Advertisment

കാർബൺ കാൽപ്പാടില്ലാതെ തൃത്താലയിൽ സമഗ്ര കാർഷിക വികസന പദ്ധതി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

തൃത്താല മണ്ഡലത്തിൽ കാർഷിക മേഖലയിലെ പദ്ധതികൾ കൂട്ടിയിണക്കി ഉൽപ്പാദന വർധനവും കർഷകർക്ക് കൂടുതൽ വരുമാനവും ലക്ഷ്യമിട്ട് കാർബൺ കാൽപ്പാടില്ലാത്ത സമഗ്ര കാർഷിക വികസന പദ്ധതി നടപ്പാക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ആസൂത്രണ ബോർഡ്, വിവിധ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെ വിദഗ്ധരും പങ്കെടുത്ത യോഗം വിവിധ മേഖലകളിലെ പദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്തു.

കാർബൺ കാൽപാടുകളില്ലാത്ത കാർഷികമേഖലയെ വളർത്തിയെടുക്കുകയും ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിടുകയും ചെയ്യുന്ന സമഗ്ര കാർഷിക വികസന പദ്ധതി പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. നിലവിൽ കാർഷിക-അനുബന്ധ മേഖലകളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട വിവിധ പദ്ധതികളെ കൂട്ടിയിണക്കും. കാർഷിക പശ്ചാത്തലമേഖല വികസനത്തിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തും. മനുഷ്യശേഷി അടക്കമുള്ള വിഭവങ്ങളെ കോർത്തിണക്കി കാർഷികമേഖലയുടെ സമഗ്രവും സമ്പൂർണവുമായ വികസനത്തിനും നവീകരണത്തിനും പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മേഖലയിലെയും സാധ്യതകളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ച വിദഗ്ധരെ പങ്കെടുപ്പിച്ച് കൂടുതൽ വിശദമായ ചർച്ച നടത്തും. പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് മണ്ഡലത്തിലെ കാർഷിക മേഖലയിൽ നിന്നുള്ളവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്പശാല നടത്തും. വിദഗ്ധർ ക്ളാസുകൾ നയിക്കും.

സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ ടി. വി. സുബാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്പീക്കർ എം. ബി. രാജേഷ് ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ്, കില ഡയറക്ടർ ഡോ . ജോയ് ഇളമൺ, കേരള വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ . പി. സുധീർബാബു, കേരള കാർഷിക സർവകലാശാല ആസൂത്രണ വിഭാഗം ഡയറക്ടർ ഡോ . ടി. പ്രദീപ്കുമാർ, കേരള കാർഷിക സർവകലാശാല കാർഷിക എഞ്ചിനീയറിംഗ് വിഭാഗം തലവൻ ഡോ. കെ. പി. സുധീർ, ഫിഷറീസ് സർവകലാശാല എക്സ്റ്റൻഷൻ വിഭാഗം ഡയറക്ടർ ഡോ. ഡെയ്‌സി സി. കാപ്പൻ, ഡോ. ജോജു ഡേവിസ്( പിആർഒ, മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസ്), ഡോ. പി. രാജി (പട്ടാമ്പി മേഖല കാർഷിക ഗവേഷണകേന്ദ്രം), ഡോ. കെ. വി. സുമിയ ( പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം), ഡോ. പി. കെ സുരേഷ്‌കുമാർ( കേരള കാർഷിക സർവകലാശാല അഗ്രി. എഞ്ചിനീയറിംഗ് വിഭാഗം), ഡോ. എ. പ്രേമ (കേരള കാർഷിക സർവകലാശാല അഗ്രി. എക്കണോമിക്സ് വിഭാഗം), ഡോ. അബ്ദുൾ ജബ്ബാർ( മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം), പി എം. അനീഷ് ( തൃത്താല ബ്ളോക്ക് പ്രോഗ്രാം ഓഫീസർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ,

തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. എസ്. റോസലിൻഡ് തൃത്താലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. പി. സിന്ധുദേവി (കൃഷി ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്) സ്വാഗതം പറഞ്ഞു.

വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും വിദഗ്ധർ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന തല ഉദ്യോഗസ്ഥരടങ്ങുന്ന കോർ കമ്മിറ്റി, വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ടെക്‌നിക്കൽ കമ്മിറ്റി, ജനപ്രതിനിധികൾ ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി എന്നിവയെ തെരഞ്ഞെടുത്തു.

Advertisment