Advertisment

ബിജെപിയെ ദക്ഷിണേന്ത്യ തൂത്തെറിഞ്ഞതിലെ പ്രതികാരമോ തമിഴ്നാട്ടിലെ ഈ ഇ.ഡി കളി? മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമല്ല. അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് സെന്തിലിന്റെ ഓഫീസിലും വീട്ടിലുമെല്ലാം ഇ.ഡി റെയ്‌ഡ്‌ നടത്തിയതും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇ.ഡിയുടെ ശ്രദ്ധാ കേന്ദ്രം. ഇ.ഡി നടപടി ബിജെപിയുടെ രാഷ്ട്രീയത്തെ തുണയ്ക്കുമോ? അതോ പ്രതിപക്ഷ ഐക്യം വേഗത്തിലാക്കുമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ന്ത്യയില്‍ ബിജെപിക്കു കാലുകുത്താന്‍ ഇടം കിട്ടാത്ത ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. ഇപ്പോഴും ദ്രാവിഡ മുന്നേറ്റത്തിന്‍റെ സ്വാധീനത്തില്‍ കഴിയുന്ന സംസ്ഥാനത്തെ വശീകരിക്കാന്‍ ഇതുവരെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു കഴിഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയും നഷ്ടപ്പെട്ടതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ത്തന്നെ ഒറ്റപ്പെട്ടിരിക്കുന്നു. 2024 -ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ബിജെപി വഴി തേടുമ്പോള്‍ സംസ്ഥാന മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നു വിശ്വസിക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കു ബുദ്ധിമുട്ടുണ്ട്.

കോയമ്പത്തൂര്‍ - സേലം - ഈറോഡ് മേഖലയില്‍ സ്വാധീനമുറപ്പിച്ചിരുന്ന ബിജെപിയെയും എഐഎഡിഎംകെയെയും തുരത്തി ഡിഎംകെയ്ക്കു നേട്ടമുണ്ടാക്കിക്കൊടുത്ത 47കാരനായ നേതാവാണ് സെന്തില്‍ ബാലാജി.

ബാലാജിയെ കാണാൻ ആശുപത്രിയിൽ ഓടിയെത്തിയത് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാൻ മാത്രമല്ല, ചില കാര്യങ്ങൾ 'പ്ലാൻ' ചെയ്യാൻ കൂടി; രാജ്യം ...

പാര്‍ട്ടിക്കു ഈ പ്രദേശത്തു വേരോട്ടമുണ്ടാക്കാന്‍ ഡിഎംകെ നേതൃത്വം സെന്തിലിനെ പ്രത്യേകം നിയോഗിക്കുകയായിരുന്നു. സെന്തില്‍ ഏറെ അധ്വാനിച്ചു. ബിജെപി - എഐഎഡിഎംകെ കേന്ദ്രങ്ങളുടെ വേരറുത്ത് ഈ പ്രദേശങ്ങളില്‍ ഡിഎംകെയ്ക്കു ഉറച്ച സ്വാധീനമുണ്ടാക്കിക്കൊടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിച്ച് എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായപ്പോള്‍ സെന്തില്‍ ബാലാജിയെ മന്ത്രിയാക്കുകയും ചെയ്തു.


പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് സെന്തില്‍ പടിഞ്ഞാറന്‍ തമിഴ്‌നാട് പ്രദേശങ്ങള്‍ ഡിഎംകെയുടെ സ്വാധീനത്തിലാക്കി. എഐഎഡിഎംകെ - ബെജെപി സഖ്യം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പ്രദേശത്തു നിലംപരിശായി. എഐഎഡിഎംകെയുടെയും ബിജെപിയുടെയും ഏറ്റവും വലിയ ശത്രുവായി സെന്തില്‍ ബാലാജി.


എഐഎഡിഎംകെയിലൂടെ രാഷ്ട്രീയത്തിലുയര്‍ന്ന സെന്തില്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രിയപ്പെട്ടവനായിരുന്നു. കരൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച സെന്തില്‍ അമ്മയ്ക്കുവേണ്ടി ഏറെ അധ്വാനിച്ചു. തന്ത്രങ്ങളേറെ മെനഞ്ഞു.

2006 -ലും 2011 -ലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 2011 -ല്‍ ജയലളിത മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ടു മന്ത്രിയായി.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എഐഎഡിഎംകെ അനാഥമായി. 2018 -ല്‍ സെന്തില്‍ ഡിഎംകെയില്‍ ചേര്‍ന്നു. കോയമ്പത്തൂര്‍ - സേലം - ഈറോഡ് മേഖല പിടിക്കാന്‍ ഡിഎംകെ കരുത്തനായൊരു നേതാവിനെ കാത്തിരിക്കുന്ന സമയം.

