Advertisment

തിരിച്ചുവരവിനൊരുങ്ങുന്ന വിനോദ സഞ്ചാരമേഖലയ്ക്ക് പാര പണിത് വനം വകുപ്പ് ! ആലുവാ- മൂന്നാര്‍ റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിലും വാളറകുത്തിലും വാഹനം നിര്‍ത്തരുതെന്ന് വനം വകുപ്പിന്റെ നിര്‍ദേശം.വന്യജീവികള്‍ കാടിറങ്ങുമ്പോഴും നടപടികള്‍ സ്വീകരിക്കാതെ ഉട്ടോപ്യന്‍ ഉത്തരവുകള്‍ മാത്രം പുറപ്പെടുവിക്കുന്ന വനം വകുപ്പിന്റെ നടപടി വിനോദ സഞ്ചാര മേഖലയെ പിന്നോട്ടടിക്കുമെന്നും ആശങ്ക

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കോവിഡിന് ശേഷം വിനോദ സഞ്ചാരമേഖല തിരിച്ചുവരവിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള നീക്കവുമായി വനം വകുപ്പ്. കേരളത്തില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാറിലേക്കുള്ള പ്രധാനപാതയായ ആലുവ-മൂന്നാര്‍ റോഡില്‍ ചില ഉട്ടോപ്യന്‍ നിയന്ത്രണങ്ങളാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്.

ആലുവ-മൂന്നാര്‍ റോഡില്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന രണ്ടു സ്ഥലങ്ങളാണ് ചീയപ്പാറ വെള്ളച്ചാട്ടവും വാളറ കുത്തും. ഇരു സ്ഥലങ്ങളിലെയും വെള്ളച്ചാട്ടം അത്രയധികം ആകര്‍ഷകമാണ്. എന്നാല്‍ ഈ രണ്ടു സ്ഥലത്തും വാഹനങ്ങള്‍ നിര്‍ത്തരുതെന്നാണ് വനം വകുപ്പിന്റെ നിര്‍ദേശം.

ഈ രണ്ടു സ്ഥലത്തിനുമിടയിലുള്ള പത്തു കിലോമീറ്റര്‍ ദൂരത്തിനിടയില്‍ വന്യജീവികള്‍ ഇറങ്ങാനിടയുള്ളതിനാലാണ് വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്തരുതെന്ന നിര്‍ദേശം വനം വകുപ്പ് നല്‍കിയത്. ഇത് വിനോദസഞ്ചാരികളുടെ വരവിനെ തടയുമെന്നു തന്നെയാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയുമൊക്കെ ആശങ്ക.

വന്യജീവികള്‍ കാടിറങ്ങുന്നു എന്ന പേരില്‍ വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം തടയാനാണ് വനം വകുപ്പ് തീരുമാനിക്കുന്നതെങ്കില്‍ ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊന്നും പല പ്രദേശത്തും ആര്‍ക്കും കടക്കാനാവില്ല. ഇത് വിനോദ സഞ്ചാരമേഖലയെ പിന്നോടു നയിക്കും എന്നു ഉറപ്പാണ്.

കാടിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാനും അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതും വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ അവര്‍ അതിനു ശ്രമിക്കാതെ ഇത്തരം പൊട്ടത്തരങ്ങളുമായി മുമ്പോട്ടു പോകുകയാണ്. വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടങ്ങളില്‍ കാര്യക്ഷമമായ ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ വനം വകുപ്പിന് കഴിയുന്നില്ല.

ആളുകളോട് വന്യജീവി വന്നാല്‍ പുറത്തിറങ്ങരുത് എന്ന നിര്‍ദേശം മാത്രമാണ് വനം വകുപ്പ് നല്‍കുന്നത്. ഇതില്‍ പലയിടത്തും നാട്ടുകാര്‍ അസ്വസ്ഥരാണ്. ഈ വിഷയത്തില്‍ വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Advertisment