Advertisment

ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' പ്രസിദ്ധീകരിച്ചു

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

Advertisment

ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം' പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുരമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അമേരിക്കയില്‍ ആദ്യമായി 2007ല്‍ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021ല്‍ കൂടുതല്‍ വസ്തുതകളും ചരിത്രവും വിവരണങ്ങളുമായി 400 പേജുകള്‍ വരുന്ന പരിഷ്കരിച്ച ഈ ചരിത്ര ഗ്രന്ഥത്തിന് 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കാരണം ഈ പുസ്തകത്തില്‍ ആധുനിക ഡിജിറ്റല്‍, ഓണ്‍ലൈന്‍, ബ്ലോഗ് ഭാഷാസാഹിത്യകാരന്മാരെയും, അവരുടെ രചനാചരിത്രങ്ങളെയും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു, കൂട്ടിച്ചേര്‍ത്തിരിക്കുന്നു

എന്നുള്ളതാണ്.

2007ല്‍ നിന്ന് 2021 വരെയുണ്ടായ ഭാഷാസാഹിത്യത്തിലെ മാറ്റങ്ങളും, പരിണാമങ്ങളും ഈ പുതിയ ചരിത്ര പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ചരിത്രങ്ങള്‍ കഴിയുന്നത്ര വിവരമായിട്ടും സത്യസന്ധമായിട്ടും കണ്ടുപിടിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്നത് വളരെ വിഷമകരമായ ഒരു ദൗത്യമാണ്.

അതിനായി ഈ രചയിതാവ് അമേരിക്കയിലെ പല വിഭാഗത്തിലുള്ള പ്രസിദ്ധീകരണക്കാരെയും എഴുത്തുകാരെയും സംഘടനാ പ്രതിനിധികളെയും, മത പ്രതിനിധികളെയും നേരില്‍ മുഖാമുഖം കാണുകയും, ഫോണ്‍വഴിയും ഇമെയില്‍ വഴിയും വിവരങ്ങള്‍ ശേഖരിച്ചതും അനേകം റഫറന്‍സ് ഗ്രന്ഥങ്ങള്‍ പരിശോധിച്ചതും ഗവേഷണങ്ങള്‍ നടത്തിയതും ജോര്‍ജ്ജ് മണ്ണിക്കരോട്ട് പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നുണ്ട്.

നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നീ ശാഖകളില്‍ അനേക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥകര്‍ത്താവിന്‍റെ ആഴത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ഈ ചരിത്രപുസ്തക രചനയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.

അനുബന്ധം ഉള്‍പ്പെടെ നാലു ഭാഗങ്ങളായിട്ടാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഭാഗം അമേരിക്കയുടെ തന്നെ ചരിത്രമാണ്. അമേരിക്കയിലെ ആദിവാസികള്‍

അമേരിക്കയുടെ കണ്ടുപിടുത്തം യൂറോപ്യന്‍ കുടിയേറ്റം, കറുത്ത വര്‍ഗ്ഗക്കാരുടെ അടിമത്വം,

കൊളോണിയലിസം, അമേരിക്കയിലെ ആഭ്യന്തരയുദ്ധങ്ങള്‍, സ്വാതന്ത്ര്യസമരം, സാമൂഹിക -

സാംസ്കാരിക- സാമ്പത്തിക വളര്‍ച്ച, ജനാധിപത്യ ഭരണമുറകളെ പറ്റിയൊക്കെ ചരിത്രകാരന്‍

ഒരു വിഹഗവീക്ഷണം നടത്തിയിരിക്കുന്നു.

തുടര്‍ന്ന് ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം, അവരുടെ അതിജീവനപോരാട്ടങ്ങള്‍, സംഘര്‍ഷങ്ങള്‍, പുതിയ അമേരിക്കന്‍ സംസ്കാരത്തോടും ആശയങ്ങളോടുമുള്ള സഹിഷ്ണുതയും അസഹിഷ്ണുതയും, ആര്‍ഷഭാരതസംസ്കാരം അമേരിക്കയിലേക്കു പറിച്ചു നടാനുള്ള അതിവ്യഗ്രതയും സമഗ്രമായി ഗ്രന്ഥകാരന്‍ തുറന്നു കാട്ടുന്നു.

രണ്ടാംഭാഗത്തു മുഖ്യമായി അമേരിക്കയില്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും

ഉയര്‍ച്ചയും വളര്‍ച്ചയും തളര്‍ച്ചയും വികാസപരിണാമങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിടുത്തെ മലയാള ഭാഷാ വിദ്യാലയങ്ങള്‍, മലയാളപഠനം ഏര്‍പ്പെടുത്തിയിരിക്കുന്ന

സര്‍വകലാശാലകള്‍, ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങള്‍, തുടങ്ങിയവയെപ്പറ്റി

വിവരിക്കുന്നു. മൂന്നാംഭാഗത്താണ് അമേരിക്കയിലെയും കാനഡയിലെയും എഴുത്തുകാരെയും

അവരുടെ രചനകളെയും പരിചയപ്പെടുത്തിയിരിക്കുന്നത്.

