പഠനങ്ങളനുസരിച്ച് ടൈപ്പ് 2 പ്രമേഹരോഗികൾ മിതമായ അളവിലേ അരി ഭക്ഷണം കഴിക്കാവൂ. നാരുകൾ ധാരാളം അടങ്ങിയഭക്ഷണവും മുഴുധാന്യങ്ങളും ധാരാളം കഴിക്കുകയും വേണം.മിക്ക ആരോഗ്യവിദഗ്ധരും പ്രമേഹരോഗികൾക്ക് നിർദേശിക്കുന്ന ഭക്ഷണമെനു ഉണ്ട്. ആദ്യം സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ പിന്നീട് പരിപ്പ് അതിനുശേഷം കുറച്ച് ചോറ്. ഇങ്ങനെ പ്ലേറ്റ് നിറയ്ക്കുന്നത് ആവും നല്ലത്. പോഷകങ്ങൾ പ്രദാനം ചെയ്യുന്നതു കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ മികച്ചത് ഏത് അരി ആണെന്ന് മനസ്സിലാക്കുന്നത് ഏറെ പ്രധാനമാണ്.
ബ്രൗൺ റൈസ് (കുത്തരി), വൈൽഡ് റൈസ്, നീളം കൂടിയ വെളുത്ത അരി ഇവയെല്ലാം പോഷകങ്ങളോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ നല്ലതാണ്. അരി വേവിച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുക. ഇത് റസിസ്റ്റന്റ് സ്റ്റാർച്ചിനെ ഉണ്ടാക്കും. ഇത് മൂലം വളരെ കുറച്ച് അന്നജം മാത്രമേ വിഘടിക്കുകയുള്ളൂ. വൻകുടലിൽ ഭക്ഷണത്തെ പുളിപ്പിക്കാനും ഇതുവഴി ഉദരാരോഗ്യം മെച്ചപ്പെടുത്താനും റസിസ്റ്റന്റ് സ്റ്റാർച്ച് സഹായിക്കും.
ഇത് മലബന്ധം അകറ്റുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു മാത്രമല്ല മലാശയ അർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഭക്ഷണത്തിൽ റസിസ്റ്റന്റ് സ്റ്റാർച്ച് ഉൾപ്പെടുത്തുക വഴി ശരീരം ഇൻസുലിനോട് കൂടുതൽ പ്രതികരണശേഷി ഉള്ളതാവുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ട രീതിയിൽ നിയന്ത്രിക്കുകയും ചെയ്യും.