Advertisment

അങ്ങാടിക്കാര്യം അടുക്കളപ്പാട്ട്... (കഥ)

author-image
nidheesh kumar
New Update

publive-image

Advertisment

"ഇതെന്നാ പറ്റി..! ഇതെന്നാ ഇരിപ്പാ..! ഇതെന്നാ ആരും ഒന്നുംമിണ്ടാത്തെ..?" അടുക്കളയിൽ നിന്നും ഇടികുഴിയിലേയ്ക്ക് ഇറങ്ങി വന്ന് ജാൻസി മറിയാമ്മയോടും കൂട്ടുകാരികളോടുമായി തെല്ലതിശയത്തോടെ ചോദിച്ചു.

സാധാരണ, ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഇടികുഴിയിൽ പൊട്ടിച്ചിരികളും തമാശകളും അലതല്ലും. മറിയാമ്മയും കൂട്ടുകാരികളും ഒന്നിച്ച് കൂടിയാൽ പിന്നെ കുട്ടികളെപ്പോലെയാകും. ആശാൻ കളരിയിൽ പഠിച്ച കാലം തൊട്ട് ഇന്ന് രാവിലെ വരെയുള്ള കാര്യങ്ങൾ ഓർത്തും പറഞ്ഞും കളിയാക്കിയും കൂട്ടുകാരികളെല്ലാവരും കൂടി ഒരു അരങ്ങാക്കും. ഇന്ന് ആർക്കും ഒരു മിണ്ടാട്ടമില്ല.

" ഓ... എന്നാ മിണ്ടാനാ ജാൻസീ..! ഓരോന്ന് കേട്ടിട്ട് തലമരച്ചിരിയ്ക്കുവാ.!" കൊച്ച്.

" എന്നാ..പറ്റി..ചേച്ചീ..?"

" ആ അസുരൻ, പിള്ളേരെ കൊണ്ടുപോയി കൊന്ന വിവരം അറിഞ്ഞേപ്പിന്നെ ഒരു മനഃസ്സമാധാനോം ഇല്ല. നമ്മള് അറിയേം കേക്കേം ഇല്ലേലും നമ്മളും മനുഷേരല്ലേ ജാൻസീ..! ഇവന്റെ ഒക്കെ ഒടുക്കത്തെ വണ്ടി ഓടീര്..! പോലീസ്കാര് പിടിച്ചോണ്ട് വരുമ്പോഴും ഒരു കൂസലും ഇല്ല ആ ഡ്രൈവർക്ക്. ഒന്നും സംഭവിയ്ക്കാത്തപോലെയല്ലേ അവന് നിൽക്കുന്നത്.!" കൊച്ച്.

" ഏത് അസുരന്റെ കാര്യമാ ചേച്ചീ.?" ജാൻസി.

"എടീ...മുളന്തുരുത്തീലെ ഒരു സ്കൂളീന്ന് പിള്ളേരേം കൊണ്ട് ടൂർ പോകുന്നവഴി വടക്കാഞ്ചേരിയിൽ വച്ച് ആ ടൂറിസ്റ്റ് ബസ് കൊണ്ടെ ഒരു കെഎസ്ആർടിസി ബസിന്റെ പുറകിലിടിപ്പിച്ച് ഏഴ് പിള്ളേരേം ബസ്സിലെ രണ്ട് യാത്രക്കാരെയും കൊന്നില്ലേ..! ആ കാര്യമാ." കൊച്ച്.

" അപ്പോ അസുരനോ.?" ജാൻസി.

" ഓ..അതാ ബസ്സിന്റെ പേരാന്നേ.! ബസിനും ചായക്കടയ്ക്കും തട്ടുകടയ്ക്കും ഒരുമാതിരി പേരിടുന്നത് ഇപ്പൊ ഒരു ഫാഷനല്ലേ..! അപകടം ഉണ്ടാക്കിയ ബസ്സിന്റെ പേര് ശരിയ്ക്കും ആ ബസ്സിന് പറ്റിയ പേര് തന്നെ ആയിരുന്നു..! അതല്ലന്നേ..! പോലീസ്കാര് അവനെ പിടിച്ചോണ്ട് അപകടസ്ഥലത്ത് കൊണ്ടുവന്നപ്പോൾ അങ്ങനെ ഒരപകടം ഉണ്ടാക്കിയതിന്റെ കുറ്റബോധം പോലും അവന്റെ മുഖത്ത് കാണാനില്ലെന്ന് പറഞ്ഞതാ." കൊച്ച്.

