Advertisment

കാറുകൾക്ക് വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ടാറ്റ മോട്ടോഴ്സ്

author-image
ടെക് ഡസ്ക്
New Update
നി ടാറ്റ കാറുകൾ വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരും. കാറുകൾക്ക് വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്സ്. ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ), ഇലക്ട്രിക് മോഡലുകൾ എന്നിവയടങ്ങുന്ന പാസഞ്ചർ വെഹിക്കിൾ ലൈനപ്പിലെ എല്ലാ വാഹങ്ങൾക്കും വില വർധിപ്പിക്കാനാണ് ടാറ്റയുടെ നീക്കം.
publive-image
ടാറ്റ മോട്ടോഴ്‌സ് എല്ലാ മോഡലുകൾക്കും വേരിയന്റുകൾക്കും വില വർധിപ്പിക്കുമെന്നും ശരാശരി 0.6 ശതമാനം വരെ വിലവർധനവ് ഉണ്ടാകുമെന്നും കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്. ജൂലൈ 17 മുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. വാഹനം ഉത്പാദിപ്പിക്കാനുള്ള ചിലവിലുണ്ടായ വർധനവ് കാരണം വലിയ തിരിച്ചടിയാണ് കമ്പനികൾക്ക് ഉണ്ടായിട്ടുള്ളത്. ഇത് നികത്താനായിട്ടാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളൊരു പുതിയ ടാറ്റ കാർ വാങ്ങണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ജൂലൈ 16ന് മുമ്പ് വാഹനങ്ങൾ ബുക്ക് ചെയ്യുകയും ജൂലൈ 31നകം ഡെലിവറി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ആളുകൾക്ക് നിലവിലുള്ള വിലയിൽ തന്നെ വാഹനം സ്വന്തമാക്കാൻ സാധിക്കും. ജൂലൈ 17ന് ശേഷം പുതുക്കിയ വിലയിൽ ആയിരിക്കും ടാറ്റയുടെ കാറുകൾ വിൽപ്പന നടത്തുന്നത്. ടിയാഗോ മുതൽ ഹാരിയറും സഫാരിയും അടക്കമുള്ള വാഹനങ്ങൾക്കെല്ലാം ടാറ്റ വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
വിൽപ്പനയിൽ വളർച്ചടാറ്റ മോട്ടോഴ്‌സിന് മെയ് മാസത്തെ വിൽപ്പന കണക്കുകൾ അനുസരിച്ച് മൊത്തം ആഭ്യന്തര വിൽപ്പനയിൽ വാർഷിക വളർച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വിറ്റഴിച്ച 79,606 യൂണിറ്റുകളുമായി താരതമ്യെ ചെയ്താൽ ഈ വർഷം മെയ് മാസത്തിൽ 80,383 യൂണിറ്റുകൾ വിൽപ്പന നടത്താൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ജൂലൈ 17 മുതൽ വില വർധിപ്പിക്കുന്നത് ഈ വിൽപ്പന കുറയ്ക്കുമോ എന്ന സംശയവും ഉയർന്ന് വരുന്നുണ്ട്. എല്ലാ വാഹന നിർമ്മാതാക്കളും ഉത്പാദനച്ചിലവ് വർധിച്ചതിനാൽ വാഹനങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയിൽ അഞ്ച് ശതമാനം വർധനവ് നേടാനായിട്ടുണ്ട്. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ 45,197 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ ഈ വർഷം മെയ് മാസം 47,235 യൂണിറ്റ് വിൽപ്പന നടത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സ് പ്രധാന നേട്ടം സ്വന്തമാക്കി. ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പനയായ 19,346 യൂണിറ്റുകൾ എന്ന നേട്ടമാണ് ടാറ്റ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ കണക്കുകളിൽ നിന്നും 105 ശതമാനം വളർച്ചയാണ് ടാറ്റ നേടിയിരിക്കുന്നത്.
വാഹനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച് വരുന്നതിനാൽ തന്നെ ഉത്പാദനം വിപുലീകരിക്കാനും ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നുണ്ട്. ഫോർഡിൽ നിന്ന് ഏറ്റെടുത്ത ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിൽ പ്രതിവർഷം 300,000 വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും. ഇത് കാലക്രമേണ 420,000 യൂണിറ്റായി ഉയർത്താനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. ഈ ഫോർഡ് പ്ലാന്റിലേക്ക് 600ൽ അധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടും ഉണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 227 ഔട്ട്‌ലെറ്റുകൾ കൂട്ടിച്ചേർത്ത് രാജ്യത്ത് മൊത്തം 1,410 ഔട്ട്ലെറ്റുകളാക്കിയിട്ടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കമ്പനിക്ക് വിൽപ്പന വർധിപ്പിക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Advertisment