Advertisment

കെജരിവാളിനെയും മനീഷ് സിസോദിയയെയും പൂട്ടാന്‍ മോദിയുടെ സിബിഐ കൂട്ടിയാല്‍ കൂടുമോ ? അഴിമതിവിരുദ്ധ പാര്‍ട്ടിയെ അഴിമതി പാര്‍ട്ടിയെന്നു മുദ്രകുത്താന്‍ ഈ അറസ്റ്റും അന്വേഷണവും മതിയാകുമോ ? സിസോദിയയുടെ രാജി അതിശക്തനായി മടങ്ങവരാന്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്താല്‍ ആം ആത്മി പാര്‍ട്ടി പൊളിയുമോ ? ദല്‍ഹി മുന്‍സിപ്പാലിറ്റിയില്‍ വീണ്ടും ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരമേറ്റ ആം ആത്മി പാര്‍ട്ടിയെ തളയ്ക്കാന്‍ നേതാക്കള്‍ക്കെതിരെ കേസും അറസ്റ്റുമാണോ വഴി ?

ദല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയം തിരുത്തിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആത്മി പാര്‍ട്ടിയുടെ പ്രധാന നേതാവുമായ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നു.

ദല്‍ഹിയില്‍ സര്‍ക്കാര്‍ വക ചില്ലറ വില്പനശാലകളിലൂടെ വിദേശ മദ്യം വിറ്റുകൊണ്ടിരുന്ന രീതി മാറ്റി ആ രംഗത്തേയ്ക്കു സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരുന്നതിന് നിയമം ഭേദഗതി ചെയ്തതാണു പ്രശ്നമായത്. നിയമം വരുന്നതിനു മുമ്പുതന്നെ, കരടു ഭേദഗതി പ്രധാന മദ്യക്കമ്പനികള്‍ക്കൊക്കെയും അയച്ചുകൊടുത്തുവെന്നതാണു സി.ബി.ഐ കേസ്.


മദ്യനയം സംബന്ധിച്ചു ആം ആത്മി പാര്‍ട്ടി പെട്ടിരിക്കുന്ന കുരുക്കില്‍ തെലുങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കെ. കവിതയെയും സി.ബി.ഐ ലക്ഷ്യമിടുന്നുണ്ട്. മുന്‍ ലോക്സഭാംഗമായിരുന്ന കവിത തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളാണ്.


ചന്ദ്രശേഖര റാവുവിന് ദല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയം മാറ്റിയതില്‍ പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ കണക്കുകൂട്ടല്‍. ആം ആത്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലും ചന്ദ്രശേഖര റാവുവിന്‍റെ കൈ എത്തിയിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു.

ഇതു വെറുമൊരു സി.ബി.ഐ അന്വേഷണമല്ലെന്നതാണു വസ്തുത. വ്യക്തമായ രാഷ്ട്രീയമാണ് ഇതിനു പിന്നില്‍. ദല്‍ഹിയില്‍ ആം ആത്മി ഭരണം നടത്തുന്നത് ബി.ജെ.പി നേതൃത്വത്തിനു തീരെ പിടിക്കുന്നില്ല. പോരാത്തതിന് കോര്‍പ്പറേഷന്‍ ഭരണവും ആം ആത്മി പാര്‍ട്ടിയുടെ കൈയിലാണ്.

ഒരു മാസം മുമ്പു നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിനാണ് ആം ആത്മി പാര്‍ട്ടി സര്‍വ സന്നാഹങ്ങളുമായി പോരിനിറങ്ങിയ ബി.ജെ.പിയെ തോല്‍പിച്ചത്. മേയര്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ആം ആത്മി പാര്‍ട്ടിക്കു തന്നെ കിട്ടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ആം ആത്മി പാര്‍ട്ടി അധികാരത്തിലെത്തുകയായിരുന്നു. പഞ്ചാബ് കൈക്കലാക്കിയ ആം ആത്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഗുജറാത്ത് ആയിരുന്നു. ബി.ജെ.പിയുടെ തട്ടകമായ ഗുജറാത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ തന്നെ പോരിനിറങ്ങി.

