Advertisment

ബോഗൺവില്ലകൾ... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

ഒന്നു നിൽക്കൂ....

യുദ്ധസമാനമായ

തെരുവുകളിലൂടെ

ഗായക സംഘങ്ങൾ

യാത്ര ചെയ്യുകയാണ്

കുരുടനായ നിങ്ങൾ

ഈ തിരക്കിലൂടെ

എങ്ങനെ കടന്നുപോകാനാണ്

ബോഗൺവില്ലകൾ

പൂത്ത താഴ്‌വരകളിലേക്കാണ്

അവർ നടന്നു പോകുന്നത്

ചെണ്ടക്കാരും

ബ്യൂഗിൾ വായിക്കുന്നവരും

പെപ്പരപ്പേയെന്ന്

കുഴലൂതുന്നവരുമുണ്ടവിടെ

അവർക്ക്

കണ്ണുകളുണ്ട്

കാണാനാവില്ല

കാതുകളുണ്ട്

കേൾക്കാനുമാവില്ല

ചിന്തകളുണ്ട്

ഓർത്തെടുക്കാനാവില്ല

അവർ പിൻതുടർച്ചക്കാരാണ്

നേതാക്കൻമാരുടെ

നിർദ്ദേശങ്ങൾ മാത്രം

അനുസരിക്കുന്നവർ

അവർക്ക്,

രാവെന്നോ ,പകലെന്നോയില്ല

ഇരുട്ടെന്നോ ,വെളിച്ചമെന്നോയില്ല

അവരിങ്ങനെ

നഗരങ്ങളിലൂടെ

സഞ്ചരിച്ചു കൊണ്ടേയിരിക്കും

നിങ്ങൾ പക്ഷേ ....

അന്ധനായൊരു

യാത്രക്കാരനാണ്

അതുകൊണ്ട്

നിങ്ങളീ വെട്ടം കയ്യിൽ കരുതുക

നിങ്ങൾക്കു കാണാനല്ല

മറ്റുളളവർക്ക്,

നിങ്ങളെ കാണാൻ വേണ്ടി മാത്രം

Advertisment