Advertisment

യമനിൽ രാജ്യാന്തര മേൽനോട്ടത്തിലുള്ള സമഗ്ര രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സൗദി - യു എ ഇ - അമേരിക്കൻ - ബ്രിട്ടീഷ് സംയുക്ത പ്രസ്താവന

New Update

publive-image

Advertisment

ജിദ്ദ: സായുധ സംഘർഷം നിലനിൽക്കുന്ന യമനിൽ സമഗ്രമായ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് നാല് രാഷ്ട്രങ്ങളുടെ സംയുക്ത സമ്മേളനം നിർദേശിച്ചു. സൗദി അറേബ്യ, യു എ ഇ, അമേരിക്ക, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങൾ വ്യാഴാഴ്ച സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് യമനിൽ സമാധാനം പുലരുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരത്തിനുള്ള പ്രതിബദ്ധതയാണ് എല്ലാവരും പുലർത്തേണ്ടതെന്ന് നിർദേശിച്ചത്.

യമൻ സർക്കാരിന്റെ ആസ്ഥാനം ഏദനിലേയ്ക്ക് ഉടൻ മാറണം. സാമ്പത്തിക അഭിവൃദ്ധിയ്ക്കും സമഗ്ര രാഷ്ട്രീയ പരിഹാരം യാഥാർത്യമാക്കുന്നതിനും ഭാവിയിൽ അന്താരാഷ്ട്ര മേൽനോട്ടം അനിവാര്യമാണ്. ഇക്കാര്യങ്ങൾക്കെല്ലാം ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് നടത്തുന്ന ശ്രമങ്ങൾക്ക് ചതുർരാഷ്ട്ര യോഗം പൂർണ പിന്തുണ അറിയിച്ചു.

യമൻ കറൻസിയുടെ വിലയിടിവിലും ഭക്ഷണ സാധനങ്ങളുടെ വലിയ തോതിലുള്ള വിലവർദ്ധനവിലും ആശങ്ക രേഖപ്പെടുത്തിയ യോഗം ഇതുമൂലം ജനജീവിതത്തിലും സമ്പദ്ഘടനയിലും ഉണ്ടാവുന്ന പ്രത്യാഘാതങ്ങളിൽ വലുതാണെന്ന് വിലയിരുത്തി. ഇക്കാര്യങ്ങളിൽ സൗദി നൽകുന്ന പിന്തുണയെ യോഗം പ്രകീർത്തിച്ചു. സൗദിയുടെ പെട്രോളിയം ഉത്പന്നങ്ങൾ യമനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

യമനിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് യമൻ ഭരണകൂടം അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ നാല് രാഷ്ട്രങ്ങളും അവരുടെ പ്രതിബദ്ധത ആവർത്തിച്ചു.

സാമ്പത്തിക കാര്യങ്ങൾക്കുള്ള ടെക്നിക്കൽ ഉപദേശക സമിതിയുടെ പ്രവർത്തനത്തിലൂടെ ഇക്കാര്യം സാധ്യമാകണം. യമൻ വിഷയത്തിൽ ഉണ്ടായിട്ടുള്ള "റിയാദ് ധാരണ" എത്രയും വേഗത്തിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ചതുർരാഷ്ട്ര യോഗം അടിവരയിട്ടു.

യമനിലെ സൗദി അംബാസഡർ, യു എ ഇ അംബാസഡർ, ബ്രിട്ടീഷ് അംബാസഡർ, യമനിലെ അമേരിക്കയുടെ ചാർജ് ഡി അഫയേഴ്‌സ് എന്നിവർ നടത്തിയ യോഗത്തെ തുടർന്നാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

NEWS
Advertisment