Advertisment

ഹൃദയാഘാതം അരങ്ങു തകർക്കവേ: സൗദിയിൽ വെള്ളിയാഴ്ച മരണപ്പെട്ടത് നാല് മലയാളികൾ; ഒരാളുടെ അന്ത്യം ഉംറ കഴിഞ്ഞു മടങ്ങും വഴി വിമാനത്താവളത്തിൽ വെച്ച്; രണ്ട് പേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

New Update

 

Advertisment

publive-image

ജിദ്ദ: ഹൃദയാഘാതം പ്രവാസികൾക്കിടയിൽ പേടിപ്പെടുത്തുന്ന വില്ലനായി തുടരുകയാണ്. വെളളിയാഴ്ച സൗദിയിലെ വ്യത്യസ്തത സ്ഥലങ്ങളിലായി നാല് മലയാളികളാണ് ഹൃദയാഘാതം മൂലം വിട ചൊല്ലിയത്. ജിദ്ദയിൽ രണ്ടും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ഓരോന്നും പേരാണ് മരണപ്പെട്ടത്. ഇവരിൽ രണ്ടു പേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാവരുടെയും മരണകാരണം ഹൃദയാഘാതം തന്നെ.

ജിദ്ദയിൽ മരിച്ച ഒരാൾ ഉംറ ചെയ്യാനായി നാട്ടിൽ നിന്നെത്തിയ തീർത്ഥാടകനാണ്. കണ്ണൂര്‍, പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73 ) ആണ് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് മരിച്ചത്. ഭാര്യാ സമ്മതമാണ് ഇദ്ദേഹം ഉംറയ്ക്ക് എത്തിയിരുന്നത്. ഉംറയ്ക്ക് ശേഷം മദീന സന്ദര്‍ശനം കൂടി നിർവഹിച്ച ശേഷം ഭാര്യയോടൊപ്പം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതും മരണപ്പെട്ടതും.

മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് പ്രവർത്തകർ അറിയിച്ചു.

ജിദ്ദയിൽ മരണപ്പെട്ട മറ്റൊരാൾ കെ എം സി സിയുടെ സജീവ പ്രവർത്തകനും സാമൂഹ്യ വ്യക്തിത്വവുമാണ്. കെ എം സി സി സജീവ പ്രവർത്തകനുമായ കാസര്‍കോട് സ്വദേശിയാണ്. പാലക്കുന്ന്, കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ബാസ് - ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്.

ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയ സിദ്ദിഖ് വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് സിദ്ധീഖിനെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.

ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍,റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ,ഹനീഫ,മൈമൂന.

ജിദ്ദ കെ എം സി സി ഉദുമ മണ്ഡലം സെക്രട്ടറി കൂടിയാണ് സിദ്ധീഖ്. മയ്യിത്ത് സൗദിയില്‍ ഖബറടക്കും. നാല് മാസം മുമ്പാണ് നാട്ടില്‍നിന്നു സൗദിയിലേക്ക് പോയത്.

റിയാദിൽ കണ്ണൂര്‍ സ്വദേശിയുടെ മരണവും ഹൃദയാഘാതത്തെ തുടർന്നാണ്. കണ്ണൂർ, വയത്തൂര്‍, തൊട്ടിപ്പാലം സ്വദേശിയും കുഞ്ഞു മുഹമ്മദ് - നബീസ ദമ്പതികളുടെ മകനുമായ ചെമ്പയില്‍ വീട്ടില്‍ അലി അഷ്‌റഫ് (48) ആണ് മരണപ്പെട്ടത്.

ഭാര്യ: നബീസ ആനിക്കല്‍. മക്കള്‍: മുഹമ്മദ് സാലിഹ്, സാജിര്‍ ചെമ്പയില്‍, ഫാത്തിമത്ത് സജ. ഒന്നര പതിറ്റാണ്ടായി സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഖബറടക്കം റിയാദിൽ തന്നെ നടത്തുമെന്ന് ബന്ധുക്കളായ അബൂബക്കര്‍ ഫൈസി വെള്ളില, അന്‍വര്‍, സലാം, മുസ്തഫ എന്നിവർ പറഞ്ഞു. മരണാന്തര നടപടികൾ പൂർത്തിയാക്കാനായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്മായില്‍ പടിക്കല്‍, സൃഹൃത്ത് റഷീദ് കൊല്ലം തുടങ്ങിയവർ രംഗത്തുണ്ട്.

ദമ്മാമിൽ മരണപ്പെട്ടത് ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്ന പാലക്കാട് സ്വദേശിയാണ്. പാലക്കാട്, കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടിൽ സുനിൽ കുമാർ (50) ആണ് മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ മരണകാരണവും ഹൃദയാഘാതം തന്നെ.

ആറു വർഷത്തോളമായി ദമ്മാമിൽ വീട്ടിൽ ഡ്രൈവർ ആണ്ർ സുനിൽ കുമാർ. ഭാര്യ: സുമ. ഇരട്ട പെണ്കുട്ടികളായ നിയ സുനിൽ , നിതാ സുനിൽ എന്നീ ഇരട്ടക്കുട്ടികൾ മക്കളാണ്. ആറു വർഷങ്ങളായി ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ട് ഡ്രൈവർ ആണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് സൗദി കിഴക്കൻ മേഖലയിലെ സാമുഹ്യ പ്രവർത്തകൻ നാസ് വക്കം നേതൃത്വം നൽകുന്നു.

Advertisment