Advertisment

കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസ് കസ്റ്റഡിയിൽ

New Update

തിരുവല്ല: കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസ് കസ്റ്റഡിയിൽ. സെക്രട്ടറി നാരായൺ സ്റ്റാലിനും പ്യൂൺ ഹസീനയുമാണ് പിടിയിലായത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസമാണ് കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലാവുന്നത്. മാർച്ച് ഒന്നിന് തൃശ്ശൂരിൽ പിടിയിലായത് ശസ്ത്രക്രിയക്ക് മുന്പ് കൈക്കൂലി വാങ്ങിയ രണ്ട് സർക്കാർ ഡോക്ടർമാരാണ്.

Advertisment

publive-image

രണ്ടാം തിയതി ചത്ത എരുമയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ആയിരം രൂപ വാങ്ങിയ മൃഗ ഡോക്ടർ പിടിയിലായത് കോട്ടയത്ത് നിന്നാണ്. ഇതിന് പിന്നാലെയാണ് തിരുവല്ലയിലെ വിജിലൻസ് ഓപ്പറേഷൻ നടന്നത്. 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. നാരായൺ സ്റ്റാലിന് വേണ്ടി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്ന ആളാണ് പ്യൂൺ ഹസീന.

നഗരസയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കന്പനി ഉടമയിൽ നിന്നാണ് സെക്രട്ടറി പണം വാങ്ങിയത്. ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു സെക്രട്ടറി കന്പനി ഉടമയോട് ആവശ്യപ്പെട്ടത്. ഇത്രയും തു നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെക്രട്ടറിയും നിലപാടെടുത്തു.

ഇതിനെ തുടർന്നാണ് കന്പനി ഉടമ വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം 25000 രൂപയുമായി പരാതിക്കാരൻ സെക്രട്ടറിയുടെ അടുത്തെത്തി. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകെട്ടുകൾ സെക്രട്ടറി വാങ്ങി പ്യൂണായ ഹസീനയെ ഏൽപ്പിച്ചു. ഈ സമയത്താണ് വിജിലൻസ് സംഘം ഓഫീസിലെത്തിയത്. രണ്ട് പേരെയും കയ്യോടെ പൊക്കി.

Advertisment