Advertisment

പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ എയ്ഡ്സ് അഥവാ എച്ച്‌ഐവിയെ പറ്റി ഇന്നും നിലനില്‍ക്കുന്നു; അബദ്ധ ജടിലമായ തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹം വച്ചുപുലര്‍ത്തുന്നു; പുലർത്തേണ്ട ജാഗ്രതകൾ..

New Update

പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ എയ്ഡ്സ് അഥവാ എച്ച്‌ഐവിയെ പറ്റി ഇന്നും നിലനില്‍ക്കുന്നു. ചികിത്സയില്ലാത്ത അസുഖമാണ്, രോഗിയെ കണ്ടാലോ തൊട്ടാലോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ ഈ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധ ജടിലമായ തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹം വച്ചുപുലര്‍ത്തുന്നു. ഇത് മാറ്റിയെടുക്കാനാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.

Advertisment

publive-image

ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്ഐവി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണിറ്റി വൈറസ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടിബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി.

രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയില്‍ നിന്നു ഗര്‍ഭകാലത്ത് കുഞ്ഞിലേക്ക്, രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, പൂര്‍ണമായും അണുവിമുക്തമാക്കാത്ത സൂചികള്‍ കൊണ്ട് കിട്ടുന്ന കുത്തുകള്‍ എന്നിവയാണ് പ്രധാനമായും ഈ രോഗം ശരീരത്തിലേക്ക് കടന്നുകയറാനുള്ള മാര്‍ഗങ്ങള്‍. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് അപൂര്‍വങ്ങളായ പൂപ്പല്‍ ബാധകള്‍, കാന്‍സറുകള്‍, ക്ഷയരോഗം മുതലായവ പെട്ടെന്ന് രോഗിയെ ബാധിക്കുന്നു.

ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ച മനുഷ്യര്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യംതന്നെ കിട്ടുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നതു കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Advertisment