വായനയ്ക്കും പഠനത്തിനുമുള്ള സൗകര്യാര്‍ത്ഥം അമേരിക്കയിലെ മലയാള സാഹിത്യ ശാഖകളെ 12 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവ കവിത, ചെറുകഥ, നോവല്‍, നാടകം, ബാലസാഹിത്യം, ഹാസ്യം - നര്‍മ്മം, ഉപന്യാസം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, അനുഭവം- ആത്മകഥ- ജീവചരിത്രം, ആസ്വാദനം - നിരൂപണം, മതബോധനം - മതവിമര്‍ശനം എന്നിങ്ങനെയാണ്.

ഇതില്‍ പ്രതിപാദിക്കുന്ന പല എഴുത്തുകാരും ഒരു വിഭാഗത്തില്‍ മാത്രമല്ല വിഹരിക്കുന്നതും

എഴുതിയിരിക്കുന്നതും. അതനുസരിച്ച് അവരുടെ വിവിധ സാഹിത്യ രചനാ ശാഖയിലുള്ള

കൃതികളും പേരുകളും ഈ ചരിത്ര രചനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരും കൃതികളും ഒറ്റനോട്ടത്തില്‍ എന്ന ഒരധ്യായവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. മലയാളം പഠിച്ച അമേരിക്കന്‍ വംശജരെപ്പറ്റിയും ഒരധ്യായം ഈ പുസ്തകത്തിലുണ്ട്.

ഭാഷാസാഹിത്യ വിശാരദനും പണ്ഡിതനും ഗവേഷകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്‍റെ ഈ ചരിത്രഗ്രന്ഥത്തിന്‍റെ പ്രാഥമികമായ ഒരു പ്രസിദ്ധീകരണ റിപ്പോര്‍ട്ടു മാത്രമാണിത്. ഈ ലേഖകന്‍റെ ഒരു ആസ്വാദനമോ, നിരൂപണമോ ഒന്നുമല്ല ഇത്. ഒരു പക്ഷെ ഈ ഗ്രന്ഥം ആഴത്തില്‍ നിരൂപണം നടത്തുകയോ പഠിക്കുകയോ ചെയ്യുമ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതായ ചില എഴുത്തുകാരേയും, കൃതികളേയും ഭാഷാസാഹിത്യ റിപ്പോര്‍ട്ടറന്മാരേയും വിട്ടുപോയതായും, അര്‍ഹമായ രീതിയില്‍ പരിഗണിച്ചിട്ടില്ലായെന്നതും നിഷ്പ്രയാസം കണ്ടെത്തിയേക്കാം.

ചിലരുടെ പേരുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കാതിരിക്കുന്നതോ ഏതാനും വരികളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതോ, ചിലരുടെ ജീവചരിത്രം തന്നെ കുറിച്ചിരിക്കുന്നതോ, എന്നാല്‍ ചിലരെപ്പറ്റി പരാമര്‍ശം പോലുമില്ലാതെ ചരിത്രം വായിക്കുമ്പോള്‍ ശരിയായ ചരിത്ര നിരൂപകനു നിരാശ തോന്നിയേക്കാം. അതെല്ലാം സ്വഭാവികം മത്രം.

എങ്കിലും വളരെയധികം പഠനവും, അന്വേഷണവും ഗവേഷണവും നടത്തി മാസങ്ങളോളം

ചെലവഴിച്ച് എഴുതിയ അമേരിക്കയിലെ ആദ്യ മലയാള സാഹിത്യ ചരിത്രം അമേരിക്കയില്‍

എന്നല്ല, ലോക മലയാള വായനക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍

സംശയമില്ല.

അമേരിക്കയിലെ ഭാഷാസാഹിത്യചരിത്ര അന്വേഷണകുതകികള്‍ക്ക്, വരുംതലമുറയ്ക്ക് ഒരു ഈടുള്ള റഫറന്‍സ് ഗ്രന്ഥം കൂടിയാണീ കൃതി. ഏതായാലും, ആര് എന്ത് ചരിത്രമെഴുതിയാലും ചെറിയ ന്യൂനതകള്‍ കാണുകയാണെങ്കില്‍ അതു സ്വാഭാവികം മാത്രം എന്നു കരുതുക. തിരുവനന്തപുരത്തുള്ള 'ഏയിസ്തെറ്റിക്സ്' എന്ന പബ്ലീഷിംഗ് കമ്പനിയാണ് പുസ്തക പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്. ഈ ചരിത്രഗ്രന്ഥത്തിന്‍റെ

രചയിതാവ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡില്‍ അധിവസിക്കുന്നു. അമേരിക്കയിലെ വിവിധ സംഘടനകളില്‍ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്‍റാണ്. ധാരാളം പുരസ്കാരങ്ങളും മണ്ണിക്കരോട്ടിനെ തേടിയെത്തിയിട്ടുണ്ട്.

us news
Advertisment