"ബോധം ഉണ്ടായിട്ട് വേണ്ടേ കുറ്റബോധമുണ്ടാവാൻ" മറിയാമ്മ ഇടയ്ക്ക് കയറി.

" ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിഡ്ഢികൾ ഈ ഡ്രൈവർമാരാണ്. അത് ഓട്ടോക്കാരനായാലും ടാക്സിക്കാരനായാലും ടോറസ് ഓടിയ്ക്കുന്നവനായാലും കണക്കാ.! തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും വിവരമെന്ന ഒരു സാധനമില്ല." ഏലിയാമ്മ.

"അതെന്നാടീ..!" ഇന്ദു.

"അത് മനസ്സിലാക്കാൻ റോഡിലേക്ക് ഒന്നിറങ്ങി നോക്ക്. ബസ്സ്, ഓട്ടോ, ടാങ്കർ ലോറി, അവന്മാരുടെ അഭ്യാസം കാണാം.! സൂപ്പർഫാസ്റ്റിനെ ഓവർടേക്ക് ചെയ്യാൻ പായുന്ന ഓട്ടോയും, കുറെ ആളുകളുടെ ജീവൻ കൈയിലെടുത്ത് പായുന്ന സ്വകാര്യ ബസ്സുകളും, ടിപ്പർ ലോറികളും..! ഏലിയാമ്മ.

" ശരിയാ.." കൊച്ച്.

" ആ ഒരു ഷോക്ക് മാറുന്നേന് മുമ്പെ ആണ്ടെകെട നരബലി." കൊച്ച്

" വിശ്വസിയ്ക്കാൻ പറ്റുന്നില്ല ഇപ്പോഴും. വിറച്ചുപോയി. എന്നാലും മനുഷേനെ കൊന്ന് കറിവെച്ച് കഴിച്ചെന്ന് ഒക്കെ കേട്ടിട്ട് മിണ്ടാൻ പറ്റുന്നില്ല." ഇന്ദിര

" പണ്ട് ഈദി അമീൻ മനുഷ്യനെ കൊന്ന് തിന്നുമായിരുന്നു എന്ന് കേട്ടിട്ടില്ലേ..!" സാവിത്രി.

" കേട്ടിട്ടുണ്ട്.. നമ്മള് കോളേജിൽ പഠിക്കുന്ന കാലത്തെങ്ങാണ്ടാരുന്നു ആ സംഭവങ്ങൾ.. ഉഗാണ്ടയിൽ അല്ലേ." ഇന്ദിര

" പുറം രാജ്യങ്ങളിൽ ഓരോരുത്തര് പാറ്റേനേം പഴുതാരേനേം പാമ്പിനേം എട്ടുകിലീനേം ഒക്കെ പച്ചയ്ക്ക് കടിച്ചു പറിച്ച് തിന്നുന്നത് യൂട്യൂബിൽ വരുന്നില്ലേ.! സാവിത്രി

"അതുപോലാണോടീ ഇത്.! മനുഷേനെ തിന്നുകാന്ന് പറഞ്ഞാൽ..! അതും പ്രബുദ്ധമലയാളിയുടെ നാട്ടിൽ.! മറിയാമ്മ.

" ചേച്ചിമാരുടെ ഒച്ചേം അനക്കോം കേക്കാഞ്ഞിട്ട് വന്നതാ ഞാൻ. ചെണ്ടക്കപ്പയും കാന്താരിച്ചമ്മന്തിയും ആയിട്ടുണ്ട്, എടുക്കട്ടെ." ജാൻസി.

" ഓ. ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല ജാൻസീ.!" കൊച്ച്.

