Advertisment

യുവതികളില്‍ ഹൃദയാഘാത നിരക്കുയരുന്നതിന്റെ കാരണങ്ങൾ അറിയാം..

New Update

ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുകയാണ്. 35നും 54നും ഇടയിലുള്ള പ്രത്യുത്പാദന ഘട്ടത്തിലുള്ള യുവതികളില്‍ ഹൃദ്രോഗസാധ്യത ഉയരുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇനി പറയുന്നവയാണ്.

Advertisment

publive-image

1. പുകവലി

പുകവലി നല്ല കൊളസ്ട്രോള്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍റെ തോത് കുറയ്ക്കും. മാത്രമല്ല ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് രക്തത്തിന്‍റെ കട്ടി വര്‍ധിപ്പിച്ച് രക്തധമനികളുടെ ഭിത്തികള്‍ക്ക് കേട് വരുത്തും. സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും നിരക്ക് രണ്ട് മുതല്‍ നാല് മടങ്ങ് പുകവലി വര്‍ധിപ്പിക്കുന്നതായാണ് കണക്ക്. പുരുഷന്മാരായ പുകവലിക്കാരെ അപേക്ഷിച്ച് സ്ത്രീകളായ പുകവലിക്കാരില്‍ ഹൃദ്രോഗ സാധ്യത 25 ശതമാനം അധികമാണ്. കാര്‍ബണ്‍ മോണോക്സൈഡും പുകയിലയും ഹൃദയത്തിനും തലച്ചോറിനും രക്തധമനികള്‍ക്കും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കാം.

2. ഉയര്‍ന്ന സമ്മര്‍ദം

മുന്‍തലമുറകളെ അപേക്ഷിച്ച് ഇപ്പോഴത്തെ യുവതികള്‍ക്ക് ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്. തൊഴിലിടത്തില്‍ പുരുഷന് തുല്യമോ അതിലും കൂടുതലോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവരാണ് ഇന്ന്  സ്ത്രീകള്‍. ഇതിനൊപ്പം കുടുംബത്തിലെ കാര്യങ്ങളും അവര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ സഹായമില്ലാതെ നിര്‍വഹിക്കേണ്ടി വരുന്നു. ഇതു മൂലമുണ്ടാകുന്ന സമ്മര്‍ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍  ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് രക്തക്കുഴലുകളിലെ നീര്‍ക്കെട്ടും ക്ലോട്ടുകളും ഉയര്‍ത്തുകയും ചെയ്യും. ഇവയെല്ലാം യുവതികളിലെ ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടതാണ്.

3. ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗം

ഗര്‍ഭനിയന്ത്രണത്തിനായി കഴിക്കുന്ന ഹോര്‍മോണല്‍ മരുന്നുകളും യുവതികളിലെ ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്നു. ഈ മരുന്നുകളിലെ ഹോര്‍മോണുകള്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതാണ് പ്രശ്നം. ഈ മരുന്നുകള്‍ കഴിക്കും മുന്‍പ് രക്തസമ്മര്‍ദത്തിന്‍റെ തോത് പരിശോധിക്കേണ്ടത് അതിനാല്‍തന്നെ അത്യാവശ്യമാണ്. രക്തത്തില്‍ ക്ലോട്ടുകളുണ്ടാക്കാനും എച്ച്ഡിഎല്‍ തോത് കുറയ്ക്കാനും എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് തോത് ഉയര്‍ത്താനും ഗര്‍ഭനിയന്ത്രണ മരുന്നുകള്‍ക്ക് സാധിക്കും.

4. പരമ്പരാഗത കാരണങ്ങള്‍

അമിതവണ്ണം, അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്ന പരമ്പരാഗത ഘടകങ്ങളാണ്. ഇതിനു പുറമേയാണ് പ്രമേഹം മൂലമുള്ള പ്രശ്നങ്ങള്‍. പ്രമേഹരോഗികളില്‍ ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതല്‍ നാല് മടങ്ങ് അധികമാണ്.

ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും തോതും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്‍ ഹൃദ്രോഗമുള്ളവരുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. നിത്യവുമുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും ഒഴിവാക്കല്‍ എന്നിവയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും.

Advertisment