Advertisment

പവാറും പവാറും കൊമ്പുകോർക്കുമ്പോൾ 'പവർ' ആർക്ക്? ശരത് പവാര്‍ കെട്ടി ഉയര്‍ത്തിയ രാഷ്ട്രീയ സാമ്രാജ്യത്തിന്‍റെ അനന്തരാവകാശം കിട്ടാത്തതിനു പകരംവീട്ടുകയാണ് അജിത് പവാര്‍. എന്‍സിപി പിളര്‍ത്തി ബിജെപിയിലെത്തിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടി. പക്ഷെ, കൂറുമാറ്റ നിയമത്തെ അതിജീവിക്കാൻ ഇപ്പോഴും അജിത്തിന് ആയിട്ടില്ല. ഷിന്‍ഡേയ്ക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടാൽ ഭാവിയിൽ അജിത് പവാറിനെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കും! അപ്പോള്‍ പ്രതിപക്ഷ ഐക്യമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോർജ്

New Update

publive-image

Advertisment

ന്നും മഹാരാഷ്ട്രയില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവുതന്നെയാണ് ശരത് പവാര്‍. മറാഠാ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലേയ്ക്കുയര്‍ന്ന നേതാവ്. ഇപ്പോഴും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെയൊക്കെ സ്വാധീനിക്കാന്‍ കഴിവുള്ളയാളും ശരത് പവാര്‍ തന്നെ.

പക്ഷേ ഇന്നിപ്പോള്‍ പവാറിനെതിരെ വെല്ലുവിളി ഉയരുന്നത് സ്വന്തം കുടുംബത്തില്‍ത്തന്നെ. നാലു പതിറ്റാണ്ടോളം കാലമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന സ്വന്തം അനന്തരവന്‍ അജിത് പവാറില്‍ നിന്ന്. ശരത് പവാര്‍ കെട്ടി ഉയര്‍ത്തിയ രാഷ്ട്രീയ സാമ്രാജ്യത്തിന്‍റെ അനന്തരാവകാശം കിട്ടാത്തതിനു പകരംവീട്ടുകയാണ് അജിത് പവാര്‍. 83 വയസായിട്ടും രാഷ്ട്രീയത്തില്‍ തുടരുന്ന ശരത് പവാറിനെ ആക്ഷേപിക്കുകയാണ് അനന്തരവന്‍ പവാര്‍.

മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ തല്‍ക്കാലം അജിത് പവാര്‍ ഒരുപടി മുന്നിലെത്തിയിരിക്കുന്നു. എന്‍സിപി പിളര്‍ത്തി നല്ലൊരു വിഭാഗം എംഎല്‍എമാരെയും കൊണ്ട് ബിജെപി ക്യാമ്പിലെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടി. കൂടെയുള്ള എട്ട് എംഎല്‍എമാരെയും മന്ത്രിമാരാക്കി. പ്രതിപക്ഷത്തിരിക്കുകയായിരുന്ന അജിത് പവാര്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ പുതിയൊരു ശക്തികേന്ദ്രമായിരിക്കുന്നു.


പക്ഷെ ഇനിയുള്ള വഴി അത്ര സുഗമമല്ല അജിത് പവാറിനും കൂട്ടര്‍ക്കും. കേന്ദ്രം ഭരിക്കുന്ന ബിജെപി സഹായത്തിനുണ്ടെങ്കിലും നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണം സ്പീക്കറെ കാണിക്കണം. കഴിഞ്ഞ ദിവസം ഒപ്പമുള്ള എംഎല്‍എമാരുടെ യോഗം വിളിച്ചുകൂട്ടിയപ്പോള്‍ 31 പേരേ എത്തിയിരുന്നുള്ളു.


നിയമസഭയില്‍ കൂറുമാറ്റ നിയമത്തെ അതിജീവിക്കണമെങ്കില്‍ 36 എംഎല്‍എമാരുടെ പിന്തുണ വേണം. ആകെയുള്ള 53 എംഎല്‍എമാരില്‍. ഇവിടെയാണ് സാക്ഷാല്‍ ശരത് പവാര്‍ അനന്തരവന് ഇപ്പോഴും ഭീഷണിയാകുന്നത്. കൂറുമാറുന്ന എംഎല്‍എമാരെയൊന്നും ശരത് പവാര്‍ വെറുതെ വിടില്ലെന്ന് പാര്‍ട്ടിക്കാര്‍ക്കൊക്കെ അറിയാം.

