Advertisment

യുക്രയിൻ യുദ്ധം സെലൻസ്കി വിളിച്ച് വരുത്തിയത്. മറ്റ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയും തങ്ങളുടെ ആയുധ കച്ചവടം കൊഴുപ്പിക്കുകയും ചെയ്യുക എന്നത് അമേരിക്കയുടെ ഒരു തന്ത്രം. അമേരിക്കയുടെ ഇതേ തന്ത്രത്തിന്റെ തുടർച്ചയാണ് ഉക്രയിൻ യുദ്ധവും - തിരുമേനി എഴുതുന്നു

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

റഷ്യ ഉക്രയിനെ ആക്രമിക്കുവാൻ ഉണ്ടായ സാഹചര്യം ഉക്രയിൻ പ്രസിഡന്റ് വ്ലാഡ് മിർ സെലൻസ്കി തന്നെ സൃഷ്ടിച്ചതാണ്. സെലൻസ്കിയുടെ രാജ്യാന്തര നയതന്ത്രഞ്ജതയിൽ ഉണ്ടായ അക്ഷന്തവ്യമായ പാളിച്ചയാണ് ഈ യുദ്ധത്തിന് കാരണം. ലോകത്ത് ഒരിക്കലും പൂർണ സമാധാനം ഉണ്ടാകരുതെന്ന് നിർബ്ബന്ധമുള്ള രാജ്യമാണ് അമേരിക്ക . അമേരിക്കയുടെ സാമ്പത്തിക രംഗത്തും പ്രതിരോധ രംഗത്തും ഉള്ള മേൽക്കൈ അവരെ ലോക പോലീസാകാൻ പ്രേരിപ്പിക്കുന്നു.

ലോകത്തിന്റെ മർമ്മപ്രധാനമായ എല്ലാ മേഖലകളിലും അവർക്ക് സ്ഥാപിത താൽപര്യങ്ങൾ ഉണ്ട്. മറ്റ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയും തങ്ങളുടെ ആയുധ കച്ചവടം കൊഴുപ്പിക്കുകയും ചെയ്യുക എന്നത് അമേരിക്കയുടെ തന്ത്രമാണ്. വിയറ്റ്നാമിൽ ഉണ്ടായ തിരിച്ചടി കൊണ്ടോ അഫ്ഗാനിസ്ഥാനിലെ തിരിച്ചടി കൊണ്ടോ അമേരിക്ക പാഠം പഠിച്ചില്ല. അമേരിക്കയുടെ ഇതേ തന്ത്രത്തിന്റെ തുടർച്ചയാണ് ഉക്രയിൻ യുദ്ധത്തിലും നാം കാണുന്നത്.

അമേരിക്കയുടെ ഈ തന്ത്രം ഒരുക്കിയ കെണിയിൽ വീണിരിക്കുകയാണ് സെലൻ സ്കി. ലോക യുദ്ധങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഉക്രയിൻ ഉൾപ്പെടുന്ന സമതലപ്രദേശം വളരെയധികം പ്രാധാന്യമുള്ളതാണ്. നെപ്പോളിയൻ നടത്തിയ യുദ്ധങ്ങളിലും ലോക മഹായുദ്ധങ്ങളിലും ജയാപജയങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്തിയ മേഖലയാണ് ഇത്. റഷ്യയെ സംബന്ധിച്ച് ഈ യുദ്ധം എന്ത് കൊണ്ട് അനിവാര്യമായി? ഇവിടെയാണ് അമേരിക്കയുടെ സ്ഥാപിത താൽപര്യത്തിന്റെ മൂടുപടം അഴിഞ്ഞ് വീഴുന്ന കാഴ്ച നാം കാണുന്നത്.

1991 ൽ ആണ് സോവിയറ്റ് യൂണിയൻ തകർന്ന് ഛിന്നഭിന്നമായി ചെറിയ രാജ്യങ്ങളായി മാറുന്നത്. ഇവയിൽ റഷ്യ ഏറ്റവും വലിയ രാജ്യമായി നിലകൊണ്ടു. റഷ്യയോട് ചേർന്ന് കിടക്കുന്ന ഉക്രയിനിൽ ഉണ്ടായിരുന്ന ആണവ ആയുധങ്ങൾ റഷ്യ തിരികെ വാങ്ങി. ചെറിയ രാജ്യമായ ഉക്രയിനിന്റെ കൈയ്യിൽ ആണവായുധം ഇരുന്നാൽ ഉണ്ടാകാവുന്ന അപകടം മനസ്സിലാക്കിയായിരുന്നു ഇത്. എങ്കിൽ തന്നെയും റഷ്യയോട് ആഭിമുഖ്യമുള്ള ഭരണകൂടമായിരുന്നു ഉക്രയിനിൽ ഉണ്ടായിരുന്നത്.

