ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ പിറന്നാള്‍ ഇങ്ങനെ ? ഹൃദയഭേദകമായ ദൃശ്യം !

പ്രകാശ് നായര്‍ മേലില
Sunday, April 29, 2018

ഉത്തരേന്ത്യയില്‍ ജനിച്ചുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തെരുവുകളിലും കുപ്പത്തൊട്ടികളിലും , കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്ന ദാരുണമായ അവസ്ഥക്ക് എന്നാണറുതിവരുക ? ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന രീതിയില്‍ ഇത് കാണാനാകില്ല . നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കാണുന്ന ഈ കുഞ്ഞിനെ പതിനഞ്ചാം തിയതി രാവിലെ തുണിയിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലുള്ള രാജേ ന്ദ്രനഗറിലെ വഴിയരുകിലുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്ലാസ്റ്റിക് മൂടിക്കെട്ടിയിരുന്നതിനാല്‍ കുഞ്ഞിനു ശ്വാസം എടുക്കാന്‍ വരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ കരച്ചില്‍ വെളിയില്‍ വന്നതുമില്ല.

നൂറുകണക്കിനാള്‍ക്കാര്‍ യാത്രചെയ്യുന്ന വഴിയരുകില്‍ ആരുമത് ശ്രദ്ധിച്ചില്ല. എന്നാല്‍ ഒരാള്‍, അതുവഴി ദേവദൂതനെപ്പോലെ വന്ന ഒരാള്‍ കുറ്റിക്കാട്ടിലെ ആ പൊതിക്കെട്ടില്‍ ഒരു ചലനം ദര്‍ശിച്ചു.

അയാള്‍ അത് സശ്രദ്ധം വീക്ഷിച്ചു.. അടുത്തുചെന്നപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ നേര്‍ത്ത ഞരക്കമായി പുറത്തു കേള്‍ക്കാമായിരുന്നു…അയാള്‍ കെട്ടു തുറന്നതും ഞെട്ടിപ്പോയി. ജനിച്ചുവീണ് അധികം നേരമാകാത്ത ഒരു കുരുന്ന്. രാവിലെ 8.20 നായിരുന്നു സംഭവം.

അയാള്‍ ഉടന്‍തന്നെ 108 ആംബുലന്‍സിനും പോലീസിലും വിവരമറിയിച്ചു. എട്ടരയ്ക്ക് പോലീസും ആംബുലന്‍സും എത്തി, കുഞ്ഞിനെ Maharaja Yeshw antrao Hospital ല്‍ എത്തിച്ചു.. അല്‍പ്പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുഞ്ഞു മരണപ്പെടുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഓക്സിജന്‍ നല്‍കിയാണ്‌ അതിന്‍റെ ജീവന്‍ രക്ഷിച്ചത്‌. ഇപ്പോള്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു കഴിഞ്ഞു. പോലീസ് കുട്ടിയുടെ അജ്ഞാതരായ മാതാപിതാക്കള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു. അതൊരു പതിവ് ചടങ്ങാണ്.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ഇന്‍ഡോറിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കും . ഇന്‍ഡോറില്‍ മാത്രം 3 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്‍ഡോര്‍ നഗരത്തില്‍ മാത്രം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട 38 കുഞ്ഞുങ്ങളാണ് ഈ അനാഥാലയങ്ങളില്‍ എത്തപ്പെട്ടത്. അതില്‍ 5 കുട്ടികള്‍ മരണമടഞ്ഞു.

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പണ്ട് നില നിന്ന സതി സമ്പ്രദായം പോലെത്തന്നെയുള്ള ഈ കൃത്യം വളരെ നിന്ദ്യവും പൈശാചികവുമാണ്.

പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അപശകുനം എന്ന് കരുതുന്ന വലിയൊരു ജനവിഭാഗം അവിടെയുണ്ട്. ഇതില്‍ മുന്നോക്ക പിന്നോക്ക വെത്യാസം ഒട്ടുമില്ല. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകള്‍ക്കുമുണ്ട് പലവിധ പീഡനങ്ങള്‍.

നവജാത ശിശുക്കളുടെ ദുരൂഹമായ മരണനിരക്കിനും കൃത്യമായി കണക്കില്ല.” ബേട്ടി ബച്ചാവോ , ബേട്ടി പടാവോ ” തുടങ്ങിയ രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ അവിടെ നടക്കുന്നുണ്ടെങ്കിലും ആളുകളുടെ മാനസികനില ഇനിയും മാറിയിട്ടില്ല.

×