Advertisment

നേമത്ത് വിരിഞ്ഞ താമര വാടാതിരിക്കാന്‍ ഇക്കുറിയാര് ? സുരേഷ് ഗോപിയെ ഇറക്കി മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി നീക്കം ! കുമ്മനം രാജശേഖരനായി ഒരു വിഭാഗം രംഗത്ത് ! എല്‍ഡിഎഫില്‍ വി ശിവന്‍കുട്ടിയും ഐപി ബിനുവും പരിഗണനയില്‍. മത്സരിച്ച ഘടകകക്ഷി മുന്നണി വിട്ടതോടെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. വിജയന്‍ തോമസും തമ്പാനൂര്‍ രവിയും സീറ്റിനായി രംഗത്ത് !

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. തദ്ദേശ തെരഞ്ഞെടുപ്പിന്റ ചൂട് ഇപ്പോള്‍ മണ്ഡലത്തിലുണ്ടെങ്കിലും ഇതിനു ചുക്കാന്‍ പിടിക്കാനെത്തിയ ചില നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തുനിന്നും മത്സരിക്കാനാണോ പദ്ധതിയിടുന്നതെന്ന സംശയമാണ് മണ്ഡലത്തിലുടനീളം ചര്‍ച്ച. പല പേരുകളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു.

സിറ്റിങ് എംഎല്‍എയായ ഒ രാജഗോപാല്‍ എന്തായാലും ഇക്കുറി മത്സരത്തിനില്ല എന്നു തന്നെയാണ് ബിജെപി ക്യാമ്പ് നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെ മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാകും ബിജെപി രംഗത്തിറക്കുക. സിനിമാ താരവും എംപിയുമായ സുരേഷ്‌ഗോപിയുടെ പേരിന് തന്നെയാണ് ബിജെപിയില്‍ മുന്‍തൂക്കം.

മത്സരത്തിനിറക്കുന്നതിന് മുന്നോടിയായി ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കാനിടയുള്ള കേന്ദ്രമന്ത്രി സഭാ വികസനത്തില്‍ സുരേഷ് ഗോപിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്ന സൂചനയും ബിജെപി വൃത്തങ്ങള്‍ നല്‍കുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്നു സുരേഷ് ഗോപി മത്സരിച്ചാല്‍ ഫലം അനുകൂലമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുവേണ്ടിയും ഒരു വിഭാഗം നേമത്തു രംഗത്തുണ്ട്. പാര്‍ട്ടി സംവീധാനം നന്നായുള്ള നേമത്ത് പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് അധ്വാനിച്ച കുമ്മനത്തിന് തന്നെ സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഇടതുമുന്നണിയുടെ പരിഗണനയില്‍ മുമ്പ് മത്സരിച്ച വി ശിവന്‍കുട്ടിക്കൊപ്പം കോര്‍പറേഷന്‍ കൗണ്‍സിലറായ ഐപി ബിനുവിന്റെ പേരുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐപി ബിനുവിന് സീറ്റ് നല്‍കിയിട്ടില്ല. ഇത് ചര്‍ച്ചയും വാര്‍ത്തയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഐപി ബിനു നേമം മണ്ഡലത്തിലെ അടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്നാണ് പ്രചാരണം. എന്നാല്‍ ശിവന്‍കുട്ടി 2011ല്‍ മത്സരിച്ച മണ്ഡലമായ നേമം അദ്ദേഹം അങ്ങനങ്ങ് വിട്ടുകൊടുക്കാനും ഇടയില്ല.

publive-image

നേമത്ത് ഇത്തവണ യുഡിഎഫില്‍ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ രണ്ട് തവണ യുഡിഎഫ് ഘടകകക്ഷിയായിരുന്ന വീരേന്ദ്രകുമാര്‍ വിഭാഗമാണ് മത്സരിച്ചത്. ഇത് കൊണ്ടാണ് യുഡിഎഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങള്‍ മത്സരിച്ചാല്‍ ഈയവസ്ഥ മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശക്തന്‍ മത്സരിച്ചപ്പോള്‍ 60,884 വോട്ട് നേടിയിരുന്നു. 2011ല്‍ എല്‍ജെഡിയുടെ ചാരുപാറ രവി മത്സരിക്കാനെത്തിയപ്പോള്‍ 20,248 വോട്ടായി അത് കുറഞ്ഞു. 2016ല്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയായിരുന്നു.

അന്നു യുഡിഎഫ് വോട്ട് കേവലം 13,860 വോട്ടായി കുത്തനെ കുറഞ്ഞു. മണ്ഡലത്തിലെ മത്സരം ബിജെപിയും എല്‍ഡിഎഫും ആയി മാറിതീര്‍ന്നിട്ടുണ്ട്. 'നേമം നന്മയുടെ നല്ലയിടം' എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണവുമായി സജീവമായ വിജയന്‍ തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയില്‍ ഉള്ളത്.

nemam constituency
Advertisment