റഷ്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായി ഉക്രയിൻ വളരെ പ്രധാനമാണ്. കാരണം ഉക്രയിനിൽ നിന്ന് റഷ്യയെ വളരെ എളുപ്പം ആക്രമിക്കാം. ഇത് എന്നും റഷ്യക്ക് തലവേദനയാണ്. അത്കൊണ്ട് തന്നെ ഉക്രയിനിലെ ഭരണകൂടത്തിന്റെ ചായ്‌വ് റഷ്യയെ സംബന്ധിച്ച് പ്രധാനമാണ്. ഉക്രയിനിൽ നിഷ്പക്ഷ സ്വഭാവമുള്ള ഭരണകൂടം വേണം എന്ന് റഷ്യ ആവശ്യപ്പെടുന്നത് ഇത് കൊണ്ടാണ്. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ നാറ്റോയുടെ കടന്ന് കയറ്റത്തെക്കുറിച്ചും ഉടമ്പടി ഉണ്ടാക്കിയിരുന്നു.

നാറ്റോ കൂടുതലായി ഈ മേഖലയിലേക്ക് കടന്ന് കയറാൻ പാടില്ല എന്ന ഉടമ്പടിയിൽ അമേരിക്കയും സഖ്യകക്ഷികളും ഒപ്പ് വച്ചിരുന്നു. എന്നാൽ റഷ്യയിൽ വ്ലാദ് മിർ പുടിൻ അധികാരത്തിൽ എത്തുകയും റഷ്യ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരെ പെട്ടന്ന് വളർന്ന് വരികയും ചെയ്തത് അമേരിക്കയുടെ പ്രതീക്ഷക്ക് അപ്പുറത്തായിരുന്നു. റഷ്യയെ വീഴ്ത്താൻ ഉക്രയിനിൽ തങ്ങൾക്ക് താൽപരമുള്ള ഒരു ഭരണകൂടത്തെ കൊണ്ടുവരിക യാണ് വേണ്ടത് എന്ന അമേരിക്കൻ കുതന്ത്രം വിജയിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്.

റഷ്യയോട് ആഭിമുഖ്യമുണ്ടായിരുന്ന ഭരണകൂടത്തെ അട്ടിമറിച്ച് ഉക്രയിനിൽ സെലൻസ്കിയെ അധികാരത്തിൽ കൊണ്ടുവന്ന അമേരിക്കയുടെ ഹീനമായ കുതന്ത്രത്തിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ യുദ്ധം. ഉക്രയിനിനെ നാറ്റോയിൽ അംഗമാക്കുകയും അവിടെ അമേരിക്കയുടെ മിലിട്ടറി ബേസ് ഉണ്ടാക്കുകയും എന്നതായിരുന്നു അമേരിക്കയുടെ തന്ത്രം. ഉക്രയിനിൽ നിന്ന് മിസൈൽ തൊടുത്താൽ വെറും നാലര മിനിറ്റ് കൊണ്ട് മോസ്ക്കോ തകർക്കാം എന്ന അമേരിക്കൻ മോഹത്തിനാണ് ഈ യുദ്ധത്തിലൂടെ റഷ്യ മറുപടി നൽകിയിരിക്കുന്നത്.

റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപിന്റേയും സ്വയരക്ഷയുടേയും പ്രശ്നമാണ്. ഇത്തരം സാഹചര്യത്തിൽ റഷ്യയ്ക്കെന്നല്ല ഒരു രാജ്യത്തിനും ഇതല്ലാതെ മറ്റ് മാർഗമൊന്നുമില്ല. അതായത് റഷ്യയെ ഈ യുദ്ധത്തിലേക്ക് അമേരിക്ക എത്തിക്കുകയായിരുന്നു. ഇനി ഈ മേഖലയിലെ അസമാധാനം അമേരിക്കയും സഖ്യകക്ഷികളും വരുംകാലങ്ങളിൽ മുതലെടുക്കും. റഷ്യയെ സംബന്ധിച്ച് ഉക്രയിൻ പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇനി മുമ്പിൽ ഉള്ളു.

ഭാരതത്തെ സംബന്ധിച്ച് നമ്മുടെ ആപത്ഘട്ടങ്ങളിലെല്ലാം റഷ്യയാണ് നമ്മോടൊപ്പം നിന്നിട്ടുള്ളത്.

1971 ൽ ഇന്ത്യ ഇതേ സാഹചര്യം നേരിട്ടപ്പോൾ പാകിസ്താനെ തോൽപിക്കുവാൻ അന്ന് സോവിയറ്റ് യൂണിയനാണ് നമ്മെ സഹായിച്ചത്. നമുക്ക് ഏറ്റവും കൂടുതൽ ആയുധം നൽകുന്നത് ഇപ്പോൾ റഷ്യയാണ്. അത് കൊണ്ട് തന്നെ ഇന്ന് റഷ്യയെ തള്ളിപ്പറയാൻ നമുക്ക് സാധ്യമല്ല. സെലൻസ്കിയെ യുദ്ധത്തിലേക്ക് തള്ളിവിട്ടിട്ട് ഇപ്പോൾ അമേരിക്ക ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്. ഒരു യുദ്ധത്തിലേക്ക് തള്ളിവിട്ട് റഷ്യയുടെ സാമ്പത്തിക രംഗം തകർക്കുക എന്ന ഗൂഢമായ ഉദ്ദേശവും അമേരിക്ക് ഉണ്ട്.

Advertisment