രണ്ടു കൈയും നീട്ടി സ്റ്റാലിന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് സെന്തില്‍ പടിഞ്ഞാറന്‍ തമിഴ്‌നാട് പ്രദേശങ്ങള്‍ ഡിഎംകെയുടെ സ്വാധീനത്തിലാക്കി. എഐഎഡിഎംകെ - ബെജെപി സഖ്യം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പ്രദേശത്തു നിലംപരിശായി. എഐഎഡിഎംകെയുടെയും ബിജെപിയുടെയും ഏറ്റവും വലിയ ശത്രുവായി സെന്തില്‍ ബാലാജി.

publive-image

ജയലളിതാ മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ വകുപ്പിലെ ജോലികള്‍ക്ക് കോഴ വാങ്ങിയെന്ന പഴയൊരു കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് സ്റ്റേ ചെയ്ത നടപടി റദ്ദാക്കി സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടതിനേ തുടര്‍ന്ന് ഇഡി ഉത്സാഹത്തോടെ രംഗത്തിറങ്ങുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിച്ച് മടങ്ങിയതിനേതുടര്‍ന്നു തന്നെയാണ് മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലും വീട്ടിലുമെല്ലാം ഇഡി ഉദ്യോഗസ്ഥര്‍ റെയ്‌ഡ്‌ നടത്തിയതും. കാലത്ത് നടപ്പും വ്യായാമവും കഴിഞ്ഞു മടങ്ങിയെത്തിയ ഉടനെ അദ്ദേഹത്തെ പിടികൂടി ചോദ്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

വ്യായാമത്തിനു വേണ്ടി ധരിച്ചിരുന്ന വസ്തം മാറാന്‍ പോലും സമ്മതിച്ചില്ല. അറസ്റ്റിനേതുടര്‍ന്ന് മന്ത്രി ബാലാജി നെഞ്ചിനു വേദനയെന്നു പറഞ്ഞ് ഉറക്കെ കരയുകയും നിലത്ത് വീഴുകയും ചെയ്തു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി. ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ മൂന്നു തടസങ്ങളുണ്ടെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

കോഴ വാങ്ങി നിയമനം; തമിഴ്‌നാട് വെെദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു - NEWS 360 - NATIONAL | Kerala Kaumudi Online

പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിനു നേരെ ഇഡി ശക്തമായ നടപടി സ്വീകരിച്ചതിനു ശേഷം ഇപ്പോള്‍ തമിഴ്‌നാടിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇഡി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടിയാവട്ടെ, കെട്ടുറപ്പുള്ള ഒരു പ്രതിപക്ഷ ഐക്യ നീക്കത്തിനും വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു.

അടുത്തകാലത്തു നടന്ന ഇഡി അന്വേഷണങ്ങളിലും കേസുകളിലും ഏറെക്കുറെ എല്ലാം തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന റിപ്പോര്‍ട്ടുകളും ഈയിടെ വന്നിരുന്നു. ഇത് അടിസ്ഥാനമാക്കി ആം ആത്‌മി പാര്‍ട്ടി ഉള്‍പ്പെടെ 14 പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു. പക്ഷെ അത് സുപ്രീം കോടതി തള്ളുകയാണു ചെയ്തത്.

ആം ആത്‌മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ പേരെടുത്ത വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയ ശില്‍പിയായ ഡി കെ ശിവകുമാറിനെയും കുറെ മാസം മുമ്പ് ഇഡി ചോദ്യം ചെയ്യുകയും തടവിലിടുകയും ചെയ്തിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡ‍ന്‍റായ ശിവകുമാര്‍ ഇപ്പോള്‍ ഉപമുഖ്യമന്ത്രിയുമാണ്. ഇഡിക്ക് എപ്പോള്‍ വേണമെങ്കിലും കേസ് തുറക്കാവുന്നതേയുള്ളു.

ഏറ്റവുമൊടുവില്‍ സെന്തില്‍ ബാലാജിയുടെ അറസ്റ്റ്. ഇഡി നടപടിയും അറസ്റ്റുമെല്ലാം ബിജെപിയുടെ രാഷ്ട്രീയത്തെ തുണയ്ക്കുമോ ? അതോ പ്രതിപക്ഷ ഐക്യം വേഗത്തിലാക്കുമോ ?

Advertisment