Advertisment

ഈ തെരഞ്ഞെടുപ്പില്‍ ശിവകുമാറിനു തുടക്കം സിദ്ധരാമയ്യയിലായിരുന്നു. തന്‍റെ എതിരാളിയുമായുള്ള എല്ലാ തര്‍ക്കങ്ങളും അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് അവസാനിപ്പിച്ചു. എതിര്‍പക്ഷത്ത് ബിജെപിയും മോദിയും ഇഡിയുമായിരുന്നു. ഇഡിയെയും ബിജെപിയെയും സധൈര്യം നേരിട്ട ശിവകുമാറും സിദ്ധരാമയ്യയും മോദിയുടെ തന്ത്രങ്ങളെയും കര്‍ണാടകയുടെ അതിര്‍ത്തിക്കിപ്പുറം കടക്കാന്‍ സമ്മതിച്ചതുമില്ല. ഡികെയും സിദ്ധരാമയ്യയും ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്നത് പുതിയൊരു പാഠം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കര്‍ണാടകയില്‍ വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും കടകള്‍ അടപ്പിച്ച് രാഹുല്‍ ഗാന്ധി. പകരം സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കടകള്‍ തുറക്കുകയും ചെയ്തു. കര്‍ണാടകയിലെ രാഷ്ട്രീയം അപ്പാടേ വഴിതിരിയുകയാണ്.

ഹിജാബ്, മുസ്ലിം സംവരണം എന്നിങ്ങനെ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് ബിജെപി കൊണ്ടുവന്ന നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ഭീതിയും ആശങ്കയും ചില്ലറയായിരുന്നില്ല. പുറമെ ബജ്റങ്ക് ദള്‍ എന്ന പരിവാര്‍ സംഘടന ഉയര്‍ത്തിയ ഭീഷണി വേറെയും.


അധികാരത്തില്‍ വന്നാല്‍ ബജ്റങ്ക് ദളിനെ നിരേധിക്കുമെന്ന ഡികെ ശിവകുമാറിന്‍റെ പ്രഖ്യാപനം പ്രചാരണ രംഗത്ത് വലിയ വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.


publive-image

ഈ തെരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാര്‍ തന്നെയായിരുന്നു താരം. തെരഞ്ഞെടുപ്പു പോരാട്ടത്തിനുള്ള തന്ത്രങ്ങളൊക്കെയും അദ്ദേഹത്തിന്‍റെ തന്നെയായിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള എല്ലാ തര്‍ക്കങ്ങളും ശിവകുമാര്‍ മുന്‍കൈ എടുത്ത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടന ഇരുവരുടെയും കൈകളിലൊതുങ്ങി. ബിജെപിയെ നേരിടാന്‍ അവരുടെ സര്‍ക്കാരിന്‍റെ അഴിമതികള്‍ നിരത്തിവെച്ചു. കരാര്‍ പണിക്കൊക്കെയും 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണിതെന്ന ആരോപണം കണക്കിനു തന്നെ കൊണ്ടു.

വലിയ വ്യക്തിപ്രഭാവവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലിറങ്ങിയത് ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിനു വേണ്ടിയാണ്. പ്രചാരണത്തിന്‍റെ ചരടുകളൊക്കെയും മോദി സ്വയം ഏറ്റെടുത്തു. മോദി നടത്തിയ റോഡ് ഷോകള്‍ തന്നെ 18 എണ്ണം. എണ്ണമറ്റ റാലികള്‍ വേറെ. യുപിയിലും മറ്റും സ്വന്തം പേരുപറഞ്ഞ് വോട്ടുവാങ്ങിയ രീതിതന്നെയാണ് പ്രധാനമന്ത്രി കര്‍ണാടകത്തിലും പരീക്ഷിച്ചത്. സംസ്ഥാന നേതാക്കളാകട്ടെ, എല്ലാം മോദിയിലര്‍പ്പിച്ച് മാറിനിന്നു. പ്രചാരണമെല്ലാം മോദി നടത്തുമെന്ന പ്രതീക്ഷയില്‍.

തെരഞ്ഞെടുപ്പുകളെല്ലാം താന്‍ നേരിട്ടു നടത്തുന്ന യുദ്ധങ്ങളായാണ് നരേന്ദ്രമോദി കണക്കാക്കുന്നത്. ശത്രുപക്ഷത്ത് എപ്പോഴും രാഹുല്‍ ഗാന്ധിയെയും പ്രതിഷ്ഠിക്കും. രാഹുല്‍ ഗാന്ധിയേക്കാള്‍ താന്‍ എത്രയോ വലിയവന്‍ എന്നൊരു പ്രതീതി ജനിപ്പിക്കുന്നതില്‍ മോദി പ്രഗത്ഭനാണ്. പക്ഷെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ അതു സമ്മതിച്ചില്ല.

publive-image


മോദിയെ വില്ലുവിളിക്കാന്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുന്‍നിരയില്‍ നിന്നു. വികസനത്തിന്‍റെ കഥകളും ഇരട്ട എഞ്ചിന്‍ പല്ലവിയുമൊക്കെയായി നരേന്ദ്രമോദി മുന്നേറിയപ്പോള്‍ 40 ശതമാനം കമ്മീഷന്‍റെ അഴിമതിക്കഥകള്‍ നിരത്തി ശിവകുമാറും സിദ്ധരാമയ്യയും ശക്തമായ പ്രതിരോധം തീര്‍ത്തു. മോദിയെ മലര്‍ത്തിയടിച്ച് ശിവകുമാറും സിദ്ധരാമയ്യയും കര്‍ണാടക ഭരണം പിടിച്ചു.


