Advertisment

100 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിൻ്റെ അടിത്തറ തോണ്ടുന്നു; മണ്ണിടിച്ചിൽ ഭീഷണിയിൽ പെരിയാറിന്റെ തീരത്ത് നിരവധി കുടുംബങ്ങൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ഡ്രഡ്ജ് ചെയ്ത് ശേഖരിച്ചിക്കുന്ന മണൽ

കൊച്ചി: 2018 ലെ മഹാപ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് നീക്കം ചെയ്യുന്നതിൻ്റെ മറവിൽ പെരിയാറിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മണൽ കടത്തിക്കൊണ്ടു പോകുന്നു. ഇത് പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി പുറപ്പിള്ളിക്കാവിൽ നിർമ്മിച്ചിട്ടുള്ള റെഗുലേറ്റർ കം ബ്രിഡ്ജിനും അപകടകരമായ ഭീഷണി ഉയർത്തുകയും സമീപത്തെ വീടുകൾ പുഴയിലേക്ക് പതിക്കുന്നതിനും കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോട്ടപ്പുറം കായലിൽ നിന്നും പെരിയാറിലേക്ക് ഓര് വെള്ളം കയറുന്നത് തടയുന്നതിനായി അഞ്ച് വർഷം മുൻപാണ് 110 കോടി രൂപ ചിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ ഏകദേശം 200 മീറ്റർ ദൂരത്ത് നിന്നാണ് യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് മണൽ ശേഖരിക്കുന്നത്.

സർക്കാരിന്റെയും ജലവിഭവ വകുപ്പിന്റെയും ഒത്താശയോടെയാണ് രണ്ടര വർഷത്തോളമായി പ്രവൃത്തി തുടരുന്നത്. പുഴയുടെ അടിത്തട്ടിൽ നിന്നും മണൽ ഊറ്റിയെടുക്കുന്നത് പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾക്ക് ഗുരുതരമായ ബലക്ഷയത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല സമീപത്തെ തീരദേശത്തെ നിരവധി വീടുകൾ മണലൂറ്റ് മൂലം മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്.

ഇപ്പോൾ തന്നെ പലരുടെയും വീടിന്റെ സമീപത്ത് നിന്നും പുഴയിലേക്ക് മണ്ണിടിഞ്ഞു വീഴുന്നുണ്ട്. നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. 2018 ലെ പ്രളയത്തില്‍ പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം വന്‍ തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ചിലര്‍ ആസൂത്രിതമായി പ്രചരണം നടത്തിയിരുന്നു.

ഇതിനിടെ അണക്കെട്ടുകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണലും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിലാണ് മണൽക്കൊള്ള ആരംഭിക്കുന്നത്. ഇതിനായി ഈ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയം ഉണ്ടാകുമെന്നായിരുന്നു പ്രചാരണം.

എക്കൽ മണ്ണ് നീക്കം ചെയ്യാനാണ് പദ്ധതിയെങ്കിലും രണ്ടര വർഷമായി ഉയര്‍ന്ന കുതിര ശക്തിയുള്ള മോട്ടോര്‍ ഉപയോഗിച്ചാണ് മണല്‍ ഖനനം നടന്നു വരുന്നത്. പുഴയുടെ അടിത്തട്ടിൽ നിന്നും മണൽ വെള്ളത്തോടൊപ്പം അടിച്ച് കരയിലേക്ക് കയറ്റും. ഇതിൽ നിന്നും വെള്ളം ഊർന്ന് പോകുന്നതോടെ കരയിൽ വൻ മണൽ കൂന രൂപപ്പെടുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ പുഴയിൽ നിന്നും വൻതോതിൽ മണൽ വന്‍ ശേഖരിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി തുറക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കരയിൽ മലപോലെ സംഭരിക്കുന്ന സ്വർണ നിറത്തിലുള്ള മണൽ എക്സ്കവേറ്റർ ഉപയോഗിച്ച് വാഹനങ്ങളിൽ കയറ്റി വിടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇപ്പോള്‍ ഉള്ളതിന്റെ പതിന്മടങ്ങ് മണലാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. അനധികൃത മണല്‍ വാരല്‍ ശക്തമായതോടെ മണല്‍ മാഫിയ സംഘങ്ങള്‍ ഇവിടെ നിന്നും ദിനംപ്രതി ലോഡ് കണക്കിന് മണല്‍ കടത്തിക്കൊണ്ടു പോയതോടെയാണ് പുഴയ്ക്ക് ആഴം വര്‍ദ്ധിച്ചത്. ഇത്തരത്തില്‍ രൂപപ്പെട്ട കുഴികള്‍ പോലും ഇപ്പോഴും നികന്നിട്ടില്ല എന്നതാണ് വസ്തുത.

Advertisment