" ഓ.. അതൊക്കെ അങ്ങനെ കിടക്കും. ഇത് കഴിഞ്ഞ് അടുത്തത് എന്നേലും വരും. ഇപ്പോ..ചെണ്ടക്കപ്പേം കട്ടനും കഴിയ്ക്ക്.!" ജാൻസി.

" എന്നതായാലും ആ പോലീസ് ഓഫീസർ മിടുക്കനാണ്. ആരോരും ചോദിയ്ക്കാൻ ഇല്ലാത്തവർക്ക് ഇങ്ങനെ ഉള്ള പോലീസ്കാര് ഉണ്ടെന്നുള്ളത് ആണ് ആകെ ഒരു സമാധാനം.

അങ്ങേരുടെ മുന്നിൽ ഈ കേസ് വന്നത് കൊണ്ട് ആരും അറിയാതെ പോകുമായിരുന്ന ഒരു ക്രൈം വെളിച്ചത്തായി." മറിയാമ്മ.

"അത് മാത്രോമല്ല, അവര് ലക്ഷ്യം വച്ചിരുന്ന മറ്റ് സ്ത്രീകളും രക്ഷപ്പെട്ടു.ഇപ്പോ ഇത് പിടിച്ചില്ലാരുന്നേലോ.! എത്ര പേരെ അവര് കശാപ്പ് ചെയ്തേനെ..അല്ലേ..?"ഇന്ദു.

മോളീം ജാൻസീം കൂടി കപ്പ പുഴുങ്ങിയതും കാപ്പിയും കൊണ്ടുവന്നു.

" എന്നാ ഇനി ഇതൂടെ കഴിച്ചോണ്ട് വർത്താനം പറഞ്ഞാട്ടെ."മോളി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓരോരുത്തരായി ആവിപറക്കുന്ന ചെണ്ടക്കപ്പ ചിരട്ടത്തവികൊണ്ട് പാത്രത്തിൽ എടുത്തു. ജാൻസി കാന്താരിച്ചമ്മന്തി ഓരോരുത്തർക്കും പാത്രത്തിൽ വിളമ്പി. ആവി പറക്കുന്ന കട്ടൻ കാപ്പി വലിയ മഗ്ഗിൽ നിന്നും മോളി ഗ്ലാസ്സുകളിൽ പകർന്നു. ഇന്ദൂനുള്ള പാൽക്കാപ്പി ജാൻസി ഇന്ദിരയുടെ മുന്നിൽ വെച്ചു.

"എന്നാലും ആ വൈദ്യരും പെമ്പ്രന്നോരും കൊള്ളാം.. ജീവനോടെ ആ പെണ്ണുങ്ങളുടെ ശരീരം മുറിച്ചെടുത്തില്ലേ..! ഓർത്തിട്ട് ശരീരം വിറച്ച് പോകുന്നു." ഏലിയാമ്മ കപ്പ എടുത്തപ്പോൾ ചൂടാണന്ന് കണ്ട് തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൊണ്ട് പതുക്കെ പതുക്കെ തൊട്ട് അമർത്തി ചൂടാറ്റി ഒരു കഷണം കാന്താരിച്ചമ്മന്തിയിൽ മുക്കി വായിൽ വച്ചു.

മറ്റുള്ളവരും അതുപോലെ ചൂടാറിച്ച് കഴിയ്ക്കാൻ തുടങ്ങി. കാന്താരിയുടെ എരിവും, കപ്പയുടെ ചൂടും ചേർന്ന് എരിവ് കൂട്ടി. എരിവാറ്റാനായി നാക്ക് വായുടെ ഉള്ളിൽ മേൽഭാഗത്ത് തൊടീപ്പിച്ച് മേൽചുണ്ടും കീഴ്ചുണ്ടും കൂട്ടിപ്പിടിച്ച്, ചെറുതായി തുറന്ന്, പുറത്ത് നിന്ന് വായു പല്ലുകൾക്കിടയിലൂടെ വലിച്ചെടുക്കുന്ന സീൽക്കാരം എല്ലാവരിൽ നിന്നും പുറപ്പെട്ടു.

