Advertisment

സ്വന്തം രാജ്യസഭാ സീറ്റിലെ ഒഴിവില്‍ എകെ ആന്റണിതന്നെ വീണ്ടും മത്സരിക്കാന്‍ നീക്കം ? ഇനി മത്സരിക്കില്ലെന്നു നേരത്തെ പറഞ്ഞെങ്കിലും അച്ചടക്ക സമിതി അധ്യക്ഷ പദവി ഏറ്റെടുത്തത് വീണ്ടും രാജ്യസഭ പിടിക്കാനുറച്ച് ? മുപ്പത്തിയേഴാം വയസിലെ മുഖ്യമന്ത്രി പദവി മുതല്‍ രാജ്യത്തു തന്നെ ഏറ്റവുമധികം പദവികള്‍ കയ്യാളിയ 82 കാരനായ എകെയെ വീണ്ടും രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തിനെതിരെ ഗ്രൂപ്പു വ്യത്യാസമില്ലാതെ യുവാക്കളില്‍ അതൃപ്തി

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭയിലെ കാലാവധി അടുത്ത ഏപ്രില്‍ രണ്ടിന് അവസാനിക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വീണ്ടും രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യം ശക്തമാകുന്നു.

82കാരനായ ആന്റണി ഇനിയും പാര്‍ലമെന്ററി രംഗത്ത് തുടരുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരിക്കെയാണ് ആന്റണി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമായത്.

നേരത്തെ ഇനി താന്‍ മത്സരിക്കുന്നില്ല എന്ന നിലപാടായിരുന്നു എകെ ആന്റണി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ലാണ് ആന്റണിയുടെ മനസുമാറിയത്.

കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുത്തതോടെയാണ് ആന്റണി ഡല്‍ഹി തന്നെ തട്ടകമാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

അതേസമയം ആന്റണിക്ക് പകരം ചെറുപ്പക്കാരായ ആരെയെങ്കിലും മത്സരിപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.


33 വയസില്‍ ( 1973 ല്‍ ) കെപിസിസി അധ്യക്ഷനും 37 വയസില്‍ (1977-ൽ) മുഖ്യമന്ത്രിയും പിന്നീട് രണ്ടു തവണകൂടി മുഖ്യമന്ത്രിയും 3 തവണ കേന്ദ്രമന്ത്രിയുമായിരുന്നു ആന്‍റണി. കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രിയായിരുന്നു എ കെ ആന്‍റണി. 


ആന്റണി മുതിര്‍ന്ന നേതാവാണെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി രംഗത്ത് ഒരാള്‍ക്ക് തന്നെ ഇത്തരത്തില്‍ കുത്തക നല്‍കുന്നത് യുവാക്കളെ പാര്‍ട്ടിയില്‍ നിന്നും അകറ്റും എന്നു തന്നെയാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം കേരളത്തില്‍ കടുത്ത അതൃപ്തിയിലാകും.

മൂന്നു രാജ്യസഭ സീറ്റുകളാണ് അടുത്ത ഏപ്രിലില്‍ ഒഴിവു വരുന്നത്. കെ സോമപ്രസാദ്, എകെ ആന്റണി, എംവി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ ടേമാണ് കഴിയുന്നത്.

നിലവിലെ നിയമസഭയിലെ അംഗ ബലം അനുസരിച്ച് രണ്ടുപേരെ ഇടതുപക്ഷത്തിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.

കോണ്‍ഗ്രസിന്റെ സീറ്റ് ആയതിനാല്‍ യുഡിഎഫില്‍ മറ്റൊരു കക്ഷിയും അവകാശവാദം ഉന്നയിക്കില്ല. എല്‍ഡിഎഫില്‍ ശ്രേയാസ്‌കുമാര്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

Advertisment