Advertisment

കാൻസർ രോഗത്തെ ചെറുക്കാനുള്ള അത്ഭുത ഔഷധം, എവിടെ നട്ടാലും നല്ല വിളവ് ലഭിക്കും

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

മലയാളിക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു കിഴങ്ങുവർഗ‌വിളയാണ് മരച്ചീനി. കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ ദേശത്തിനനുസരിച്ച് പല പേരുകളും ഇതിനുണ്ട്. പണ്ട് 'പാവപ്പെട്ടവന്റെ ഭക്ഷണമെന്നാണ് അറിയപ്പെടുന്നതെങ്കിൽ ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലിലെയും പ്രധാന വിഭവമാണ്. കപ്പയുടെ ഔഷധസാദ്ധ്യതകൾ പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. സിക്കിൾസെൽ അനീമിയയ്ക്ക് (ഒരു തരം വിളർച്ചരോഗം) പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്. കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ സമർത്ഥമാണെന്ന ചില വിദഗദ്ധർ പറയുന്നുണ്ട്.

Advertisment

കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ തീരെ യോജിച്ചതല്ല.സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാൻ. വരൾച്ചയെ ചെറുക്കാനുള്ള കഴിവ് മരച്ചീനിക്കുണ്ടെങ്കിലും നട്ടയുടനെ ആവശ്യത്തിന് നനയ്ക്കുന്നത് നല്ലതാണ്. മുളപൊന്തിയതിനുശേഷം നനയുടെ ആവശ്യമില്ല. വേനൽക്കാലത്ത് മാസത്തിലൊരിക്കൽ ഒരുതവണ വീതം നനയ്ക്കുന്നത് നല്ലതാണ്

publive-image

കൃഷി രീതി

കിളച്ചോ ഉഴുതോ മണ്ണിളക്കിയാണ് നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കിയ ശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണിൽ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിറുത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോൾ തന്നെ ചേർക്കണം. രണ്ടാഴ്ച കഴിഞ്ഞ് കമ്പുകൾ മുളയ്ക്കും. കളനിയന്ത്രണം സമയാസമയങ്ങളിൽ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകൾ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം.

പ്രധാന നടീൽ സമയം

ഏപ്രിൽ - മേയ്‌, സെപ്തംബർ - ഒക്ടോബർ

ഫെബ്രുവരി – ഏപ്രിൽ - നനവുള്ള സ്ഥലങ്ങളിൽ

ഏപ്രിൽ - മേയ്‌ മാസങ്ങളിൽ നടുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.

വളപ്രയോഗം

മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകൾ കളയണം. അതിനുശേഷം വളം ചേർക്കാം. കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തിൽ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളിൽ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടിൽ നിന്നും പാൽ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേർത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോൾ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇതിൽ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും.

കീട നിയന്ത്രണം

മരച്ചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസെയ‌്ക്ക് ആണ്. വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ്. മരച്ചീനി കൃഷിയിൽ ഒരു പ്രശ്നമാകാറുള്ള ചുവന്ന മണ്ടരിയെ നിയന്ത്രിക്കുന്നതിന് 10 ദിവസം ഇടവിട്ട്‌ വെള്ളം സ്‌പ്രേ ചെയ്‌താൽ മതിയാകും. എലികളും പന്നികളും മരച്ചീനിയുടെ ശത്രുക്കളിൽ പ്രധാനിയാണ്.

വിളവെടുപ്പ്‌

ഉത്പാദനശേഷി കൂടിയ ഇനങ്ങൾ ഹെക്ടറിന് 40 – 50 ടൺ വരെ വിളവ് തരും. പ്രാദേശിക ഇനങ്ങളിൽ നിന്ന് 12 മുതൽ 14 ടൺ വരെ വിളവ് ലഭിക്കും. ഒരു ചുവട് മരച്ചീനിയിൽ നിന്ന് ചിലപ്പോൾ പത്തുകിലോയിലധികം വിളവ് ലഭിക്കും. ഒരു കിലോയ്ക്ക് ഇപ്പോൾ വില അമ്പരൂപയ്ക്ക് മുകളിലാണ് വില. ഒട്ടുമിക്കപ്പോഴും മാന്യമായ വില തന്നെ ലഭിക്കും. അതുപോലെ ആവശ്യക്കാരും കാണും.

Advertisment