Advertisment

ദ്രൗപതി മുർമു, ജോ ബൈഡൻ, ജസീന്ത ആർഡേൻ തുടങ്ങിയ 100 ലേറെ ലോകനേതാക്കൾ. ആകെ 2000 ത്തോളം വിശിഷ്ടാതിഥികൾ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് സാക്ഷിയാകും. ചടങ്ങുകൾ ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ. കിംഗ് ജോർജ് മെമ്മോറിയൽ ചാപ്പലിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം ഇനി രാജ്ഞിയ്ക്കും അന്ത്യവിശ്രമം. ചടങ്ങുകൾ കാന്റർബെറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടൻ : നീണ്ട 70 വർഷം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയെന്ന റെക്കാർഡ് സ്വന്തമാക്കിയ എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ബ്രിട്ടണിൽ പൂർത്തിയായി.

ഇതിനായി ലോക നേതാക്കളെല്ലാം ലണ്ടണിലെത്തി. സ്‌കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ വച്ച് സെപ്തംബർ 8നായിരുന്നു രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണ് മണിക്കൂറുകളോളം ക്യൂ നിന്ന് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിയ്ക്ക് അന്തിമോപചാരം അർപ്പിച്ചത്.


ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30 നാണ് സംസ്‌കാര ചടങ്ങുകൾ. കഴിഞ്ഞ ബുധനാഴ്ച മുതൽ ലണ്ടനിലെ പാലസ് ഒഫ് വെസ്റ്റ്മിൻസ്റ്ററിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്നുവന്ന രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പേടകത്തിന്റെ പൊതുദർശനം ഇന്ത്യൻ സമയം ഇന്ന് രാവിലെ 11ന് അവസാനിക്കും.


സംസ്‌കാര ചടങ്ങിൽ 100 ലേറെ ലോകനേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 2000 ത്തോളം വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ ലണ്ടനിലെത്തി.

publive-image

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുർമുവിനെയും സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, പത്‌നി ജിൽ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് - വാൾട്ടർ സ്റ്റെയ്ൻമെയർ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പോളിഷ് പ്രസിഡന്റ് ആൻഡ്രേ ഡ്യൂഡ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക്ക് - യോൾ തുടങ്ങിയവർ പങ്കെടുക്കും.

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ പത്‌നി ഒലേനയും ചൈനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാനുമാകും പങ്കെടുക്കുക.

ജാപ്പനീസ് ചക്രവർത്തി നരുഹിതോ, ചക്രവർത്തിനി മസാകോ, ബ്രൂണെ സുൽത്താൻ, ഒമാൻ സുൽത്താൻ, ജോർദ്ദാനിലെ അബ്ദുള്ള രാജാവ്, കുവൈറ്റ് കിരീടാവകാശി, ബെൽജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മാറ്റിൽഡ, നെതർലൻഡ്‌സ് രാജാവ് വില്ലെം അലെക്‌സാണ്ടർ, പത്‌നി മാക്‌സിമ രാജ്ഞി തുടങ്ങിയ രാജകുടുംബാംഗങ്ങൾ എന്നിവരുമുണ്ടാകും.


അഫ്ഗാനിസ്ഥാൻ, മ്യാൻമർ, സിറിയ, റഷ്യ, വെനിസ്വേല, ബെലറൂസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ക്ഷണമില്ല. ദക്ഷിണ കൊറിയ, നിക്കരാഗ്വ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടില്ലെങ്കിലും അംബാസഡർമാക്ക് പങ്കെടുക്കാം.


publive-image

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് പൊതുദർശനം അവസാനിച്ചാൽ, 12.30 തോടെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അതിഥികൾ എത്തിത്തുടങ്ങും.

രാജകുടുംബാംഗങ്ങൾ, യൂറോപ്യൻ രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കൾ, ലോകനേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 2,000 അതിഥികൾ ആബിയിലെത്തും.


3.15ന് രാജ്ഞിയുടെ ഭൗതികശരീരവുമായി വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് യാത്ര തുടങ്ങും. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാര്യേജിൽ അന്ത്യയാത്ര. അകമ്പടിയ്ക്ക് 142 നാവികർ.


