Advertisment

സംസ്ഥാനത്ത് 1100 സ്കൂളുകള്‍ ലഹരി മാഫിയ കൈയ്യടക്കിയെന്ന വാർത്ത മനസ് മരവിപ്പിക്കുന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മക്കൾ ലഹരിക്കടിമകളാണവിടെ. ഡോ. വന്ദന ലഹരിയുടെ രക്തസാക്ഷിയാണ്. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങൾ മയക്കുമരുന്ന് കേസ് പ്രതികളെ തൂക്കിക്കൊല്ലുകയാണു പതിവ്. ഇതില്‍ ഒരു ദാക്ഷിണ്യവും ഈ രാജ്യങ്ങള്‍ കാണിക്കില്ല. നമ്മുടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇതൊന്നും അറിയുന്നില്ലേ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

സംസ്ഥാനത്തെ സ്കൂളുകളിലേയ്ക്കു ലഹരി വ്യാപിക്കുകയാണ്. സ്കൂള്‍ കുട്ടികളെ വലവീശി പിടിക്കാന്‍ വളരെ എളുപ്പമാണെന്ന് ലഹരി മാഫിയ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.


സംസ്ഥാനത്ത് 1100 സ്കൂളുകള്‍ ഇങ്ങനെ പ്രശ്ന സ്കൂളുകളായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഈ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത പാലിക്കണമെന്ന് എക്സൈസ് വകുപ്പിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുന്നു.


കുറെ ദിവസം മുമ്പാണ് ലഹരി മാഫിയയുടെ വലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും കുടുങ്ങിയിട്ടുണ്ടെന്ന കാര്യം എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ ഒരു ഉദ്യോഗസ്ഥ യോഗത്തില്‍ സംസാരിക്കവെ വികാരഭരിതനായി ചൂണ്ടിക്കാട്ടിയത്.

ലഹരിക്ക് അടിമകളാകുന്നവരില്‍ പോലീസുദ്യോഗസ്ഥരുടെ മക്കളും ഉണ്ടെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥരെത്തന്നെ ഓര്‍മിപ്പിച്ചത്. അതുകൊണ്ട് ലഹരിക്കെതിരെ ജാഗ്രത പാലിക്കാനും കടുത്ത നടപടിയെടുക്കാനും പോലീസുദ്യോഗസ്ഥരാണ് മുമ്പില്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഒരു എസ്.പിയുടെ രണ്ടു മക്കളും ലഹരി മരുന്നിന് അടിമകളായിക്കഴിഞ്ഞ കാര്യവും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. മാധ്യമങ്ങള്‍ വലിയ പ്രചാരണമാണ് കമ്മീഷണര്‍ സേതുരാമന്‍റെ പ്രസംഗത്തിനു നല്‍കിയത്. സംസ്ഥാനത്ത് 1100 പ്രശ്നബാധിത സ്കൂളുകള്‍ ഉണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് കണ്ടെത്തിയ കാര്യം ശനിയാഴ്ച 'മലയാള മനോരമ'യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങളും എക്സൈസ് വിഭാഗവും നര്‍ക്കോട്ടിക് നിയന്ത്രണ സംവിധാനങ്ങളുമൊക്കെ കടുത്ത ജാഗ്രത പുലര്‍ത്തിയിട്ടും ലഹരി മാഫിയ സംസ്ഥാനത്ത് പടരുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഈ മാഫിയയുടെ കരങ്ങള്‍ നീളുന്നതെന്നത് സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്നു.


ഓരോ സ്കൂളിലും ആയിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ സഞ്ചരിക്കുന്ന വഴികളിലും കയറുന്ന കടകളിലുമെല്ലാം ഭീകരതയുടെ ഈ സംഘങ്ങള്‍ ഒളിച്ചു നിര്‍ക്കും. ഒരു കിട്ടിയെ വീഴ്ത്തിയാല്‍ അതുവഴി കൂടുതല്‍ കുട്ടികളെ വീഴ്ത്താനാകും. പെണ്‍കുട്ടികളും ഇങ്ങനെ ലഹരിക്ക് അടിപ്പെടുന്നുണ്ടെന്നതാണ് പേടിപ്പിക്കുന്ന കാര്യം.


കഞ്ചാവുപോലെയുള്ള ലഹരിയുടെ കാലം എന്നേ പോയിരിക്കുന്നു. ഇപ്പോള്‍ രഹസ്യ വിപണിയില്‍ കിട്ടുന്നത് രാസലഹരി വസ്തുക്കളാണ്. എംഡിഎംഎ, എസ്‌എസ്‌ഡി എന്നിങ്ങനെയുള്ള രാസപദാര്‍ത്ഥങ്ങള്‍. മിക്കതും പൊടി രൂപത്തിലാണു വാങ്ങാന്‍ കിട്ടുക. അതും പ്ലാസ്റ്റിക് കവറില്‍.

ഒളിച്ചു കടത്താനും ആരുമറിയാതെ വില്‍ക്കാനും രഹസ്യമായിത്തന്നെ ഉപയോഗിക്കാനും ഒരു പ്രയാസവുമില്ല. അതുകൊണ്ടുതന്നെ രാസലഹരി വസ്കുക്കള്‍ കടത്തുന്ന ഏജന്‍റുമാരെയും വില്‍ക്കുന്ന ഇടനിലക്കാരെയും കണ്ടെത്താനും പിടികൂടാനും ബുദ്ധിമുട്ടാണ്.

ഈയിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് തന്നെ പറഞ്ഞിരുന്നു. ആരോ തന്നെ അക്രമിക്കാന്‍ പിന്തുടരുന്നുവെന്ന് പാതിരായ്ക്ക് ഇയാള്‍ ഫോണില്‍ അറിയിച്ചതിനേതുടര്‍ന്നാണ് പോലീസ് എത്തിയതും പരിക്കേറ്റ ഇയാളെ രാത്രിതന്നെ ആശുപത്രിയിലാക്കിയതും വെളുപ്പിന് നാടിനെ നടുക്കിയ ദുരന്തമുണ്ടായതും.


രാസലഹരി പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനം ഇങ്ങനെയാണ്. നേരേ തലച്ചോറിനെയാകും ബാധിക്കുക. ആദ്യത്തെ ഒന്നോ രണ്ടോ ഉപയോഗം കഴിയുമ്പോഴേയ്ക്ക് അടിമയായിക്കഴിയും. അതാണ് മാഫിയ സംഘം സ്കൂള്‍ കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നത്. അവരെ സ്വാധീനിച്ചെടുക്കാന്‍ എളുപ്പമാണ്.


ആദ്യ തവണത്തെ ഉപയോഗത്തിന് രാസവസ്തുക്കള്‍ സൗജന്യമായി നല്‍കും. പിന്നെ എങ്ങനെയും പണമുണ്ടാക്കി വില്‍പനക്കാരെ തേടി നടന്നുകൊള്ളും. ഇത്തരം കുട്ടികളെ കാത്തിരിക്കുന്നത് ഭീകരമായ ദുരന്തമാണ്.

സിംഗപ്പൂര്‍ പോലെ ചില രാജ്യങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നവരെ പിടികൂടിയാല്‍ തൂക്കിക്കൊല്ലുകയാണു പതിവ്. ഇതില്‍ ഒരു ദാക്ഷിണ്യവും ഈ രാജ്യങ്ങള്‍ കാണിക്കില്ല. ലഹരി മരുന്നു മാഫിയയ്ക്കെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വളരെ കര്‍ശനമായി നീങ്ങിയേ മതിയാകൂ.

Advertisment