മുമ്പ് എന്‍സിപി സത്താറാ എംപിയായിരുന്ന ഉദയന്‍ രാജാ ഭോസ്‌ലെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് ഉദാഹരണം. ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍ ശരത് പവാര്‍ ഭോസ്‌ലെക്കെതിരെ കൊടും പ്രചാരണവുമായി രംഗത്തിറങ്ങി. റാലികളും പൊതു യോഗങ്ങളും സംഘടിപ്പിച്ച് പ്രചാരണം ഗംഭീരമാക്കി. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭോസ്‌ലെ പരാജയപ്പെട്ടു. എന്‍സിപിക്കാര്‍ക്കൊക്കെ ശരത് പവാറിന്‍റെ കരുത്തും ജനങ്ങളിലെ സ്വാധീനവും നന്നായറിയാം. പവാറിന്‍റെ പ്രചാരണം ഇപ്പോഴും മാരകം തന്നെ.

നഗരപ്രദേശങ്ങളിലും മറാത് വാഡാ പ്രദേശത്തുമാണ് എന്‍സിപിക്ക് ഏറെ ശക്തിയുള്ളത്. അജിത് പവാറിനൊപ്പം കൂടിയിരിക്കുന്ന എംഎല്‍എമാരില്‍ നല്ലൊരു പങ്കും ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ബിജെപിയുമായി കൂട്ടുകൂടിയാല്‍ ഇതുവരെ ഒപ്പം നിന്നിരുന്ന മുസ്ലിം വോട്ട്ബാങ്ക് തങ്ങളെ കൈവിടുമെന്ന പേടിയും ഇവര്‍ക്കുണ്ട്. 2024 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനും മഹാരാഷ്ട്ര ഒരുങ്ങുകയാണ്.


എംഎല്‍എമാര്‍ക്കൊക്കെയും പേടിയുള്ള നേതാവുതന്നെയാണ് അജിത് പവാറും. വിശ്വാസവഞ്ചന കാട്ടുന്ന സഹപ്രവര്‍ത്തകരെ കടുത്ത പാഠം പഠിപ്പിക്കും അജിത്. കൂടെയുള്ളവര്‍ക്കൊക്കെയും അജിതിന്‍റെ ഈ സ്വഭാവം നന്നായറിയാം.


പക്ഷേ ബിജെപിക്ക് ഇപ്പോള്‍ അജിത് പവാറിന്‍റെ പിന്തുണ അത്യാവശ്യം തന്നെ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ബിജെപിക്ക് അത്രകണ്ട് വിശ്വാസമില്ലാതായിരിക്കുന്നു. അതിലും പ്രധാനം ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കേണ്ടിവരുമോ എന്ന ചോദ്യമാണ്.

മേയില്‍ ഇതുസംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇക്കാര്യം നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ തീരുമാനത്തിനു വിടുകയായിരുന്നു. ഒപ്പമുള്ള എംഎല്‍എമാരെ പിടിച്ചുനിര്‍ത്താന്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കുന്നതിനു ബിജെപി നേതൃത്വം തയ്യാറാകുന്നതുമില്ല.

ഷിന്‍ഡേയുടെ കൂട്ടത്തിലുള്ള പല എംഎല്‍എമാരും മാതൃകക്ഷിയായ ശിവസേനയിലേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും സംസാരമുണ്ട്. ഇതു മുന്നില്‍ കണ്ടു തന്നെയാണ് ബിജെപി തന്ത്രപൂര്‍വം അജിത് പവാറിനെ വശീകരിച്ചതും അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും.

publive-image

ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിയുമാണ്. ഷിന്‍ഡേയ്ക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടാലോ ? ബിജെപി ഉടനെ അജിത് പവാറിനെ മുഖ്യമന്ത്രിയാക്കി അടുത്ത കളി തുടങ്ങും. അഞ്ചു തവണ ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.

അപ്പോള്‍ പ്രതിപക്ഷ ഐക്യമോ ? പാറ്റ്നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനു ശേഷം രണ്ടാമത്തെ വിശാല യോഗം ബംഗളൂരുവിലാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയവും സംഭവബഹുലമാവുകയാണ്.

Advertisment