിൽക്കണ്ടപ്പോഴും എന്റെ പിതാവ് ബ്രിട്ടീഷുകാരുടെ ഔദാര്യത്തിന് അപേക്ഷിച്ചില്ല:” സാഹിത്യ സമ്മേളനത്തിൽ നയൻതാര സാഹ്ഗാൾ പറയാനിരുന്ന വാക്കുകൾ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

എഴുത്തുകാരി നയൻതാര സാഹ്ഗാൾ ആൾ ഇന്ത്യ മറാത്തി മീറ്റിൽ പങ്കെടുക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്തു വരികയുണ്ടായി. ഇതോടെ സംഘാടകർ അവർക്കുള്ള ക്ഷണം പിൻവലിച്ചു. സാഹിത്യസമ്മേളനത്തിൽ നയൻതാര സാഹ്ഗാൾ നടത്താനിരുന്ന പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെ.

Advertisment

publive-image

എനിക്കിതൊരു വൈകാരിക മുഹൂര്‍ത്തമാണ്. ഇവിടെ നിൽക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനെടുക്കുന്നു. ഈ സമ്മേളനത്തിന്റെ തുടക്കക്കാരനായ മഹാദേവ് ഗോവിന്ദ റാനഡെ മുതലായ മഹാരഥന്മാരായ മഹാരാഷ്ട്രക്കാരുടെ നിഴലിൽ നിൽക്കുംപോലൊരു അനുഭൂതിയാണ് എനിക്കിപ്പോഴുള്ളത്. അദ്ദേഹത്തിന്റെ നാമം നമ്മുടെ രാജ്യത്തിന്റെ ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യൻ സാഹിത്യമെന്നറിയപ്പെടുന്ന സർഗ്ഗാത്മക പദ്ധതിയെ സമ്പുഷ്ടമാക്കിത്തീർത്ത വലിയ മനുഷ്യര്‍ ഈ സമ്മേളനങ്ങളിൽ ഭാഗഭാക്കായിരുന്നു.

എന്റെ പിതാവ് രഞ്ജിത് സീതാറാം പണ്ഡിറ്റ് വഴി എനിക്ക് മഹാരാഷ്ട്രയുമായി അടുത്ത ബന്ധമുണ്ടെന്നതും ഈ നിമിഷത്തെ എന്നെ വികാരാധീനയാക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ചിലത് പറയാൻ ഞാനാഗ്രഹിക്കുന്നു. അദ്ദേഹം ഒരു സംസ്ക‍ത പണ്ഡിതനായിരുന്നു. മൂന്ന് സംസ്കൃത ക്ലാസ്സിക്കുകൾ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മുദ്രാരാക്ഷസവും, കാളിദാസ കൃതിയായ ഋതുസംഹാരവും, കൽഹണന്റെ രാജതരംഗിണിയും. കശ്മീരിലെ പന്ത്രണ്ടാം ശതകത്തിലെ രാജാക്കന്മാരെപ്പറ്റി കൽഹണനെഴുതിയതാണ് രാജതരംഗിണി. അച്ഛന് കശ്മീരിനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നു. സംസ്കൃതവും കശ്മീരുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കാര്യങ്ങൾ. ബ്രിട്ടീഷ് കാലത്ത് ജയിലിൽക്കിടന്ന് അദ്ദേഹമെഴുതിയ ഈ പുസ്തകം തന്റെ അമ്മാവനായ പണ്ഡിറ്റ് മോത്തിലാൽ നെഹ്റുവിനാണ് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ ജവഹർലാൽ നെഹ്റുവാണ് പുസ്തകത്തിന് ആമുഖമെഴുതിയത്.

എന്റെ അമ്മയുമച്ഛനും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. മഹാത്മാഗാന്ധിയുടെ നിർദ്ദേശങ്ങളെ അവർ സ്വീകരിച്ചു. എന്റെ അമ്മ വിജയ് ലക്ഷ്മി പണ്ഡിറ്റ് മൂന്നു തവണയും എന്റെ അച്ഛൻ നാല് തവണയും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. നാലാമത്തെ തവണ ജയിലിൽ കിടക്കുമ്പോൾ എന്റെ അച്ഛന് മാരകമായ രോഗം പിടിപെട്ടു. അദ്ദേഹത്തിന് ബ്രിട്ടിഷ് അധികാരികൾ ചികിത്സ നിഷേഷിച്ചു. എന്നിട്ടും തന്നെ ജയിൽമോചിതനാക്കണമെന്ന് അദ്ദേഹം ബ്രിട്ടീഷുകാരോട് ആവശ്യപ്പെടുകയുണ്ടായില്ല.

ഒടുവിൽ എന്റെ അമ്മ അച്ഛന്റെ സ്ഥിതിയെക്കുറിച്ച് അറിഞ്ഞു. അവർ അച്ഛനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷ് അധികാരികൾ അനുവദിച്ചത് 20 മിനിറ്റാണ്. ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഒരു സ്ട്രച്ചറിൽ അച്ഛനെ കിടത്തിക്കൊണ്ടു വരുന്ന കാഴ്ച കണ്ട് അമ്മയുടെ നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങിയെങ്കിലും അവർ ബദ്ധപ്പെട്ട് കരച്ചിലടക്കി. അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്തിരുന്നു. ശരീരം ഏറെ ശോഷിച്ചിരുന്നു. ഭർത്താവ് താൻ കരയുന്നത് ഇഷ്ടപ്പെടില്ലെന്ന് അവർക്കറിയാമായിരുന്നു.

