Advertisment

ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളെ അകറ്റാനുള്ള ഡയറ്റ് ടിപ്സ് നോക്കാം...

New Update

ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ദഹനവ്യവസ്ഥയെ പ്രധാനമായും ബാധിക്കാറ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നതാണ്.  ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും, സമയത്തിന് ഉറക്കം ഉറപ്പാക്കുകയും, എല്ലാ ദിവസവും എന്തെങ്കിലും കായികമായ വിനോദങ്ങളോ വ്യായാമങ്ങളോ പതിവാക്കുകയും ചെയ്യുന്നതിലൂടെ ദഹനപ്രശ്നങ്ങള്‍ വലിയ അളവില്‍ പരിഹരിക്കാവുന്നതാണ്. ഇത്തരത്തില്‍ വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയും മലബന്ധവും അകറ്റാൻ വളരെ ലളിതമായൊരു ഡയറ്റ് ടിപ് നിര്‍ദേശിക്കുകയാണിനി.

Advertisment

publive-image

ഭക്ഷണം കഴിച്ച ശേഷം ഒരു നേന്ത്രപ്പഴം തൊലിയുരിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും ഇതില്‍ വിതറി കഴിക്കുക. ദഹനം എളുപ്പത്തിലാക്കുകയും മലബന്ധം അകറ്റുകയും ചെയ്യാൻ ഏറെ സഹായകമാകുന്ന ഘടകമാണ് ഫൈബര്‍. നേന്ത്രപ്പഴത്തിലാണെങ്കില്‍ ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ പൊട്ടാസ്യത്തിനാലും സമ്പന്നമാണ് നേന്ത്രപ്പഴം. പൊട്ടാസ്യമാകട്ടെ വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തടയാൻ ഒരുപാട് സഹായിക്കുന്നതാണ്. മിക്കവരിലും സോഡിയം ആണ് വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്ക് നയിക്കുന്നത്. ഇതാണ് നേന്ത്രപ്പഴം കാര്യമായും തടയുന്നത്.

മധുരക്കിഴങ്ങ്, കട്ടത്തൈര്, കെഫിര്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഹെര്‍ബല്‍ ചായകള്‍, ജീരകമിട്ട വെള്ളം എന്നിങ്ങനെ പല ഭക്ഷണപാനീയങ്ങളും മലബന്ധം തടയുകയും ഇതുവഴി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യാൻ സഹായിക്കുന്നവയാണ്. അധികവും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് ദഹനപ്രശ്നം പരിഹരിക്കുന്നതിന് ആശ്രയിക്കേണ്ടത്. ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ആദ്യമേ സൂചിപ്പിച്ചത് പോലെ കൃത്യമായ ഉറക്കം, കായികാധ്വാനം എന്നിവയും വേണം. മടി പിടിച്ചിരിക്കുന്ന ജീവിതരീതി, ശരീരമനങ്ങിയുള്ള ജോലികള്‍ തീരെ ഉള്‍പ്പെടാത്ത ജീവിതരീതി, മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്), ഉറക്കമില്ലായ്മ, അല്ലെങ്കില്‍ മുറിഞ്ഞ് മുറിഞ്ഞും നേരം തെറ്റിയുമുള്ള ഉറക്കം എന്നിവയെല്ലാം വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്കും മലബന്ധത്തിലേക്കും നയിക്കുന്നതാണ്.

Advertisment