Advertisment

എച്ച്ഐവി കേവലം ആരോഗ്യപ്രശ്നം മാത്രമല്ല ഒട്ടേറെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ഒരു വികസന പ്രശ്നമാണെന്നു നിസ്സംശയം പറയാം; എച്ച്ഐവി പരിശോധന, പരിശോ‌ധനയ്ക്ക് വിധേയരാകേണ്ടവർ ആരൊക്കെ? എന്നിവ മനസ്സിലാക്കാം..

author-image
kavya kavya
New Update

എച്ച്ഐവിയെ (HIV) പറ്റിയുള്ള അജ്ഞത, രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും, എച്ച്ഐവി പരിശോധനയെപ്പറ്റിയുള്ള അറിവില്ലായ്മ, എനിക്ക് എച്ച്ഐവി പിടിപെടാൻ സാധ്യതയില്ല എന്ന തെറ്റിദ്ധാരണ തുടങ്ങിയവ എച്ച്ഐവി പരിശോധനയെ സാരമായി ബാധിക്കുന്നു.

Advertisment

publive-image

നമ്മുടെ സംസ്ഥാനത്ത് പലരും എച്ച്ഐവി അണുബാധ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയി വളരെ നാളുകൾക്കുശേഷം ഗുരുതര രോഗങ്ങൾ ബാധിച്ച് പരിശോധനയ്ക്കു വിധേയരാകുമ്പോഴാണ് എച്ച്ഐവി ബാധിതരാണെന്ന് തിരിച്ചറിയുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും.

എച്ച്ഐവി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യമുണ്ട്.

ഇവിടെ പരിശോധിക്കപ്പെടുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. പരിശോധനയ്ക്ക് അരമണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂ. അന്നുതന്നെ ഫലം ലഭിക്കുകയും ചെയ്യും. വളരെ രഹസ്യമായും സൗജന്യമായും എച്ച്ഐവി പരിശോധിക്കാമെന്നിരിക്കെ ഭയചകിതരാകാതെ സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിന് ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്. അഥവാ എച്ച്ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആർടി (ഉഷസ്സ്) കേന്ദ്രങ്ങളിൽ ലഭ്യമാണ്.

പരിശോ‌ധനയ്ക്ക് വിധേയരാകേണ്ടവർ..

∙ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ.

∙ എച്ച്ഐവി അണുബാധിതരുടെ ലൈംഗിക പങ്കാളികൾ.

∙ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ.

∙ ലൈംഗിക രോഗമുള്ളവർ.

∙ ക്ഷയരോഗ ബാധിതർ.

∙ ലഹരിമരുന്ന് കുത്തിവച്ച് ഉപയോഗിക്കുന്നവർ.

∙ എല്ലാ ഗർഭിണികളും

∙ എച്ച്ഐവി പോസിറ്റിവായ സ്ത്രീകൾക്കു ജനിച്ച കുഞ്ഞുങ്ങൾ.

∙ ലൈംഗികാതിക്രമങ്ങൾ നേരിട്ട വ്യക്തികൾ

∙ ഹെപ്പറ്റൈറ്റിസ് ബി/ ഹെപ്പറ്റൈറ്റിസ് സി ബാധിതർ

∙ സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാർ.

∙ പച്ച കുത്തിയിട്ടുള്ളവർ.

എച്ച്ഐവി അണുബാധിതരിൽ ശരാശരി 7 വർഷത്തോളം യാതൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ആയതിനാൽ മേൽ സൂചിപ്പിച്ച ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിർബന്ധമായും എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാകണം.

Advertisment