" ഹോ..! കപ്പേടെ ചൂടും കാന്താരീടെ എരിവും..!" ഇന്ദു

" എന്നാ അതിന്റെ പുറകേ ഇച്ചിരി ചൂട് കട്ടനും കൂടി കുടിച്ചാൽ എരിവ് ഇനീം കൂടും." സാവിത്രി ചിരിച്ചു.

" എരിവായാലും നല്ല രസമില്ലേ...കൊച്ചേ..!" ഏലിയാമ്മ

" ഈ ചൂടും എരിവും ഒക്കെ ഒരു രസം തന്നെയാ..! കൊച്ച്.

എല്ലാവരും കപ്പ ആസ്വദിച്ച് കഴിച്ചു.

" അവനെ ഇവര് എങ്ങനെ വിശ്വസിച്ചെന്നാ മനസ്സിലാകാത്തത്.! ഒരാളെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകത്തില്ലേ അവൻ ഏത് തരക്കാരനാരിക്കുമെന്ന്.! ഒരു തൊണ്ണൂറു ശതമാനവും നമ്മള് വിചാരിച്ച പോലെ ആയിരിയ്ക്കും അവനൊക്കെ." മറിയാമ്മ

" എടീ..അതല്ല രസം..ആ വൈദ്യര് ശ്രീദേവി എന്ന ഫേക്ക് ഐഡിയിൽ മയങ്ങിപ്പോയതാ ഇതിനൊക്കെ കാരണം. ഈ വയസ്സാൻ കാലത്ത് ഇയാൾക്ക് പ്രേമം.." കൊച്ച്

" എന്നാലും ആ വൈദ്യരെന്നാ ഒരു മരങ്ങോടനാ.!" സാവിത്രി

" പൂജയല്ലേ..പൂജ" ഏലിയാമ്മ പറഞ്ഞപ്പൊൾ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.

"ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒളോക്കോടൻമാര് ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റി." കൊച്ച്.

"ഇനിയിപ്പോ ഈ കേസ് എന്നാ ആകുമോ ആവോ.!" ഇന്ദിര

"എന്നാ ആകാൻ.! കുറച്ച് നാള് ഇങ്ങനെ ഒക്കെ അങ്ങ് പോകും. പിന്നെ ജനം അത് മടുക്കും. പിന്നെ എല്ലാം സ്വാഹ. അന്വേഷിച്ച് കേസ് തെളിയിച്ച പോലീസ് ഓഫീസറെ മണ്ടനാക്കിക്കളയും. സ്ഥിരം കലാപരിപാടി തന്നെ. ഇതിന് മുമ്പ് നടന്നിട്ടുള്ള സെൻസേഷനായിട്ടുള്ള എത്രയോ ക്രൈമുകളുണ്ട്. മാതൃകാപരമായ ശിക്ഷ ഉണ്ടാകുമോ.!

നിയമത്തിൽ ഒളിഞ്ഞിരിക്കുന്ന പഴുതുകൾ കുറ്റവാളികൾക്ക് അനുകൂലമാണ്." മറിയാമ്മ

" അത് പറഞ്ഞപ്പളാ, കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ കുറേപ്പേർ ചേർന്ന് അടിച്ച് നിരപ്പാക്കിയില്ലേ..ആ പാവം എക്സ് മിലിട്ടറിക്കാരൻ, കുടുംബം പുലർത്താനല്ലേ ഈ വയസ്സ് കാലത്ത് ആ ജോലിയ്ക്ക് പോയത്. അയാളെ ചവിട്ടുന്നചവിട്ട് കണ്ടിട്ട് അരവിന്ദൻ ചേട്ടന് വലിയ വിഷമമായി. അന്ന് ചേട്ടൻ പറഞ്ഞതാ.. ചവിട്ട് കൊള്ളുന്ന ഇയാൾ അവസാനം പ്രതിയാകും. അവന്മാർ നെഞ്ചും വിരിച്ച് അയാടെ മുന്നിലൂടെ പോകും..! ശരിയായില്ലേ..!" സാവിത്രി. അരവിന്ദൻ സാവിത്രിയുടെ ഭർത്താവാണ്. റിട്ടയേർഡ് ഹെഡ് മാസ്റ്റർ.

