സിരകള്‍ക്ക് യഥാർഥ രൂപം നഷ്ടപ്പെട്ട് വീര്‍ത്തും വളഞ്ഞുപുളഞ്ഞും കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. സിരാവീക്കം എന്നും ഇതറിയപ്പെടുന്നു. കാലുകളിലാണ് സാധാരണയായി വെരിക്കോസ് വെയ്ന്‍ കൂടുതലും കണ്ടുവരുന്നത്. കാലുകളിലെ രക്തം ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തിലേക്ക് എത്തിക്കുന്നത് സിരകളാണ്, ശുദ്ധീകരിച്ച രക്തം തിരിച്ച് കൊണ്ടുവരുന്നത് ധമനികളും. ഗുരുത്വാകര്‍ഷണത്തിന് വിപരീതമായി പ്രവര്‍ത്തിച്ച് കാലുകളിലെ രക്തം ഹൃദയത്തിലെത്തിക്കുന്നതിന് സിരകള്‍ക്കുള്ള ക്ഷമത കുറയുന്നതാണ് ഈ രോഗാവസ്ഥക്കു പിന്നിലെ കാരണം.
സിരകളിലൂടെ ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് മാത്രമാണ് നടക്കേണ്ടത്, എന്നാല്‍ സിരകളില്‍ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുണ്ടെങ്കില്‍ രക്തം തിരിച്ച് സിരകളിലേക്കുതന്നെ ഒഴുകുകയോ സിരകളില്‍ രക്തം കട്ടപിടിച്ച് കിടക്കുകയോ ചെയ്യും. ഇങ്ങനെ തങ്ങിനില്‍ക്കുന്ന അശുദ്ധരക്തം സിരകളില്‍ മർദമേൽപിക്കുകയും വെരിക്കോസ് വെയ്ന്‍ എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും. പ്രായംകൂടുന്നതോടെ സിരകളുടെ ഇലാസ്തികത നഷ്ടമാകുന്നതിനാല്‍ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്‍വുകള്‍ ദുര്‍ബലമാകുന്നത് കാരണം രക്തം പൂര്‍ണമായും ഹൃദയത്തിലേക്ക് ഒഴുകുന്നത് സാധ്യമാകാതെ തിരിച്ച് സിരകളിലേക്കുതന്നെയെത്തും. ഈ അശുദ്ധ രക്തം തളംകെട്ടിനില്‍ക്കുന്ന ഭാഗങ്ങള്‍ തടിച്ചുപൊങ്ങുകയും നീല നിറത്തില്‍ കാണപ്പെടുകയും ചെയ്യും.
തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായ രീതിയില്‍ അനുഭവപ്പെടണമെന്നില്ല. കാലുകളിലെ നിറവ്യത്യാസം, സിരകള്‍ തടിച്ച് നീലനിറത്തിലേക്കു മാറുന്നത്, കണങ്കാലില്‍ കറുപ്പ് നിറം, കൂടുതല്‍ സമയം നില്‍ക്കുമ്പോഴും കാലുകള്‍ തൂക്കിയിടുന്ന സമയങ്ങളിലും വേദന തുടങ്ങിയവയാണ് വെരിക്കോസ് ബാധിച്ചവരില്‍ കണ്ടുവരുന്ന പ്രാരംഭ ലക്ഷണങ്ങള്‍. കാല്‍മുട്ടിന് താഴെയുള്ള ഭാഗത്താണ് വേദന കൂടുതലായി അനുഭവപ്പെടുക.
ലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗാവസ്ഥ ഗുരുതരമാകാന്‍ വഴിവെക്കും. ക്രമേണ ഈ ഭാഗത്ത് മുറിവുകള്‍ സംഭവിക്കുന്നതിനും രക്തം പുറത്തേക്കൊഴുകുന്നതിനും കാരണമാകും. ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിന് കാലതാമസമെടുക്കുകയും ചെയ്യും. ചിലരില്‍ വേദന അനുഭവപ്പെടുന്നില്ലെങ്കിലും വലിയതോതില്‍ രക്തമൊഴുകാന്‍ ഇത് കാരണമാകാറുണ്ട്.