Advertisment

രാവണന്‍റെ മേല്‍ രാമന്‍ നേടിയ വിജയം, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസം എന്നിങ്ങനെ പോകുന്നു ഈ ഐതിഹ്യങ്ങള്‍; വിഷു ഇങ്ങെത്തി; ആഘോഷത്തിനുള്ള ഒരുക്കങ്ങളുമായി മലയാളികൾ

New Update

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് വിഷു. ലോകത്തിന്‍റെ ഏത് ഭാഗത്തായാലും മലയാളി, നാടിനെ ഓര്‍മ്മിക്കുകയും എല്ലാം മറന്ന് ആഘോഷിക്കുകയും ചെയ്യുന്ന ദിനം. മലയാളവര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നത്. രാവണന്‍റെ മേല്‍ രാമന്‍ നേടിയ വിജയം, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസം എന്നിങ്ങനെ പോകുന്നു ഈ ഐതിഹ്യങ്ങള്‍. ഇത്തരം ഐതിഹ്യങ്ങള്‍ക്കെല്ലാം അപ്പുറം മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് ഉത്സവമാണ്. ഓണം കഴിഞ്ഞാല്‍ പിന്നെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഉത്സവം.

Advertisment

publive-image

മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ഐശ്വര്യത്തോടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയുമാണ് പ്രധാനമായും കണിക്കായി ഒരുക്കുക. പുത്തന്‍ വസ്ത്രമണിഞ്ഞും, കൈനീട്ടം നല്‍കിയും വാങ്ങിയുമെല്ലാം ഒരു വര്‍ഷത്തേക്കുള്ള സമ്പല്‍ സമൃദ്ധിയെ ആഗ്രഹിക്കുന്ന സന്തോഷപ്രദമായ ദിവസം.

വിളവെടുപ്പ് ഉത്സവങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കാറുണ്ട്. പലയിടങ്ങളില്‍ പല സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയെല്ലാം കൊണ്ടാടാറ്. മലയാളികള്‍ക്ക് ഈയൊരു വിഭാഗത്തില്‍ ഓണവും വിഷുവും തന്നെ മുഖ്യം. ഓണം വിരിപ്പുകൃഷിയുമായി അടുത്തുനില്‍ക്കുന്നതാണെങ്കില്‍ വിഷു, ഫലങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാമാണ് വിഷുവിന് പ്രധാനം.വിഷുവിന് കണിയൊരുക്കുന്നത് തന്നെയാണ് ഏറ്റവും വലിയ രസവും സന്തോഷവുമെല്ലാം. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് സാധാരണനിലയില്‍ കണിയൊരുക്കുക. കണിയൊരുക്കുന്നതിന് അതിന്‍റേതായ  രീതിയുമുണ്ട്.

വൃത്തിയാക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയുമെല്ലാം വയ്ക്കും. ഇതിനൊപ്പം തന്നെ കണിവെള്ളരി, നാരങ്ങ, നാളികേരം തുടങ്ങി പല ഫലങ്ങളും ഒപ്പം കണ്മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും വയ്ക്കും. കണിക്കൊന്ന, നമുക്കറിയാം വിഷുക്കണിയുടെ ഒരു അവിഭാജ്യ ഘടകമാണ്. ഒപ്പം ഒരു നിലവിളക്ക് കൂടിയാകുമ്പോള്‍ ഐശ്വര്യത്തിന്‍റെ ദൃശ്യവിരുന്ന് തയ്യാര്‍.

ആദ്യമേ സൂചിപ്പിച്ചത് പോലെ ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷത്തില്‍ പങ്കാളികളാകാറുണ്ട്. തങ്ങളാല്‍ കഴിയുംവിധം കണിയൊരുക്കാനും കൈനീട്ടം കൊടുക്കാനും കോടിയുടുക്കാനും സദ്യ വയ്ക്കാനുമെല്ലാം ലോകമലയാളികള്‍ ശ്രമിക്കാറുണ്ട്. എവിടെയായിരുന്നാലും ആ ഒരു ദിനം വീടിനെയും നാടിനെയും ജനിച്ചുവളര്‍ന്ന സംസ്‌കാരത്തെയും ഓര്‍മ്മിക്കാനും ആ ഓര്‍മ്മകളുടെ തണുപ്പ് നുകരാനും നമ്മെ സഹായിക്കും.

ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഹ്ളാദപൂര്‍വം വിഷുവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. വഴിയോരങ്ങളില്‍ വിഷുവിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കണിക്കൊന്നകള്‍ പൂത്തുനിരന്ന് കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണെങ്കില്‍ കണിയൊരുക്കാനുളള വകകള്‍ വിപണികളില്‍ വില്‍പനയ്‌ക്കൊരുങ്ങുന്നു. എന്തായാലും വിഷു, മലയാളികള്‍ക്ക് മാറ്റിനിര്‍ത്താനാകാത്തൊരു ആഘോഷവേളയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വിഷു അടുക്കുമ്പോഴുള്ള സന്തോഷവും സവിശേഷം തന്നെയാണ്.

Advertisment