Advertisment

ഇത് വേറിട്ട കാരുണ്യ മാതൃക. ഗൃഹപ്രവേശന ചടങ്ങും കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാക്കി ഇതാ ഒരു വില്ലജ് ഓഫീസർ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്: മനുഷ്യ സ്നേഹികളുടെ ദയയും സഹായവും ലഭ്യമാക്കി ജീവകാരുണ്യ വഴിയിൽ സമൂഹത്തിനു മാതൃക തീർക്കുകയാണ് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പെരുവെമ്പ് വില്ലേജ് ഓഫീസർ കൂടിയായ ഇ.ബി.രമേശ്. ആർഭാടവും ധൂർത്തുമായി വിവാഹങ്ങളും ഗൃഹപ്രവേശന ചടങ്ങുകളും മാറുമ്പോൾ എല്ലാവർക്കും മാതൃകയായി രമേശ്‌ എന്ന വില്ലേജ് ഓഫീസറുടെ ഗൃഹപ്രവേശനം.വീട്ടിലേക്കുള്ള ഉപഹാരങ്ങളും സ്നേഹത്താലുള്ള സമ്മാനപ്പൊതികളും നിരസിച്ച് പകരം പണം സ്വീകരിച്ച് ഭിന്നശേഷിക്കാരനായ ഒരു സഹോദരന് വീട് നിർമ്മിച്ചു കൊടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ധനസമാഹരണത്തിന് പിന്നിൽ.

തേങ്കുറിശ്ശിയിലെ ഭിന്നശേഷിക്കാരനായ ദിലീപിന് സർക്കാരിന്റെ ഭവന പദ്ധതിയിലൂടെ ലഭിച്ച തുകകൊണ്ട് മാത്രം വീടുപണി പൂർത്തിയാകില്ലെന്ന് ബോധ്യപ്പെട്ടതോടെ രമേശ് നേതൃത്വം കൊടുക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് ഇടപെടുകയായിരുന്നു.വ്യക്തിപരമായി പലരും കാരുണ്യപ്രവർത്തനങ്ങൾ നടത്താറുണ്ടെങ്കിലും കുടുംബമൊന്നാകെ ഇതിനു തയ്യാറായി മുന്നോട്ടുവന്നതും അപൂർവതയാണ്.വളരെ മുമ്പ് തന്നെ ഇങ്ങനെ ഒരു ആശയം മനസ്സിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ പുതിയ വീടിന്റെ കയറി താമസത്തിലാണ് അവസരം ഒത്തു വന്നതെന്നും ഇ.ബി. രമേശ്‌ പറഞ്ഞു.

ട്രസ്റ്റ് ചെയർമാനായ രമേശ് തന്റെ ഗൃഹപ്രവേശനത്തിന് ഒപ്പം ദിലീപിന്റെ വീടിന്റെ പണിയും പൂർത്തിയാക്കാൻ ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ വേണ്ടപ്പെട്ടവർ പലരും ഈ ആശയത്തോട് യോജിക്കണോ വിയോജിക്കണോ എന്നൊരു കൺഫ്യൂഷനിലായി.

രമേശിന്റെ ക്ഷണക്കത്തിൽ 'പാരിതോഷികങ്ങൾ വേണ്ടാ,അത്രക്ക് നിർബന്ധമുളളവർക്ക് ഗൃഹപ്രവേശ ചടങ്ങിന് വരുമ്പോൾ പണം നല്‍കിയാൽ മതി' എന്ന് വായിച്ചവരും ആദ്യം ഒന്നു ശങ്കിച്ചു. എന്നാൽ അടുത്ത വാചകം കണ്ടപ്പോൾ ഒരു തീരുമാനമെടുത്തു.

പണവുമായി തന്നെ പോകും.കാരണം ഉദ്ദേശിച്ച പണത്തിൽ നിന്ന് സംഖ്യ അല്പമൊന്ന് കൂട്ടുവാനും അതിഥികൾ തീരുമാനിച്ചിട്ടുണ്ടാവാം.

പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ബന്ധുമിത്രാദികളും സുഹൃത്തുക്കളും വീട്ടു ചടങ്ങിനെത്തി. പരുത്തിപ്പുളളി ക്ഷേത്രത്തിനു സമീപമാണ് പുതിയ വീട് പണികഴിപ്പിച്ചിട്ടുള്ളത്.

നന്മനിറഞ്ഞ മനസ്സുകൾ സമ്മാനങ്ങൾ ഒഴിവാക്കി പണം നൽകി കാരുണ്യ പ്രവർത്തിക്ക് പിന്തുണയേകിയപ്പോൾ സമാഹരിക്കാനായത് മൂന്നര ലക്ഷത്തോളം രൂപ.

രമേശിന്റെ പുതിയ വീടിന്റെ മുന്നിൽ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാരഥികൾ താല്‍ക്കാലിക ഓഫീസാക്കി പ്രവർത്തിക്കുകയായിരുന്നു. അവിടെ ടേബിളും കമ്പ്യൂട്ടറും രസീത് ബുക്കും വച്ചു.

ദയയുടെ പ്രവർത്തകർ കസേരകളിൽ ഇരുന്നു.

ദിലീപ് എന്ന ഭിന്നശേഷിക്കാരന് സ്വന്തമായി വീട് ഒരുക്കാനുള്ള വേറിട്ട ഗൃഹപ്രവേശന മാതൃക അങ്ങനെ വിജയകരമായി. രമേശിനും കുടുംബത്തിനും സ്വന്തം വീടെന്ന സ്വപ്നം പൂവണിയുമ്പോൾ, ദിലീപിനും ഇനി സമാധാനത്തോടെ അന്തിയുറങ്ങാൻ പാർപ്പിടമൊരുങ്ങുകയാണ്. വന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും മനസ്സ് സന്തോഷിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരുന്നു. ഗൃഹപ്രവേശനത്തിൽ മാത്രമല്ല മഹത്തായ ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടി പങ്കാളി ആയതിന്റെ നിർവൃതി, അതിഥികൾക്കും അവിസ്മരണീയവും അനുഭൂതിദായകമായ ചടങ്ങായി മാറി.

ഗൃഹപ്രവേശന പരിപാടിയിൽ കൂടി സമാഹരിച്ച ആകെ തുക വസതിയിൽ വെച്ചു തന്നെ പ്രഖ്യാപിച്ചു.ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.വിജയൻ വി ആനന്ദ് പ്രഖ്യാപനം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ മഹത്തായ പരിപാടിക്ക് എത്തിയിരുന്നു.വനിതകൾ ഉൾപ്പെടെ ദയാ ട്രസ്റ്റിലെ സന്നദ്ധ സേവകരുടെ ആത്മാർഥമായ സേവനമാണ് ഏതു സാന്ത്വന പ്രവർത്തനത്തിനും കരുത്താവുന്നതെന്ന് ഇ.ബി.രമേശ് പറഞ്ഞു.

Advertisment