Advertisment

ജോയ് ഡാനിയേലിന്റെ കഥാസമാഹാരം 'അമ്മിണിപ്പിലാവ്' കവർ പ്രകാശനം ചെയ്‌തു

New Update
anninippilavu

സത്യം ഓൺലൈനിൽ 'പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ' എന്ന കോളം എഴുതിവരുന്ന ജോയ് ഡാനിയേലിന്റെ രണ്ടാമത്തെ പുസ്തകം 'അമ്മിണിപ്പിലാവ്' കഥാസമാഹാരം പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്‌തു.

Advertisment

പ്രകാശനത്തോടൊപ്പം അദ്ദേഹം ഇപ്രകാരം കുറിച്ചു: "പ്രവാസ ലോകത്തു നിന്ന് പിറക്കുന്ന ഓരോ പുസ്തകങ്ങളെയും സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഞാൻ നോക്കി കാണുന്നത്. നമുക്കന്യമായ കഥകൾ പറഞ്ഞു തരാൻ ഒരാൾ കൂടി കൂട്ടുചേരുന്നു എന്നതാണ് അതിനു കാരണം. മലയാള വാരികകളിൽ ഇതിനോടകം തന്നെ മികച്ച കഥകൾ എഴുതി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ് ജോയ് ഡാനിയൽ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരം കൈരളി ബുക്സ് പുറത്തിറക്കുകയാണ്.  'അമ്മിണിപ്പിലാവ്' എന്ന ആ സമാഹാരത്തിനും ജോയ് ഡാനിയേലിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു".

അമ്മിണിപ്പിലാവിനെപ്പറ്റി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഇപ്രകാരം അഭിപ്രായപ്പെട്ടു. “കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകൾ പച്ചപ്ലാവിലപോലെ പടർന്നു കിടക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിൻറെ ഹൃദയവേദനയിൽ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല. ഇല്ലായ്മയിൽ സ്നേഹം ധനമാകുന്നു. പാവപ്പെട്ടവൻറെ അകെ ദിനചര്യയിൽ ചക്കയുടെ അരക്കുപോലെ പറ്റിപ്പിടിക്കുന്നത് അപരനോടുള്ള കരുതലും കരുണയുമാകുന്നു.

സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയിൽ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകൾ കൂടി പിറക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്.   'താനാരാണെന്ന അന്വേഷണം കൂടി' അമ്മിണി പിലാവിന്റെ അസ്തിത്വ വൈകാരികതയിൽ മുഴങ്ങുന്നുണ്ടല്ലോ. ലളിതമായി എഴുതുന്നത് പോരായ്മയല്ല.  സാധ്യതയാണ്. കഥയെഴുത്തിന്റെ ഭാഷയിലും രീതിയിലും ജോയി കൈവരിച്ച പാകത പ്രതീക്ഷയോടെ കാണുന്നു”.

കൈരളി ബുക്‌സ് ആണ് പ്രസാധകൻ. ഈ വരുന്ന നവംബറിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'അമ്മിണിപ്പിലാവ്' പുസ്തകപ്രകാശനം നടക്കും. സലിം റഹ്‌മാൻ ആണ് പുസ്‌തകത്തിന്റെ പുറംചട്ട രൂപകൽപന ചെയ്തത്.

Advertisment