Advertisment

ചെള്ളുപനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു; പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി; രോഗലക്ഷണമുള്ളവര്‍ ഉടന്‍ വൈദ്യസേവനം തേടണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും.

വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡൻറ് ഷാജി ദാസിന്റെയും അനിതയുടെയും മകളാണ്.

എന്താണ് ചെള്ളുപനി ?

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങള്‍

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

Advertisment