Advertisment

ദമ്മാമിൽ അടുത്തിടെ തൊഴിൽ വിസയിലെത്തിയ മലയാളി യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനൊടുക്കി

New Update

publive-image

Advertisment

ജിദ്ദ: ദമാമിൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് തൊഴിൽ വിസയിൽ എത്തിയ യുവാവ് ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ പലമേൽ നൂറനാട്, മുതുക്കാട്ടുകര കാർത്തികയിൽ ശിവദാസൻ - സുജ ദമ്പതികളുടെ മകൻ അഖിൽ ശിവദാസൻ (27) ആണ് ദമ്മാമിലെ അമൽ മെന്റൽ ഹെൽത്ത് കോമ്പ്ലെക്സിൽ തൂങ്ങി മരിച്ചത്. അവിവാഹിതനാണ്. നാട്ടിലുള്ള അമൽ ഏക സഹോദരനാണ്.

ഒരു ബന്ധു ഏർപ്പാടാക്കിയ തൊഴിൽ വിസയിൽ എത്തിയ അഖിൽ ജോലി തേടി നിരന്തരമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയകരമാവാതെ തുടരുന്നതിൽ കടുത്ത മാനസിക വിഷമത്തിൽ അകപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ വിവരിച്ചു.

തുടർന്ന് ദമ്മാമിൽ തന്നെയുള്ള സുഹൃത്തുക്കളുടെ അടുക്കൽ അഖിലിന് താമസം ഏർപ്പെടുത്തിയിരുന്നു. അവിടെ വെച്ചും മാനസിക അവസ്ഥ വഷളാവുകയായിരുന്നു. തുടർന്ന്, ദമാം നവയുഗം ഭാരവാഹികളായ പ്രസിഡന്റ് വാഹിദ് കാര്യര, ഷാജി മതിലകം, മണിക്കുട്ടൻ, ഷിബു കുമാർ എന്നിവർ അൽഖോബാർ കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയിൽ ചികിത്സക്കായി എത്തിക്കുകയും അവിടെ നിന്ന് ദമ്മാം അൽഅമൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചു കൊണ്ടിരിക്കവേ വാർഡിൽ തന്നെ അഖിൽ തൂങ്ങി മരിച്ചതായി പോലീസ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ഉണ്ടായത്. മൃതദേഹം നാട്ടിലേക്ക് അയക്കാനാണ് ഉദ്യേശിക്കുന്നതെന്ന് ഇക്കാര്യത്തിനായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Advertisment