Advertisment

തൽസമയ ചിത്രരചനയിലും സ്‌കൂള്‍ ചുമരുകളിലും വര്‍ണ്ണങ്ങളുടെ വിസ്മയം തീര്‍ക്കുന്ന നിഖിൽ പുലാപ്പറ്റ

New Update

publive-image

Advertisment

പാലക്കാട് :വരകളിൽ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഈ ചിത്രകലാ അധ്യാപകനെ പരിചയപ്പെടാം.

നിഖിൽ പുലാപ്പറ്റ. കോട്ടായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ.ചിത്രകലയിൽ തികച്ചും വ്യത്യസ്തനാകുന്നതിനൊപ്പം കലയുടെ ആനന്ദം ആവോളം നുകരാന്‍ കുട്ടികളെകൂടി പ്രാപ്തനാക്കുകയുമാണ് ഈ അധ്യാപകൻ. ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സ് എന്ന സ്ഥാപനത്തിലായിരുന്നു വജ്രജൂബിലി ഫെലോഷിപ്പ് നേടിയ ഈ കലാകാരന്റെ ചിത്രകലാ പഠനം. ഒരുപാട് വേദികളിൽ തന്റെ ചിത്രകലയിലെ പ്രാഗല്ഭ്യം തെളിയിച്ചു കഴിഞ്ഞു ഈ അധ്യാപകൻ. നിഖിലിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ നിരവധി ചിത്രങ്ങൾ വാർത്താമാധ്യമങ്ങളിലും ശ്രദ്ധേയ ഇടം നേടി.

പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സമ്മാനിക്കാനും നിഖിലിന് കഴിഞ്ഞു.കോട്ടായി ഗവൺമെന്റ് ഹൈസ്കൂളിൽ മലയാളം ക്ലബ്ബ് -വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ ഒരുക്കിയ 'ബഷീർ ഛായാചിത്രം',കപ്പടം എൽ പി സ്കൂളിൽ ക്ലാസ് മുറികളെ തീവണ്ടിയാക്കി ഒരുക്കിയത്, ഓണനാളിൽ വർണ പൂക്കളമായി പ്രതിഫലിപ്പിച്ച എസ് പി സി ലോഗോ,എന്നിവ ഇക്കൂട്ടത്തിൽ ശ്രദ്ധേയമായിരുന്നു. കുത്തുകൾ കൊണ്ടൊരു വര(Dots Art) വിഭാഗത്തിലും

കൂറ്റൻ ചിത്രമൊരുക്കി. വരയ്ക്കുന്നതിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഇദ്ദേഹം.

ചലച്ചിത്ര സാംസ്കാരിക മേഖലയിലെ പ്രഗൽഭരുടെ ചിത്രം വരച്ച് അവർക്ക് സമ്മാനിക്കാനായത് വിലപ്പെട്ട നിമിഷമായി നിഖിൽ മനസ്സിൽ സൂക്ഷിക്കുന്നു.വരച്ചാല്‍ ഉടന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നൂറുകണക്കിന് ആളുകള്‍ പതിവായി കാണാറും ആസ്വദിക്കാറുമുണ്ട്.

publive-image

വിദേശത്തും കേരളത്തിനു പുറത്തുമുള്ളവര്‍ ഈ ചിത്രങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നതായിട്ടാണ് നിഖിലിന്റെ അനുഭവം.കളർ ചിത്രങ്ങളും ചുമർ ചിത്രങ്ങളും നിഖിലിന്റെ പ്രധാന ഇഷ്ടമെങ്കിലും അക്രിലിക്കിലും വരയ്ക്കാറുണ്ട്.തത്സമയ ചിത്രരചനയുടെ ഭാഗമായും നിഖിൽ ധാരാളം ചിത്രം വരച്ചിട്ടുണ്ട്.തന്റെ സർഗവൈഭവം കണ്ടറിഞ്ഞ് പലരും ചിത്രരചനയ്ക്കും ക്ലാസുകള്‍ക്കുമായി ക്ഷണിക്കാറുണ്ട്. സ്കൂളുകളിലും മറ്റും വിശേഷാവസരങ്ങളില്‍ കുട്ടികളെയും അധ്യാപകരെയും പങ്കാളിയാക്കി ഒരുക്കിയ ചിത്രങ്ങളും ധാരാളമാണ്. ഒരാളുടെ മുഖത്തുള്ള കാഴ്ചവൈവിധ്യങ്ങളെ അതേപടി പ്രകടമാക്കുന്നതാണ് നിഖിലിന്റെ വരകൾ.

വിദ്യാഭ്യാസ കാലം മുതല്‍ നിഖിൽ വരച്ച് കൂട്ടിയ ചിത്രങ്ങള്‍ എണ്ണിയാല്‍ തീരില്ല.തന്റെ ചുറ്റുമുള്ള കാഴ്ചകളാണ് നിഖിൽ പലപ്പോഴും സമൂഹത്തിന് മുന്നിലേക്ക് വരയിലൂടെ പകര്‍ന്നു നല്‍കുന്നത്.ചില ചിത്രങ്ങൾ ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.അക്കൂട്ടത്തിൽ ഒന്നാണ് മിൽമയുടെ സാരഥിയെ വിസ്മയമാക്കിയ വര.സഹ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റും പിന്തുണയാണ് നിഖിലിന് പ്രചോദനം.ചിത്രകലയുമായി ഇനിയും നല്ല രീതിയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ടുപോകാന്‍ തന്നെയാണ് നിഖിലിന്റെ തീരുമാനം.

ചുമരുകളില്‍ താന്‍ വരച്ച ചിത്രങ്ങള്‍ കുട്ടികളും, അധ്യാപകരും അസ്വദിക്കുമ്പോഴുള്ള മനസംതൃപ്തിയാണ് നിഖിലിന് ഈ മേഖലയിൽ കൂടുതൽ ആത്മവിശ്വാസം നല്‍കുന്നത്. ചിത്രകലയിലെ അന്യാദൃശ പ്രതിഭാ തിളക്കത്തിനുള്ള ആദരമായി അനേകം പുരസ്‌കാരങ്ങളും നിഖിലിനെ തേടിയെത്തി. വരയിൽ വർഷങ്ങൾ നീണ്ട അറിവിന്റെയും അനുഭവത്തിന്റെയും ജനകീയവത്കരണമാണ് നിഖിൽ പുലാപ്പറ്റയെ വിഭിന്നനായൊരു കലാകാരനാക്കുന്നത്.

Advertisment