Advertisment

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത് മിനി ക്രിക്കറ്റ് ലോകകപ്പിന്. 8 രാജ്യങ്ങളുടെ സന്നാഹമത്സരങ്ങൾക്ക് വേദിയാവും. സന്നാഹമത്സരത്തിന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും എത്തിയേക്കും. ലോകകപ്പ് വേദി കിട്ടാതിരുന്നത് ജനുവരിയിലെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ ടിക്കറ്റ് വില ഉയർത്തിയതിനാൽ കാണികളില്ലാതിരുന്നത് പരിഗണിച്ച്. സന്നാഹമത്സരം നടത്തിപ്പ് കാര്യവട്ടത്തിന് വെല്ലുവിളി

New Update

publive-image

Advertisment

തിരുവനന്തപുരം : തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത് ഏകദിന ക്രിക്കറ്റ് മിനി ലോകകപ്പിനാണ്. 8 രാജ്യങ്ങളുടെ സന്നാഹമത്സരങ്ങൾക്കാണ് കാര്യവട്ടം സ്റ്റേഡിയം വേദിയാവുക. ലോകകപ്പിന് മുന്നോടിയായുള്ള നാല് പരിശീലന മത്സരങ്ങളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുക.

തുടർച്ചായയി നാലു മത്സരങ്ങൾ നടത്തുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷന് വെല്ലുവിളിയാണ്. കഴിഞ്ഞ ജനുവരിയിൽ നടത്തിയ ഇന്ത്യ- ശ്രീലങ്ക മത്സരത്തിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ കൂട്ടിയതിനാൽ കാണികളില്ലാതിരുന്നത് പരിഗണിച്ചാണ് ഇത്തവണ കാര്യവട്ടത്തിന് ലോകകപ്പ് വേദി അനുവദിക്കാത്തതെന്നാണ് സൂചന.

ശരിക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കേളികൊട്ട് നടക്കുന്നത് കാര്യവട്ടത്താണ്. ഇന്ത്യയും ഓസ്ട്രേലിയയും ഉൾപ്പടെയുള്ള പ്രധാനപ്പെട്ട ടീമുകൾ സന്നാഹമത്സരത്തിനായി കാര്യവട്ടെത്ത് എത്തും. ദക്ഷിണാഫ്രിയും ന്യൂസിലാൻഡും പരിശീലനമത്സരത്തിനായി കാര്യവട്ടത്ത് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്ക് എതിരെ സന്നാഹം കളിക്കാൻ പാകിസ്ഥാൻ ടീം എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. സന്നാഹ മത്സരങ്ങളുടെ ഫിക്സചറും ടീമുകളുടെ വിവരവും ഐ.സി.സി ഒൗദ്യോഗികമായി പ്രഖ്യാപിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ പ്രധാനപ്പെട്ട ടീമുകളുടെ കളി കണ്ട് വിലയിരുത്താനുള്ള അവസരമാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്.

ഗ്രീൻ ഫീൽഡിൽ നടക്കുന്ന സന്നാഹമത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാവും നിശ്ചയിക്കുക. നാലുമത്സരങ്ങൾക്കും കൂടിച്ചേർത്ത് സീസൺ ടിക്കറ്റ് ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്.

സെപ്തംബർ 29ന് അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സന്നാഹമത്സരം. ഒക്ടോബർ ഒന്നിന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലോ ഓസ്ട്രേലിയയും യോഗ്യതാ റൗണ്ട് കടന്നെത്തുന്ന ടീമും തമ്മിലോ സന്നാഹമത്സരം നടക്കും.

ഒക്ടോബർ രണ്ടിന് ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സന്നാഹത്തിനും തിരുവനന്തപുരം വേദിയാവും. ഒക്ടോബർ മൂന്നിന് യോഗ്യതാറൗണ്ട് കടന്നെത്തുന്ന ഒരു ടീമുമായി ഇന്ത്യയുടെ സന്നാഹ മത്സരം നടക്കും.

ലോകകപ്പിനായി 15 വേദികൾ ബി.സി.സി.ഐ പരിശോധിച്ച് നിലവാരമുള്ളതെന്ന് റിപ്പോർട്ട് നൽകിയതിൽ തിരുവനന്തപുരവുമുണ്ടാതിരുന്നു. അതിൽ 10 വേദികളെയാണ് ലോകകപ്പ് മത്സരങ്ങൾക്കായി ഐ.സി.സി തിരഞ്ഞെടുത്തത്. ഇക്കൂട്ടത്തിൽപ്പെട്ടില്ലെങ്കിലും സന്നാഹ മത്സരവേദിയായി തിരുവനന്തപുരത്തിന് അവസരം നൽകി.

സ്വന്തമായി സ്റ്റേഡിയമില്ലാതിരുന്നിട്ടും ലോകകപ്പ് സന്നാഹമെങ്കിലും നടത്താൻ അവസരം ലഭിക്കുന്ന ഏക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് കേരളത്തിലേത്. കഴിഞ്ഞ തവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ നടന്ന മൊഹാലി, സ്ഥിരം ടെസ്റ്റ് വേദികളായ രാജ്കോട്ട്, റാഞ്ചി തുടങ്ങിയവർക്ക് ഇത്തവണ സന്നാഹമത്സരങ്ങൾക്ക് പോലും അനുവദിച്ചിട്ടില്ല.

അന്താരാഷ്ട്ര മത്സരം നടത്തുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് അടുത്തടുത്ത ദിവസങ്ങളിൽ നാലുസന്നാഹമത്സരങ്ങൾ നടത്തുന്നത്. നാലുമത്സരങ്ങൾക്കായി എട്ടു ടീമുകളാണ് എത്തുന്നത്. ഇവരുടെ താമസം, യാത്ര, ഭക്ഷണം എന്നിവയെല്ലാം കൃത്യതയോടെ തയ്യാറാക്കണം.

മത്സരങ്ങൾക്കായി പിച്ചുകൾ തയ്യാറാക്കണം. ഐ.സി.സി പ്രോട്ടോക്കോൾ അനുസരിച്ച് കോർപ്പറേറ്റ് ബോക്സുകൾ തയ്യാറാക്കണം. വലിയ വെല്ലുവിളിയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് മുന്നിലുള്ളത്.

Advertisment