Advertisment

ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഒക്ടോബര്‍ 27 മുതല്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 200 പോയിന്റിലധികം വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

New Update
air pollution delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഉന്നതതല യോഗം. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Advertisment

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയിലും പരിസരത്തും വായു ഗുണനിലവാര സൂചിക 488 ലെത്തി. ഡല്‍ഹിയിലെ ആര്‍കെ പുരം (466), ഐടിഒ (402), പട്പര്‍ഗഞ്ച് (471), ന്യൂ മോട്ടി ബാഗ് (488) എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥയുള്ളത്. വര്‍ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് വിദ്യാലയങ്ങളുടെ അവധി നവംബര്‍ 10 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.

ഒക്ടോബര്‍ 27 മുതല്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 200 പോയിന്റിലധികം വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ മൂന്ന് മുതലാണ് വായു മലിനീകരണം ശക്തമായത്. 2021 നവംബര്‍ 12 ന് രേഖപ്പെടുത്തിയ 471 എന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഈ നവംബറിലും രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ സിഎന്‍ജി, ഇലക്ട്രിക്, ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചിട്ടുണ്ട്. ദീപാവലി കണക്കിലെടുത്ത് കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തും, മലിനീകരണ തോത് കുറയ്ക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും ഗോപാല്‍ റായ് നിര്‍ദേശിച്ചിരുന്നു. മലിനീകരണമുണ്ടാക്കുന്ന ട്രക്കുകള്‍, വാണിജ്യാവശ്യങ്ങള്‍ക്കുളള ഫോര്‍ വീലര്‍ വാഹനങ്ങള്‍ എന്നിവ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വായു മലിനീകരണം ശക്തമായതോടെ 50 ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

 

delhi latest news
Advertisment