എല്ലാം മോദി നോക്കിക്കൊള്ളുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകളാണ് ഇവിടെ തെറ്റിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതൃത്വങ്ങള്‍ക്ക് ഒരു വലിയ പാഠമാണ്. സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കാര്യങ്ങളൊക്കെയും സംസ്ഥാന നേതൃത്വങ്ങള്‍ക്കു വിടുകയാണ് നല്ല രാഷ്ട്രീയമെന്ന വലിയ പാഠം.

പണ്ട് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിങ്ങനെ തലയെടുപ്പോടെ നിന്ന എത്രയെത്ര നേതാക്കള്‍. ഒപ്പം സംസ്ഥാനങ്ങളില്‍ അതേ തലയെടുപ്പുള്ള നേതാക്കള്‍. വസന്ത് ദാദാ പാട്ടില്‍, ശരത് പവാര്‍, കെ കാമരാജ് എന്നിങ്ങനെ. തമിഴ്‌നാട്ടിൽ കോണ്‍ഗ്രസിനെ വളര്‍ത്തിയ കാമരാജ് പിന്നീട് എഐസിസി പ്രസി‍ഡന്‍റ് സ്ഥാനത്തേയ്ക്കും ഉയര്‍ന്നു.

ഈ രീതിക്കു പില്‍ക്കാലത്തു വന്ന മാറ്റം മനസിലാക്കാന്‍ ഒരു ഉദാഹരണം മതി. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയം. കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും. ഇരുവരും തികഞ്ഞ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കാലം. അപ്പോഴാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി മന്ത്രിസഭയില്‍ ചേരാനുള്ള തീരുമാനം വരുന്നത്. പകരം ആര് കെപിസിസി അധ്യക്ഷനാകും ? ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിയിരുന്നാലോചിച്ചു. ഒരാള്‍ മുഖ്യമന്ത്രി. മറ്റേയാള്‍ കെപിസിസി അധ്യക്ഷന്‍. ഇരുവരും ഡല്‍ഹിയിലെത്തി. സോണിയാ ഗാന്ധിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.

കെപിസിസി അധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ജി കാര്‍ത്തികേയന്‍ തന്നെയാണെന്നായിരുന്നു ഇരുവരും ഹൈക്കമാന്‍റിനെ ധരിപ്പിച്ചത്. കാര്‍ത്തികേയന്‍ അപ്പോള്‍ നിയമസഭാ സ്പീക്കറായിരുന്നു. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും നല്‍കിയ നിര്‍ദേശം ഹൈക്കമാന്‍റ് തള്ളി. പകരം കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍റ് നിയോഗിച്ചത് വിഎം സുധീരനെ. പല കാര്യങ്ങളിലും സര്‍ക്കാരുമായി യോജിച്ചു പോകാന്‍ കെപിസിസി അധ്യക്ഷനായ വിഎം സുധീരനു കഴിഞ്ഞില്ലെന്നത് പിന്നീടത്തെ ചരിത്രം.

publive-image


ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ ഇത്തവണ ഹൈക്കമാന്‍റ് ശ്രദ്ധിച്ചു എന്നത് വേറെ കാര്യം. അവരാകട്ടെ സ്വന്തം നിലയ്ക്കു തന്ത്രങ്ങള്‍ മെനഞ്ഞു. മോദി പ്രഭാവത്തെ വെല്ലുവിളിക്കാന്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ അഴിമതിക്കഥകള്‍ എടുത്തു വീശി. രാഹുല്‍ ഗാന്ധിയെയോ ഹൈക്കമാന്‍റിനെയോ പ്രചാരണത്തിന് ആശ്രയിച്ചതേയില്ല.


കോണ്‍ഗ്രസ് നേതാവായതുകൊണ്ടുമാത്രം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിരുന്നു ഡികെ ശിവകുമാര്‍. കണക്കില്‍പ്പെടാത്ത പണത്തിന്‍റെ പേരില്‍ ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ജെയിലിലടയ്ക്കുകയും ചെയ്തു. പക്ഷേ ശിവകുമാര്‍ ഒന്നിനെയും പേടിച്ചില്ല.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എതിര്‍ പക്ഷത്തായിരുന്നുവെങ്കിലും സിദ്ധരാമയ്യയുമായി സൗഹൃദമുണ്ടാക്കി. സംഘടന ശക്തിപ്പെടുത്തി. പ്രവര്‍ത്തകരെ സജീവമാക്കി. ഇഡിക്കും അതിനെ അഴിച്ചുവിട്ട ബിജെപി സര്‍ക്കാരിനുമെതിരെ അങ്കം ജയിച്ച ഡികെ ശിവകുമാറും സിദ്ധരാമയ്യയും രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്കൊക്കെയും പുതിയ പാഠങ്ങള്‍ നല്‍കുകയാണ്.

Advertisment