ചാൾസ് മൂന്നാമൻ രാജാവ്, മക്കളായ വില്യം, ഹാരി എന്നിവർ അടക്കം മുതിർന്ന രാജകുടുംബാംഗങ്ങൾ അനുഗമിക്കും. സ്‌കോട്ടിഷ്, ഐറിഷ് റെജിമെന്റുകളുടെ ബാൻഡ്. റോയൽ എയർ ഫോഴ്‌സ്, ഗൂർഖ റെജിമെന്റ് എന്നിവിടങ്ങളിലെ സൈനികരുടെ പരേഡും ബ്രിട്ടന്റെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഗാർഡ് ഒഫ് ഓണറും ഉണ്ടായിരിക്കും.

3.30 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷകൾക്ക് തുടക്കം. വെസ്റ്റ്മിൻസ്റ്റർ ഡീൻ ഡേവിഡ് ഹോയ്ൽ, കാന്റർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി എന്നിവർ നേതൃത്വം വഹിക്കും.

പ്രധാനമന്ത്രി ലിസ് ട്രസും ശുശ്രൂഷാച്ചടങ്ങിൽ പങ്കാളിയാകും. 4.30 ന് ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് കടക്കും. രണ്ട് മിനിറ്റ് ദേശീയ മൗനാചരണം. ദേശീയ ഗാനാലാപനവും വിലാപ സംഗീതത്തോടെയും പരിസമാപ്തി.


4.45ന് രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ലണ്ടനിലെ ഹൈഡ് പാർക്ക് കോർണറിലെ വെല്ലിംഗ്ടൺ ആർച്ചിലേക്ക്. യാത്ര സാവധാനം കടന്നുപോകുന്ന വീഥിയിൽ പൊലീസ്, മിലിട്ടറി ഉദ്യോഗസ്ഥർ അണിനിരക്കും.


ബിഗ് ബെന്നിൽ ഒരു മിനിറ്റ് ഇടവിട്ട് മണി മുഴങ്ങും. ഹൈഡ് പാർക്കിൽ ഓരോ മിനിറ്റിലും ഗൺ സല്യൂട്ട്. ക്യൂൻ കൺസോർട്ട് കാമില, വില്യം രാജകുമാരന്റെ ഭാര്യ കേറ്റ്, ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ തുടങ്ങിയവർ കാറിൽ യാത്രയെ അനുഗമിക്കും.

publive-image

5.30ന് വെല്ലിംഗ്ടൺ ആർച്ചിൽ എത്തിച്ചേരുന്നതോടെ ഭൗതിക ശരീരം വഹിക്കുന്ന പേടകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നു. ശേഷം ബർക്ഷെയറിലെ വിൻഡ്സർ കാസിലിലേക്ക് യാത്ര. 7.30ന് വിൻഡ്‌സർ കാസിലിലെ ലോംഗ് വോക്ക് പാർക്കിലേക്ക് കടക്കുന്നു.

വിൻഡ്‌സർ കാസിലിൽ അങ്കണത്തിൽ വച്ച് ചാൾസ് രാജാവ് ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങൾ വിലാപയാത്രയോടൊപ്പം ചേരും. വിൻഡ്‌സർ കാസിലിലെ കർഫ്യൂ ടവറിലെ കൂറ്റൻ മണികൾ ഓരോ മിനിറ്റിലും മുഴങ്ങും. കാസിലിന്റെ മുറ്റത്ത് ഗൺ സല്യൂട്ടുകൾ. 8.30ന് രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പേടകം സെന്റ് ജോർജ്സ് ചാപ്പലിൽ എത്തുന്നു.


രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നത് ഇവിടെയാണ്. വളരെ അടുത്ത 800 പേർ മാത്രം കാന്റർബെറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലെ ചടങ്ങുകളിൽ പങ്കെടുക്കും.


രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകം ചാപ്പലിൽ ഭൂഗർഭ നിലവറയായ  റോയൽ വോൾട്ടിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ പേടകത്തിന് അരികിലേക്ക് മാറ്റും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചത്.

9.15ന് ചടങ്ങുകൾ അവസാനിക്കും. ഇന്ത്യൻ സമയം 12.00ന് ( യു.കെ സമയം രാത്രി 7.30 ) സെന്റ് ജോർജ്സ് ചാപ്പലിനുള്ളിലെ കിംഗ് ജോർജ് മെമ്മോറിയൽ ചാപ്പലിൽ എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഡ്യൂക്ക് ഒഫ് എഡിൻബറ, ഫിലിപ്പ് രാജകുമാരന്റെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യുന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാകും പങ്കെടുക്കുക.

Advertisment