Advertisment

ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; 2000 പേർ മരിച്ചതായി സൂചന, നിരവധി പേർ കടലിലേക്കൊഴുകി പോയി?

New Update
libiya

ലിബിയ: കിഴക്കന്‍ ലിബിയയില്‍ ദുരിതം വിതച്ച് ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും. അതിശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും ഡെര്‍നയില്‍ 2,000 പേരെങ്കിലും മരിച്ചതായാണ് സംശയിക്കുന്നതെന്ന് പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു.  

Advertisment

ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച അല്‍-മസാര്‍ ടെലിവിഷനുമായി നടത്തിയ ഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെര്‍നയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ 38 പേര്‍ മരിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്. എന്നാല്‍ ആ സമയത്ത് ഡെര്‍നയിലെ ദുരന്തത്തില്‍ പെട്ടവരുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. കിഴക്കന്‍ പട്ടണമായ ബൈദയില്‍ 23 പേരെങ്കിലും മരിച്ചതായി നഗരത്തിലെ പ്രധാന മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ ലിബിയയിലെ തീരദേശ പട്ടണമായ സൂസയില്‍ ഏഴു പേര്‍ കൂടി മരിച്ചതായി ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി അതോറിറ്റി അറിയിച്ചു. ഷഹാത്ത്, ഒമര്‍ അല്‍ മൊഖ്തര്‍ പട്ടണങ്ങളില്‍ ഏഴ് പേര്‍ മരിച്ചതായും മന്ത്രി പറഞ്ഞു.

ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഡെര്‍നയില്‍ വൈദ്യുതിയോ വാര്‍ത്താവിനിമയമോ ഇല്ലാത്ത സ്ഥിതിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെള്ളപ്പൊക്കത്തില്‍ പാര്‍പ്പിടങ്ങളും മറ്റ് സ്വത്തുക്കളും ഒഴുകിപ്പോകുന്നത് കാണാം.

5,000ത്തിലധികം ആളുകളെ ഡെര്‍നയില്‍ കാണാതായതായി പ്രതീക്ഷിക്കുന്നതായി കിഴക്കന്‍ ലിബിയ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി എസ്സാം അബു സെറിബ പറഞ്ഞു. ഇരകളില്‍ പലരും മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുകിപോയെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ജലനിരപ്പ് മൂന്ന് മീറ്റർ (10 അടി) വരെ ഉയർന്നതിനെത്തുടർന്ന് ഡെർനയിൽ നിരവധി പേർ മരിച്ചതായി ബെൻഗാസിയിലെ റെഡ് ക്രസന്റ് മേധാവി കൈസ് ഫക്കേരി സ്ഥിരീകരിച്ചു.

Advertisment