Advertisment

വിഷമുള്ള പാമ്പു കടിച്ചാൽ ശരീരത്തിൽ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കുറഞ്ഞത് നാലുമണിക്കൂറിനുള്ളിൽ മറുമരുന്ന് കുത്തിവയ്ക്കണം. വൈകുംതോറും മരണസാധ്യത കൂടും.

Advertisment

publive-image

പാമ്പുകടി ഏൽക്കാതിരിക്കാൻ

ഏറ്റവും നല്ലത് പാമ്പുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ്. രാത്രികാലങ്ങളിലാണ് കൂടുതലും കടിയേൽക്കുന്നത്. ടോർച്ച് ഉപയോഗിച്ചാൽ അപകടസാധ്യത കുറയും, കാടുപിടിച്ച പ്രദേശത്തു പകൽ നടക്കേണ്ടി വന്നാലും ബൂട്ട് ഉപയോഗിക്കുക.

പ്രഥമശുശ്രൂഷ ഏറ്റവും പ്രധാനം

പാമ്പു കടിയേറ്റാൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നതും എന്തുചെയ്യാതിരിക്കുന്നു എന്നതും രോഗിയുടെ ജീവൻ രക്ഷിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാം. അനാവശ്യ ടെൻഷൻ (ഭീതി) ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. മിക്കപ്പോഴും വിഷമില്ലാത്ത പാമ്പിന്റെ കടിയാവും. വിഷമുള്ള പാമ്പാണെങ്കിലും ടെൻഷനുണ്ടായാൽ ഹൃദയമിടിപ്പും രക്തസമ്മർദവും കൂടുകയും വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാനും മരണം സംഭവിക്കാനും കാരണമാവുകയും ചെയ്യും. സമചിത്തതയോടെ, ടെൻഷനില്ലാതെ പാമ്പിൻ വിഷത്തിന് ചികിത്സ ഉള്ള ആശുപത്രിയിലെത്തുകയാണ് വേണ്ടത്.

പ്രഥമ ശുശ്രൂഷ: ചെയ്യേണ്ടതും ചെയ്യരുതാത്തതും

ചെയ്യരുതാത്തവ

∙ കാലിലോ കയ്യിലോ ആണ് സാധാരണ കടി ഏൽക്കാറ്. കടിയേറ്റ ഭാഗത്തിനു മുകളിലായി ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. വിഷം വ്യാപിക്കാതിരിക്കാൻ സഹായിക്കും. പ്രഥമശുശ്രൂഷയുടെ ആദ്യപടിയായി അങ്ങനെ ചെയ്യാൻ ഡോക്ടർമാർ ആവശ്യപ്പെടാറുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്ത ഓട്ടം സുഗമമാക്കണം. ഇല്ലെങ്കിൽ രക്തഓട്ടത്തിന് തടസം നേരിട്ട് കാലിൽ ഗാൻഗ്രീൻ ഉണ്ടാകാം. കാലുതന്നെ മുറിച്ചു മാറ്റേണ്ടതായും വരാം. അതുകൊണ്ട് അങ്ങനെ കെട്ടുന്നത് ഒഴിവാക്കുന്നതാണു നല്ലതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

∙ മുറിവിൽ പേസ്റ്റ്, പച്ചിലകൾ എന്നിവ തേക്കാൻ പാടില്ല.

∙ ബ്ലേഡ്, കത്തി എന്നിവ കൊണ്ട് മുറിവുണ്ടാക്കുകയോ വായ് കൊണ്ട് മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കുകയോ പാടില്ല.

∙ പാമ്പിനെ തിരിച്ചറിയാൻ വേണ്ടി അതിനെ സഞ്ചിയിലാക്കി കൊണ്ടു വരേണ്ടതില്ല. നമ്മുടെ നാട്ടിൽ വിഷമുള്ള നാല് ഇനം പാമ്പുകളുടെയും വിഷത്തിനെതിരെ പ്രവർത്തിക്കുന്ന വാലന്‍റ്റ് മരുന്നാണ് ഇന്നു നൽകുന്നത്.

ചെയ്യേണ്ടവ

∙ കാലിൽ ആണ് പാമ്പ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. നടന്നാൽ രക്ത ഓട്ടം കൂടുകയും വിഷം ശരീരത്തിലേക്ക് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. മിക്കവർക്കും ഈ കാര്യം അറിഞ്ഞുകൂടാ. നടക്കാതിരിക്കാൻ കാലിൽ ഒരു സ്പ്ലിന്റ് കെട്ടുന്നത് നന്നായിരിക്കും.

∙ പാമ്പിൻ വിഷത്തിന് ചികിത്സ നൽകുന്ന ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തുക.

പാമ്പിൻ വിഷം – ലക്ഷണങ്ങൾ

വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. അവ അറിഞ്ഞിരുന്നാൽ ചികിത്സ പെട്ടെന്ന് ആക്കാം.

∙ തളർച്ച, ക്ഷീണം, ബോധം മറയൽ, കണ്ണുകൾ അടഞ്ഞു പോവുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് മൂർഖൻ കടിച്ചാലുണ്ടാവുക. ഞരമ്പുകളെയാണ് വിഷം ബാധിക്കുന്നത്.

∙ അണലി പോലുള്ളവ കടിച്ചാൽ രക്തം കട്ടപിടിക്കാതെ വരും. തന്മൂലം മുറിവിൽ നിന്നു രക്തം പൊയ്ക്കൊണ്ടിരിക്കും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുക, രക്തം ഛർദിക്കുക എന്നിവയുമുണ്ടാകും

മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രത്യക്ഷപ്പെട്ടാൽ വിഷം ഉള്ള പാമ്പാണ് കടിച്ചതെന്ന് ഉറപ്പിക്കാം.

Advertisment