താൻ എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ ഔദാര്യം ചോദിച്ച് പുറത്തിറങ്ങുന്നില്ലെന്ന് അദ്ദേഹം അമ്മയോട് വിവരിച്ചു: “ഞാൻ ഗാന്ധിയെയും നെഹ്റുവിനെയും പോലുള്ള സിംഹങ്ങൾക്കൊപ്പമാണ് പോരാടുന്നത്. ഇനി ഒരു കുറുനരിയെപ്പോലെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?”

അദ്ദേഹത്തിന്റെ മനസ്സ് മാറ്റാനാകില്ലെന്ന് അമ്മയ്ക്കറിയാമായിരുന്നു. അവർ അച്ഛനരികിലിരുന്നു. അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ചു. കുട്ടികളെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞു. തോട്ടത്തിലെ പൂച്ചെടികളെക്കുറിച്ച് പറഞ്ഞു.

ഒടുവിൽ എന്റെ പിതാവിനെ ബ്രിട്ടീഷധികൃതർ ജയിൽമോചിതനാക്കി. ജയിലിൽ നിന്നിറങ്ങി മൂന്നാഴ്ചയ്ക്കു ശേഷം അദ്ദേഹം മരിച്ചു. വര്‍ഷങ്ങൾക്കിപ്പുറം, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം എന്റെ മാതാവ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി ജോലി നോക്കവെ ഒരു അത്താഴവിരുന്നിൽ വെച്ച് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ നിങ്ങളുടെ ഭർത്താവിനെ കൊന്നു. ഇല്ലേ?” അമ്മയെ ഞെട്ടിച്ച ഒരു കുറ്റസമ്മതമായിരുന്നു അത്.

നിങ്ങളിൽ ഭൂരിഭാഗം പേരും 1940കളിൽ ജനിച്ചിട്ടുണ്ടാകില്ല. നിങ്ങള്‍ ജനിച്ചു വളർന്നത് ഒരു സ്വതന്ത്രരാജ്യത്തിലാണ്. എന്റെയീ കുടുംബകഥ നിങ്ങളോട് പങ്കുവെച്ചതിന് കാരണമുണ്ട്. അക്കാലത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആണും പെണ്ണുമായ ജീവിതങ്ങളുടെ സ്ഥൈര്യവും അച്ചടക്കവും ആത്മബോധവും എന്തായിരുന്നുവെന്ന് നിങ്ങളോട് പറയണമെന്നുണ്ടായിരുന്നു. അന്ന് പോരാട്ടത്തിലേർപ്പെട്ട അറിയപ്പെടുന്നവരും അല്ലാത്തവരുമായ, ചെറുപ്പക്കാരും പ്രായമായവരുമായ ആയിരക്കണക്കിന് ഇന്ത്യാക്കാരില്‍ രണ്ടുപേർ മാത്രമാണ് എന്റെ അച്ഛനും അമ്മയും. സ്വതന്ത്ര്യദാഹികളായിരുന്നു എന്ന ഒറ്റക്കാരണത്താൽ അവർ എല്ലാത്തരത്തിലുമുള്ള ദുരിതങ്ങളിലൂടെ കടന്നുപോന്നു. അവരുടെ ജീവിതം പോരാട്ടത്തിനു വേണ്ടി നീക്കിവെച്ചു. ഞാൻ ചോദിക്കട്ടെ, നമുക്കിന്ന് സ്വാതന്ത്ര്യത്തിനായി അതേ ആവേശമുണ്ടോ? നമ്മുടെയെല്ലാം ജീവിതങ്ങൾ സ്വതന്ത്രമാകണമെന്നാഗ്രഹിച്ച് ജീവിതം തന്നെ നഷ്ടപ്പെടുത്തി പോരാടിയ ആ മനുഷ്യരുടെ പിൻഗാമികളാകാൻ അർഹതയുള്ളവരാണോ നമ്മൾ?

ഞാനീ ചോദ്യം ചോദിക്കുന്നതിനു കാരണമുണ്ട്. നമ്മുടെയെല്ലാം സ്വാതന്ത്ര്യം അപകടത്തിലാണ് എന്നതാണത്. നിങ്ങളോട് എന്തു സംസാരിക്കണമെന്ന് ഓർത്തപ്പോൾ ഇതെല്ലാമാണ് എന്റെ മനസ്സിൽ നിറഞ്ഞത്. എന്താണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നതെന്ന് നിങ്ങളോട് സംസാരിക്കണമെന്ന് എനിക്കു തോന്നി. നമ്മുടെ ജീവിതത്തിന്റെ ഓരോ അണുവിനെയും ഈ അപകടം ബാധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ എന്ത് കഴിക്കണം, ആരെ വിവാഹം കഴിക്കണം, എന്ത് ചിന്തിക്കണം, എന്തെഴുതണം, എങ്ങനെ ആരാധിക്കണമെന്നു തുടങ്ങി എല്ലാറ്റിനെയും ബാധിക്കുന്ന വിധത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തെ ചൂഴ്ന്ന് ആ അപകടം വളരുകയാണ്. വൈവിധ്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്നവർ അതിഭീകരമാംവിധം ആക്രമിക്കപ്പെടുകയാണ്…

Advertisment