Advertisment

ജാപ്പനീസ് വാഹനഭീമൻ നിസാൻ പടിയിറങ്ങുന്നു

New Update

ഷ്യൻ വാഹന വിപണിയിൽ നിന്ന് പിന്മാറാൻ ജാപ്പനീസ് വാഹന ഭീമനായ നിസാൻ തീരുമാനിച്ചു. 687 മില്യണ്‍ ഡോളറിന്‍റെ നഷ്‍ടത്തില്‍ റഷ്യയിലെ തങ്ങളുടെ ബിസിനസ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൈമാറാൻ വാഹന നിർമ്മാതാവ് തീരുമാനിച്ചുവെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

രാജ്യത്തെ ഉൽപ്പാദനം നിർത്തിവയ്ക്കാൻ കമ്പനി നിർബന്ധിതരായതിനെത്തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.  ഇതോടെ , ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയിൻ ആക്രമിച്ചതിനുശേഷം റഷ്യയിൽ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ പ്രധാന വാഹന കമ്പനിയായി നിസാൻ മാറി.  റഷ്യയിലെ വാഹന നിർമാണം സ്ഥിരമായി നിർത്താൻ മറ്റൊരു ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട അടുത്തിടെ തീരുമാനിച്ചിരുന്നു. റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യത്തിന്റെ കുടക്കീഴിലുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് കാർ ബ്രാൻഡായ മിത്സുബിഷിയും റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

 

ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി, സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ഉൽപ്പാദന കേന്ദ്രം ഉൾപ്പെടെ റഷ്യയിലെ പ്രവർത്തനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നിസാൻ കൈമാറും. സഖ്യ പങ്കാളിയായ റെനോയുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിസാന്റെ നീക്കവും. റഷ്യൻ കാർ നിർമ്മാതാക്കളായ അവ്തോവാസിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഈ വർഷം മെയ് മാസത്തിൽ ഒരു റഷ്യൻ നിക്ഷേപകന് വിറ്റിരുന്നു. റഷ്യ-ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വാഹന നിര്‍മ്മാതാക്കളുടെ ഈ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്പോൺസർ ചെയ്യുന്നു എന്നാരോപിച്ച് ഉക്രേനിയൻ നേതാക്കൾ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‍തതിനെ തുടർന്നാണ് ഈ തീരുമാനം എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.  റഷ്യന്‍ വാഹന ഭീമനായ അവ്തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിർമ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകൾ നിർമ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാർ ബ്രാൻഡ് കൂടിയാണ്. റെനോയുടെ അഭിപ്രായത്തിൽ , റഷ്യൻ വിപണിയുടെ ഏകദേശം 21 ശതമാനവും ലഡ കാറുകളാണ്. അവ്തൊവാസ് റെനോയുടെ 68 ശതമാനം ഉടമസ്ഥതയിലുള്ളതാണ്. റെനോയുടെ വരുമാനത്തിന്റെ 10 ശതമാനത്തിന് റഷ്യയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍.

അതേസമയം റഷ്യ-ഉക്രെയ്ൻ യുദ്ധം സൃഷ്‍ടിച്ച വൻ വിതരണ ശൃംഖല തടസ്സപ്പെട്ടതിനെത്തുടർന്ന് ഈ വർഷം മാർച്ചിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് പ്ലാന്റിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ നിസ്സാൻ നിർത്തിവച്ചിരുന്നു. അന്നുമുതൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് കമ്പനി. എന്നാൽ ബാഹ്യ പരിതസ്ഥിതിയിൽ ഒരു മാറ്റവും കാണുന്നില്ല എന്നതും ഇത് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ നിസാനെ പ്രേരിപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ഒരു പ്രധാന വിപണി വിടുകയും ഈ പ്രക്രിയയിൽ ഇത്രയും വലിയ തുക കമ്പനി നഷ്‍ടപ്പെടുത്തുകയും ചെയ്‍തു എന്നതും ആശ്ചര്യജനകമാണെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ഫെബ്രുവരി 24 ന് റഷ്യയുടെ ഉക്രെയിനിലെ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ , വോൾവോ , ഹോണ്ട, പോർഷെ , ഹ്യുണ്ടായ് തുടങ്ങിയ കാർ നിർമ്മാതാക്കള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഉക്രെയ്‌നിലെ  ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹായം നൽകാൻ ഉദ്ദേശിക്കുന്നതായി ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോർഗിനി പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന് തുക നേരിട്ട് കൈമാറുമെന്ന് ലംബോർഗിനി അറിയിച്ചത്. പോർഷെ, ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, സ്റ്റെല്ലാന്റിസ്, നിസാൻ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

സംഘർഷത്തെത്തുടർന്ന്, പല ആഡംബര വാഹന നിർമ്മാതാക്കളും റഷ്യയിൽ ബിസിനസ് നിർത്തിവച്ചിരിക്കുകയാണ്. ഫോക്‌സ്‌വാഗൺ , പോർഷെ , നിസാൻ തുടങ്ങിയ വാഹന നിർമ്മാതാക്കളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. നിസാൻ 2.5 മില്യൺ യൂറോയുടെ ഒരു ഫണ്ട് പ്രഖ്യാപിച്ചിരുന്നു. റെഡ് ക്രോസിനും മറ്റൊരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഫണ്ട് വഴി ഒരു മില്യൺ യൂറോ സംഭാവന ചെയ്യുമെന്നും നിസാന്‍ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ഈ ഫണ്ട് സഹായിക്കും എന്ന് നിസാന്‍ പറഞ്ഞിരുന്നു.

ഈ വർഷം ആദ്യം റഷ്യ ഉക്രെയിൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയുടെ വാഹന വിപണി മാന്ദ്യത്തിലാണ്. ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാറുകളുടെ വിതരണത്തിൽ 80 ശതമാനത്തിലധികം ഇടിവുണ്ടായി. ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ,  റെനോയുടെ ബിസിനസ് ഏറ്റെടുത്ത അവ്‍തോവാസ്, പാശ്ചാത്യ, ജാപ്പനീസ് ബ്രാൻഡുകളുടെ ശൂന്യത നികത്തിയ ചൈനീസ് കമ്പനികൾക്കൊപ്പം കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയുടെ വിഹിതം വർദ്ധിപ്പിച്ചിരുന്നു. അതേസമയം, ഫ്രഞ്ച് ഓട്ടോ ഭീമന്റെ പുതിയ ഇലക്ട്രിക് വാഹന സംരംഭത്തിൽ നിക്ഷേപം നടത്തുന്നത് ഉൾപ്പെടെ, തങ്ങളുടെ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് റെനോയും നിസാനും ഇപ്പോൾ ചർച്ചയിലാണ്.

Advertisment