Advertisment

കേരളത്തിലെ സിപിഎം നേതാക്കള്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത് 'സുധാകരനിസം' എന്ന പരാതി ! സമ്മേളനകാലത്തും കമ്യൂണിസം വിട്ട് സിപിഎം 'സുധാകരനിസ'മെന്ന് പറയാന്‍ തുടങ്ങിയെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്. സുധാകരനെ ഒറ്റപ്പെടുത്തിയാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുമെന്ന സിപിഎം പ്രതീക്ഷയും പാളി ! കോണ്‍ഗ്രസിലെ ഒറ്റ നേതാവായി കെ സുധാകരനെ അംഗീകരിച്ചും പിന്തുണച്ചും മുതിര്‍ന്ന നേതാക്കളും. ഇടുക്കി കൊലപാതകത്തില്‍ പ്രതിക്കൂട്ടിലാകുമ്പോഴും കോണ്‍ഗ്രസില്‍ 'സുധാകരനിസ'ത്തിന് അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി കേരളത്തിലെ സിപിഎം നേതാക്കള്‍ ഒന്നടങ്കം പറയുന്ന ഒരു പദമാണ് 'സുധാകരനിസം'. പാര്‍ട്ടി സമ്മേളന കാലമായിട്ടു പോലും സിപിഎം നേതാക്കള്‍ കമ്യൂണിസമെന്നതിനു പകരം സുധാകരനിസം എന്നു പറഞ്ഞു നടക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. കെ സുധാകരനെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അത്രയധികം എതിരാളികളെ പോലും അസ്വസ്ഥതപെടുത്തുന്നു. അല്ലെങ്കില്‍ എതിരാളികള്‍ എങ്കിലും അത് അംഗീകരിക്കുന്നു.

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്നതോടെ സിപിഎമ്മിലെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ പറഞ്ഞിരുന്ന ആരോപണമാണ് സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ സ്വഭാവം കേരളമാകെ വ്യാപിക്കുമെന്ന്. ഇടുക്കിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി നീരജ് യൂത്ത് കോണ്‍ഗ്രസുകാരന്റെ കുത്തേറ്റ് മരിച്ച സംഭവത്തിലും സുധാകരന്‍ പ്രതിക്കൂട്ടിലായി.

സംഭവമറിഞ്ഞ് പ്രതികരിച്ച ഏതാണ്ട് എല്ലാ സിപിഎം നേതാക്കളും പറഞ്ഞത് കോണ്‍ഗ്രസ് സുധാകരനിസത്തലേക്ക് നീങ്ങുന്നു എന്നാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയും കോണ്‍ഗ്രസിലെ സെമി കേഡര്‍ സ്വഭാവം ആളെകൊല്ലിയോ എന്നാണ്. ദിവസങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് കെ സുധാകരന്‍ എന്ന ഒറ്റ നേതൃത്വത്തിലേക്ക് ചുരുങ്ങുകയായിരുന്നു.

കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സുധാകരനായി രംഗത്തുവന്നു. ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകത്തെ അപലപിച്ചതിനൊപ്പം കെ സുധാകരനെ സിപിഎം നേതൃത്വം ആക്രമിച്ചതോടെ അതിനെ പ്രതിരോധിക്കാന്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നതും ശ്രദ്ധേയമാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ ചേര്‍ത്തുപിടിച്ച ചിത്രമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഗ്രൂപ്പു വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും സുധാകരന് പിന്തുണയുമായി വന്നതോടെ കോണ്‍ഗ്രസിലെ നേതൃത്വം ഒറ്റ നേതാവിന്റെ കീഴിലേക്ക് വന്നു എന്നതാണ് സമീപ ദിവസങ്ങളിലെ രാഷ്ട്രീയ മാറ്റം. ഇതു കൊലപാതക രാഷ്ട്രീയത്തിന്റെ ആരോപണ നിഴലില്‍ നില്‍ക്കുമ്പോള്‍ പോലും കോണ്‍ഗ്രസിന് ഗുണകരമാകുന്നു എന്ന നേട്ടവും ഉണ്ട്.

ഏക നേതാവില്ല എന്നതായിരുന്നു കോണ്‍ഗ്രസ് നേരിട്ടിരുന്ന ഏറ്റവും പ്രധാന പ്രശ്‌നം. നിലവിലെ വിവാദത്തില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുന്നെങ്കിലും നേതൃത്വത്തെ കൂടെ നിന്നവര്‍ അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇത്തരം സംഭവത്തില്‍ കെ സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിച്ചാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്ന സിപിഎം പ്രതീക്ഷയും ഇതോടെ പൊളിഞ്ഞു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം സുധാകരനെ ലക്ഷ്യം വച്ചതോടെ കൈവിട്ടു കളഞ്ഞു എന്ന പരാതി ഇടതുപക്ഷത്തെ നേതാക്കള്‍ക്കുമുണ്ട്.

Advertisment