ബി.ജെ.പിയെയും സംഘപരിവാറിനെയും തോല്‍പ്പിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടാണ് കെജ്റിവാള്‍ ഗുജറാത്തില്‍ പരീക്ഷിച്ചത്. ഇന്ത്യയുടെ കറന്‍സി നോട്ടില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ലക്ഷ്മീ ദേവിയുടെ ചിത്രം കൂടി ആലേഖനം ചെയ്യണമെന്നു തുടങ്ങി കടുത്ത ഹിന്ദുത്വ വാദങ്ങളാണ് കെജ്റിവാള്‍ ഗുജറാത്ത് ജനതക്കു മുന്നില്‍ വെച്ചത്. ലക്ഷ്മി ദേവിയുടെ ചിത്രം കറന്‍സിയിലുണ്ടായാല്‍ രാജ്യത്ത് സമ്പത്തും ഐശ്വര്യവും താനേ വരുമെന്നായിരുന്നു കെജ്റിവാളിന്‍റെ വാദം.

എങ്കിലും ഗുജറാത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ കൈവിട്ടില്ല. വന്‍ ഭൂരിപക്ഷത്തെടെ തന്നെ ബി.ജെ.പി ഗുജറാത്ത് പിടിച്ചെടുത്തു. പക്ഷെ ഗുജറാത്തില്‍ ആം ആത്മി പാര്‍ട്ടി നടത്തിയ മുന്നേറ്റം ബി.ജെ.പി നേതൃത്വത്തിന്‍റെ ഉറക്കം കെടുത്തി.


ബി.ജെ.പി ആകുന്നതൊക്കെ നോക്കിയിട്ടും ദല്‍ഹിയിലെ ആം ആത്മി പാര്‍ട്ടിയുടെ ഭരണത്തെ തൊടാന്‍ പോലും പറ്റിയിട്ടില്ല. ദല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിനെ പല തരത്തില്‍ ബുദ്ധിമുട്ടിലാക്കി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടു പിടിച്ചുനിന്നു.


കെജ്റിവാള്‍ സര്‍ക്കാരിലെ ഏറ്റവും പ്രഗത്ഭനും ശക്തനുമായ മന്ത്രിയായിരുന്നു മനീഷ് സിസോദിയ. വിദ്യാഭ്യാസം, എക്സൈസ് എന്നീ പ്രധാന വകുപ്പുകളൊക്കെയും അദ്ദേഹത്തിന്‍റെ കൈയിലായിരുന്നു. ഇപ്പോള്‍ രാജിവച്ചെങ്കിലും സിസോദിയ അതിശക്തനായി തിരികെ വരും ! രണ്ടാം യു.പി.എ ഭരണകാലത്ത് അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ വമ്പന്‍ ജനകീയ സമരത്തിലൂടെ ജനിച്ചു വളര്‍ന്ന പാര്‍ട്ടിയാണ് ആം ആത്മി പാര്‍ട്ടി.

ആദ്യം ദല്‍ഹി ഭരണം പിടിച്ചടക്കിയ പാര്‍ട്ടി പഞ്ചാബും ഇപ്പോള്‍ കൈക്കലാക്കിയിരിക്കുന്നു. ഒന്നു രണ്ടു സംസ്ഥാനങ്ങളില്‍ കൂടി നിലയുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ദേശീയ പാര്‍ട്ടിയാകാന്‍ കഴിയും. എന്നിട്ട് കേന്ദ്ര ഭരണം ലക്ഷ്യമാക്കി നീങ്ങുക എന്നതാണ് കെജ്റിവാളിന്‍റെ ലക്ഷ്യം.


ഈ നീക്കത്തിനു തടയിടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിന് ആം ആത്മി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കണം. അഴിമതിക്കെതിരായ സമരത്തിലൂടെ ജനിച്ചുവളര്‍ന്ന പാര്‍ട്ടിയും അഴിമതിയുടെ പിടിയിലാണെന്നു വരുത്തണം. സിസോദിയയെ മദ്യനയ കേസില്‍ കുരുക്കി അറസ്റ്റ് ചെയ്തതിന്‍റെ രാഷ്ട്രീയം ഇതുതന്നെ.


പക്ഷെ സി.ബി.ഐയുടെ നീക്കം നേരത്തെ മനസിലാക്കിയ സിസോദിയ തയ്യാറായിത്തന്നെയാണ് ദല്‍ഹിയിലെ സി.ബി.ഐ ഓഫീസിലെത്തിയത്. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ് ഘട്ടില്‍ നമസ്കരിച്ച ശേഷമാണ് അദ്ദേഹം അറസ്റ്റിനും ജയില്‍ വാസത്തിനും തയ്യാറായി സി.ബി.ഐയുടെ മുമ്പിലെത്തിയത്.

കെജ്റിവാളിനെയും സിസോദിയയെയും പൂട്ടാന്‍ ഒരു സി.ബി.ഐ അന്വേഷണത്തിനും അറസ്റ്റിനും എത്രകണ്ടു കഴിയും.

-ചീഫ് എഡിറ്റര്‍

Advertisment