വിശ്വപ്രസിദ്ധമാണ് ഉത്തരേന്ത്യയിലെ ഹോളി ആഘോഷങ്ങൾ. നിറങ്ങളുടെ ഇത്സവം എന്നാണിതറിയ പ്പെടുന്നത്. ഹോളിദിനത്തിൽ വിവിധതരം നിറങ്ങൾ പരസ്പ്പരം മുഖത്തും ശരീരത്തും പുരട്ടിയാണ് ആഘോഷം തിമിർക്കുന്നത്.
പുതുവസ്ത്രങ്ങളണിഞ്ഞ് നൃത്തവും പാട്ടും വാദ്യഘോഷങ്ങളുടെയും അകമ്പടിയിടെ അബലവൃന്ദം ഓരോ ഭവനങ്ങളിലും സന്ദർശനം നടത്തി മധുരപലഹാരം നൽകി സൗഹൃദം പുതുക്കുന്ന ദിനം കൂടിയാണ് ഹോളി.
എന്നാൽ വളരെ വേറിട്ട ഒരു ഹോളിയാഘോഷം ഉത്തർപ്രദേശിൽ നടക്കുന്നുണ്ട്. അതാണ് ഇന്നിവിടെ പ്രതിപാദിക്കുന്നത്. അതാണ് "ലട്ട്മാർ ഹോളി". സാധാരണ ഹോളി ആഘോഷം പോലെയല്ല ലട്ട്മാർ (Lathmar)ഹോളി ആഘോഷിക്കുന്നത്. ഇത് വളരെ കൗതുകകരമാണ്.
ഒരു ചെറിയ കുട്ട തലയ്ക്കുമുകളിൽ പിടിച്ച് പുരുഷന്മാർ നിലത്തിരിക്കും. ചുറ്റും നിരന്നുനിൽക്കുന്ന സ്ത്രീകൾ പച്ച ക്കരിമ്പ് ,അധികം കനമില്ലാത്ത മറ്റു തടികൾ എന്നിവയുപയോഗിച്ച് പുരുഷന്മാരെ പ്രഹരിക്കുന്നു.
അടികൊള്ളാതിരിക്കാൻ അവർ കുട്ടയ്ക്കുള്ളിലേക്ക് ചുരുങ്ങുന്നു. ചുറ്റും കൂടുന്ന ആയിരങ്ങൾ പലനിറങ്ങളിലുള്ള വർണ്ണപ്പൊടികൾ വാരിവിതറി അന്തരീക്ഷമാകെ വർണ്ണാഭമാക്കുന്നു.
വളരെ കൗതുകകരവും മനോഹരവുമായ ഈ ലട്ട്മാർ ഹോളിആഘോഷം ഉത്തർപ്രദേശിലെ ശ്രീകൃഷ്ണ നഗരി എന്നറിയപ്പെടുന്ന മഥുരയിലും അതോടുചേർന്ന ഗ്രാമങ്ങളിലുമാണ് ആഘോഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും ബർസാന (Barsana നന്ദ്ഗാവ് (Nandgaon) എന്നീ പട്ടണങ്ങളിലാണ് ആഘോഷത്തിന്റെ പ്രധാന കേന്ദ്രം.
ലട്ട്മാർ ഹോളി ആഘോഷം മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ഹോളി ആഘോഷത്തിന് ഒരാഴ്ചമുമ്പ് തന്നെ ആരംഭിക്കുന്നു. ഉദാഹരണം ഈ വർഷത്തെ ഹോളി മാർച്ച് 18 നാണ് ആഘോഷിക്കുക. എന്നാൽ ലട്ട്മാർ ഹോളി മാർച്ച് 11 നുതന്നെ ആരംഭിച്ചുകഴിഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ലട്ട്മാർ ഹോളി ആഘോഷങ്ങൾ ഹോളിദിവസമാണ് സമാപിക്കുക. ശ്രീകൃഷ്ണ - രാധ പ്രണയമാണ് ഈ ലട്ട്മാർ ഹോളിആഘോഷത്തിൻ്റെ മൂലമന്ത്രം. എല്ലാം മറന്ന് സ്ത്രീകളും പുരുഷന്മാരും കൃഷ്ണനും രാധയുമായി മാറപ്പെടുന്നു. അതുകൊണ്ടുതന്നെ ബർസാനയിലാണ് ഈ ആഘോഷം കൂടുതൽ ആകർഷകമാകുന്നത്.
ലട്ട്മാർ ഹോളിയുമായി ബന്ധപ്പെട്ട ഐതീഹ്യം ഇപ്രകാരമാണ്. ശ്രീകൃഷ്‌ണൻ മഥുര വിട്ട് ദ്വാരകയിൽ പോയശേഷം വീണ്ടും ഒരിക്കൽ മഥുരയിൽ മടങ്ങിയെത്തി. അന്ന് കൃഷ്ണൻ രാധയുടെ ജന്മഗ്രാമമായ ബർസാനയിലെത്തിയ സമയം ഹോളി ആഘോഷമായിരുന്നു.
ശ്രീകൃഷ്‌ണൻ തന്നെ വിട്ടുപോകരുതെന്ന അതിയായ ആഗ്രഹം രാധയ്ക്കുണ്ടാ യിരുന്നു. കൃഷ്ണന്റെ വരവറിഞ്ഞ് സഖിമാരുമായെത്തിയ രാധ ശ്രീകൃഷ്‌ണനോടുള്ള പരിഭവം തീർക്കാർ ഇതുപോലെ ലട്ട്മാർ ഹോളി ആഘോഷിച്ചു എന്നാണ് ഐതീഹ്യം.
ലട്ട്മാർ ഹോളി ആഘോഷങ്ങളിൽ കൃഷ്‌ണന്റെ ജന്മ ഗ്രാമമായ നന്ദ്ഗാവിൽ നിന്നുള്ള യുവാക്കളാണ് ശ്രീകൃഷ്ണവേഷധാരികളായി കുട്ടയും ശിരസ്സിൽ പിടിച്ച് പ്രഹരമേൽക്കാൻ തയ്യറാകുന്നത്. രാധയുടെ ജന്മ നാടായ ബർസാനയിലെ ഗോപികമാരാണ് രാധയുടെ വേഷഭൂഷാദികളുമായി പച്ചക്കരുമ്പും കയ്യിലേന്തി പ്രഹരമേല്പിക്കാൻ എത്തുന്നത്.
സ്ത്രീകൾ വർണ്ണാഭമായ വസ്ത്രങ്ങളും പുരുഷന്മാർ ധോത്തിയും പ്രത്യേകതരം ഷർട്ടും ധരിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുക്കുക. ഈ ഉത്സവലഹരി മഥുരയിലും പരിസരപ്രദേശങ്ങളിലും ഒരാഴ്ച നീണ്ടുനിൽക്കും. 'ലട്ട്' എന്നാൽ വടി എന്നാണർത്ഥം 'മാർ' എന്നാൽ പ്രഹരവും അതാണ് വടികൊണ്ടുള്ള പ്രഹരം.
സൂര്യാസ്തമയം വരെ നീളുന്ന ആഘോഷങ്ങളിൽ പാട്ടും നൃത്തവും പ്രധാനഘടകമാണ്. കൃഷ്ണനും രാധയ്ക്കും ജയ്‌വിളികളോടെയാണ് ലട്ട്മാർ ഹോളി ആഘോഷാങ്ങൾക്ക് തിരശീല വീഴുക.