" ഇന്നത്തെ കാലത്ത് ഇതുപോലുള്ള ക്രിമിനലുകളും നമ്മുടെ ഇടയിൽ ഉണ്ടന്നുള്ളത് പേടിയുണ്ടാക്കുന്നു. ആരെയും വിശ്വസിക്കാൻ പറ്റത്തില്ലല്ലോ. ഒരു പണിക്കാരനെപ്പോലും വിശ്വസിച്ച് വിളിയ്ക്കാൻ പറ്റുമോ.?" ഏലിയാമ്മ

" അവൻ വേറെ കൊറേ പെണ്ണുങ്ങളുടെ പുറകേ നടന്ന് അവരെ ചാക്കിടാൻ നോക്കീട്ട് അവര് രക്ഷപ്പെട്ടു. ആ പാവങ്ങൾ ഈ വാർത്തകൾ കണ്ട് ഞെട്ടിത്തെറിച്ചുകാണും അല്ലേ.!" ഇന്ദു

" എടീ അതല്ലടീ..ആ മണകൊണാഞ്ചന്റെ തിരുമ്മുകേന്ദ്രത്തിൽ ഒരു പെണ്ണിനെ ജോലിയ്ക്ക് നിർത്തിയേന്റെ പിറ്റേദിവസം അതിനെ പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടപ്പോൾ അത് പേടിച്ച് വിറച്ച് ഓടി രക്ഷപ്പെടുകയായിരുന്നന്ന്.!ഓടിപ്പോയില്ലാരുന്നേൽ അതിന്റെ കഥ അന്ന് കഴിച്ചേനേം." മറിയാമ്മ

" ആ പെണ്ണ് അന്ന് ഈ സംഭവം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ ക്രൂരകൃത്യം നടക്കത്തില്ലാരുന്നു..! ഈ മണ്ടിനൊക്കെ ബോധോം പൊക്കണോം ഇല്ലേ..!" കൊച്ച്

"ഓ... ആരും വിശ്വസിക്കത്തില്ല.. കാരണം..അയാടെ അച്ഛന്റെ കാലം തൊട്ട് പാരമ്പര്യ വൈദ്യന്മാർ അല്ലേ.. അയാൾക്ക് പൊതുജനങ്ങളുടെ ഇടയിൽ ഒരു പേരൊക്കെ ഉണ്ട്. സോഷ്യൽ മീഡിയയിൽ കവിത എഴുതുകയും ചെയ്തിട്ടുണ്ട് എന്ന് പത്രവാർത്ത ഇല്ലാരുന്നോ.. അത് കൊണ്ട് അവരെക്കുറിച്ച് മോശം പറഞ്ഞാൽ ഏശത്തില്ല."മറിയാമ്മ

" അത് നീ പറഞ്ഞത് നേരാ..രണ്ടെണ്ണത്തിനെയും കണ്ടാൽ ഇങ്ങനെ ഒരു ക്രിമിനൽ ബായ്ക്ക്ഗ്രൗണ്ട് ഉണ്ടന്ന് ആരെങ്കിലും സംശയിയ്ക്കുമോ.?" സാവിത്രി.

"അയാള് ഏതോ രാഷ്ട്രീയത്തിൽ സജീവപ്രവർത്തകൻ ആയിരുന്നു എന്ന് കേട്ടില്ലേ..! അവർക്ക് പോലും ഇയാളെ മനസ്സിലാക്കാൻ കഴിഞ്ഞിലല്ലോ.!"ഇന്ദിര.

" അതാ അയാളെ ആരും സംശയിയ്ക്കാതിരുന്നത്. പിന്നെ.. എനിയ്ക്ക് തോന്നുന്നത് അയാളെ പെടുത്തിയത് അയാളുടെ ഭാര്യ തന്നെയായിരിക്കും എന്നാണ്." കൊച്ച്.

