Advertisment

ഐഎൻഎസ് വിക്രാന്തിന് പിന്നാലെ മറ്റൊന്ന് കൂടി; പുതിയ വിമാന വാഹിനി കപ്പൽ തദ്ദേശീയമായി നിർമ്മിക്കാൻ നാവിക സേന; പ്രതിരോധ മന്ത്രാലയം മുൻപാകെ നിർദ്ദേശം സമർപ്പിച്ചു

കഴിഞ്ഞ ദിവസമാണ് പുതിയ വിമാന വാഹിനി കപ്പലിനായുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയം മുൻപാകെ സമർപ്പിച്ചത്.

New Update
ins vikraant

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിന് പിന്നാലെ മറ്റൊരു വിമാന വാഹിനി കപ്പൽ കൂടി നിർമ്മിക്കാനുള്ള നീക്കവുമായി നാവിക സേന. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നാവിക സേന പ്രതിരോധ മന്ത്രാലയത്തിന് മുൻപാകെ സമർപ്പിച്ചു. ഈ മാസം രണ്ടിനായിരുന്നു ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു കപ്പൽ കൂടി തദ്ദേശീയമായി നിർമ്മിക്കാനുള്ള നീക്കത്തിലേക്ക് നാവിക സേന കടന്നിരിക്കുന്നത്. ഇത് പ്രതിരോധ രംഗത്തെ രാജ്യത്തിന്റെ ആത്മനിർഭരതയ്ക്ക് കൂടുതൽ കരുത്തേകും.

കഴിഞ്ഞ ദിവസമാണ് പുതിയ വിമാന വാഹിനി കപ്പലിനായുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയം മുൻപാകെ സമർപ്പിച്ചത്. രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആത്മനിർഭർ ഭാരതിന് കീഴിലാണ് പുതിയ കപ്പലും നിർമ്മിക്കുക എന്നാണ് നാവിക സേനയുടെ നിർദ്ദേശത്തിൽ പറയുന്നത്. ഐൻഎൻഎസ് വിക്രാന്ത് നിർമ്മിച്ച കൊച്ചിൻ ഷിപ്പിയാർഡ് തന്നെയാണ് പുതിയ കപ്പലിന്റെ നിർമ്മാണത്തിനായി നാവിക സേന നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിനായി ഉടനെ തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകുമെന്നാണ് സൂചന.

തദ്ദേശീയമായി രാജ്യം നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലാണ് ഐഎൻഐഎസ് വിക്രാന്ത്. 20,000 കോടി രൂപ ചിലവിട്ട് ആയിരുന്നു കപ്പലിന്റെ നിർമ്മാണം. കപ്പൽ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നവയിൽ 76 ശതമാനം വസ്തുക്കളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണ്. ഐഎൻഎസ് വിക്രാന്ത് പൂർത്തിയായതോടെ സ്വന്തമായി വിമാന വാഹിനി കപ്പൽ നിർമ്മിക്കുന്നതിനുള്ള ശേഷികൂടിയാണ് രാജ്യം സ്വന്തമാക്കിയത്.

latest news ins vikrant
Advertisment