Advertisment

എക്സ്പോ വേദിയിലൂടെ സൈക്കിള്‍ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റ്

New Update

publive-image

Advertisment

ദുബൈ: ദുബൈയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020നായി ലോകം കാത്തിരിക്കെ, വിസ്‍മയങ്ങള്‍ ഒളിപ്പിച്ച എക്സ്പോ വേദികളിലൂടെ സൈക്കിള്‍‌ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബൈ മീഡിയ ഓഫീസാണ് കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചെറു സംഘത്തോടൊപ്പം സൈക്കിളില്‍ എക്സ്പോ വേദിയിലൂടെ സഞ്ചരിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.

വിസ്‍മയകരമായ അനുഭവമായിരിക്കും എക്സ്പോ 2020 എന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നേരത്തെ സെ‍പ്റ്റംബര്‍ ഒന്നിന് വേദികളിലെത്തിയ അദ്ദേഹം ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒരു മാസത്തെ കൗണ്ട്ഡൗണിനും അന്ന് അദ്ദേഹം തുടക്കം കുറിച്ചു. അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയായെന്നും എക്സ്പോയ്‍ക്കായി ദുബൈ സജ്ജമായെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും സുരക്ഷിതമായ രീതിയില്‍ എക്സ്പോ സംഘടിപ്പിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം യുഎഇയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‍തു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ കൊവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്. 2022 മാര്‍ച്ച് 31നാണ് സമാപനം.

NEWS
Advertisment