" എന്നതാ അല്ലേ ഇവിടെയൊക്കെ നടക്കുന്നേ.! ഇന്നാള് കണ്ടില്ലേ... സെന്റ് തോമസ് കോളജിൽ ഒരുത്തൻ കാണിച്ച് പണി!" ഏലിയാമ്മ.

"ഈ പിള്ളേരൊക്കെ എന്നാ പഠിക്കാനാണോ പോകുന്നേ.!" സാവിത്രി.

"മൊട്ടേന്ന് വിരിയാത്ത പിള്ളേരെയാ ഇപ്പോ സൂക്ഷിയ്ക്കേണ്ടത്... അല്ലേ..! മയക്കുമരുന്നും കഞ്ചാവും...അടിപിടീം മോഷണോം.. ഒന്നും പറയേണ്ട..എന്റെ മറിയാമ്മേ.. നാട് നശിച്ചു.." ഏലിയാമ്മ.

" വന്ന് വന്ന്..എന്നാ ഒക്കെയാ... കേക്കുന്നേ..! ഓരോ ദിവസവും ഉറക്കമുണരുന്നത് ഇന്ന് അശുഭകരമായ വാർത്തകൾ കേൾക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിച്ചോണ്ടാണ്." ഇന്ദു കാപ്പി കുടിച്ചിട്ട് ഗ്ലാസ്സ് ടീപോയയിൽ വച്ചു.

"ഓ... ഇനി അത്തരം ആഗ്രഹമൊക്കെ അത്യാഗ്രഹമാടീ..!" സാവിത്രി ഇന്ദുവിനോട് കളിയായി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.

" ആ..ഇപ്പഴാ ഇവിടെ ഒരു ഒച്ചേം അനക്കോമൊക്കെ വന്നത്..! ആ ചിരിയിൽ പങ്കുചേർന്ന് ജാൻസി പറഞ്ഞു. പുറകെ മോളിയും വന്നു. കപ്പ കൊണ്ടുവന്ന പാത്രങ്ങളും കാപ്പി കുടിച്ച ഗ്ലാസ്സുകളും എടുക്കാൻ വന്നതായിരുന്നു അവർ.

"ചേച്ചിമാരേ..കപ്പേം കാന്താരിച്ചമ്മന്തിയും ഇഷ്ടമായോ.?" മോളി.

" അതെന്നാ ചോദ്യമാ എന്റെ മോളീ..! മോളിയുടെ കൈകൊണ്ട് ഉണ്ടാക്കുന്നത് എന്നതെങ്കിലും മോശമാകുമോ..!" കൊച്ച്.

"മോശമായിട്ടുണ്ടോ.. എന്ന് പറ..!" ഏലിയാമ്മ കൂട്ടിച്ചേർത്തു പറഞ്ഞപ്പോൾ പൊട്ടിച്ചിരി ഇടികുഴിയിൽ മുഴങ്ങി.

ഓരോരുത്തരായി കൈകഴുകി വന്നു.

"മറിയാമ്മേ,. ഞങ്ങളിറങ്ങിക്കോട്ടേ..!" കൊച്ച്.

" എടീ.. ഞാനും വരാം വഴീവരെ.. ഇച്ചിരി നടക്കാലോ.!" മറിയാമ്മ.

ടൈൽ വിരിച്ച വിശാലമായ മുറ്റം കടന്ന് റബ്ബർത്തോട്ടത്തിന് നടുവിലൂടെയുള്ള മണ്ണ്റോഡിലൂടെ കൂട്ടുകാരികൾ കളിച്ചു ചിരിച്ചു നടന്നു. അപ്പോൾ സൂര്യൻ പടിഞ്ഞാറ് ചക്രവാളത്തിന്റെ ഒതുക്കുകല്ലുകൾ ചരിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്നു. പകലത്തെ എരിയുന്ന ചൂടിൽ നിന്നും ദേഹമൊന്ന് തണുപ്പിയ്ക്കാൻ കടലിലൊരു പതിവ് കുളിയ്ക്കാകാം.

Advertisment