Advertisment

സായൂജ്യം (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

ഭൂമിയിൽ

വാഴ്‌വിന്റെ

കോടാനുകോടി

സ്പന്ദനങ്ങൾക്കുമാധാരമാം

ജലത്തോട്

ഈശ്വരനലസമായൊരിക്കൽ

ചോദിച്ചു

ഉലകിൽ നിന്റെ

വിവിധസ്വരൂപങ്ങളിൽ

ഏതായിരിക്കെയറിയുന്നു നീ

പരമമാം ധന്യത?

വൻകരകളൊന്നാകെ

ഭയഭക്ത്യാദരവോടെ

തൊഴുതു നിൽക്കും

കടലായിരിക്കെയോ?

പ്രപഞ്ചവേദിയിൽ

അതിഗംഭീര നടനമാടി

ലോകരെ കോരിത്തരിപ്പിക്കും

പുഴയായിരിക്കെയോ?

ചുട്ടുപഴുത്ത

മണലാരണ്യങ്ങൾക്ക് നടുവിലെ

മരുപ്പച്ചതൻ നനവായിരിക്കെയോ?

ഉന്നതരായ കൊടുമുടികളെ

ആദരിക്കുവാൻ വിശ്വമണിയിച്ച

വിശിഷ്ടമാമാടകൾപോലെ മേവും

ഹിമമായിരിക്കെയോ?

ചോദ്യം കേൾക്കെ

തെല്ലു മടിച്ച്

ജലം നിഷ്കളങ്കമായ്

മൊഴിഞ്ഞു മെല്ലെ

ഇവയേതുമായിരിക്കെയല്ല പ്രഭോ

ആരാലും കാണപ്പെടാതെ

ചേമ്പിലക്കുമ്പിളിൻ ശയ്യമേൽ

സ്വയം മറന്നിളവേൽക്കുമൊരു

ചെറുതുള്ളിയായിരിക്കെയാണെന്റെ

സായുജ്യം.

Advertisment