Advertisment

ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

 

Advertisment

publive-image

കൊച്ചി: നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് 'കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ'് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപന്നമാണിത്.

അനുയോജ്യമായ കടൽപായലിൽ നിന്നും ആവശ്യമായ ബയോആക്ടീവ് സംയുക്തങ്ങൾ മാത്രം വേർതിരിച്ചെടുത്താണ് കരൾരോഗത്തിനുള്ള പ്രകൃതിദത്ത ഉൽപന്നം തയ്യാറാക്കിയിരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രബർത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഉൽപ്പന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ ഉൽപന്നം വ്യാവസായികമായി നിർമിക്കുന്നതിന്, മരുന്ന് നിർമാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതിന്റെ സാങ്കേതികവിദ്യ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമാണ് സിഎംഎഫ്ആർഐ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി, കടൽപായലിൽ നിന്നും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകൾക്കായി സിഎംഎഫ്ആർഐ പഠനം നടത്തിവരുന്നുണ്ട്. ഇതിന്റെ ഗുണഫലങ്ങളാണ് വിവിധ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളായി പുറത്തെത്തുന്നതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. നിരവധി ഔഷധഗുണങ്ങളടങ്ങിയ സസ്യയിനമാണ് കടൽപായൽ. ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായരംഗത്ത് അനന്തസാധ്യതകളാണ് കടൽപായലിനുള്ളത്. കടൽപായലിൽനിന്നുള്ള അനുയോജ്യമായ ഘടകങ്ങൾ വേർതിരിച്ച് ഔഷധോൽപന്നങ്ങൾ നിർമിക്കുന്നതിനോടൊപ്പം കടൽപായൽ കൃഷി വ്യാപകമാക്കുന്നതിനും സിഎംഎഫ്ആർഐ ഊന്നൽ നൽകുന്നുണ്ടെന്ന് ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

Advertisment