Advertisment

വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ചലച്ചിത്ര കലാകാരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; മന്ത്രി സജി ചെറിയാന്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനാപുരം: ചലച്ചിത്രമേഖലയില്‍ പ്രമുഖരായിരുന്ന കലാകാരന്മാരില്‍ പലരും ജീവിതസായന്തനത്തില്‍ എവിടെ, എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ലെന്നും അറുന്നൂറില്‍പരം സിനിമയില്‍ അഭിനയിച്ച, 'അമ്മ' സംഘടനയുടെ സ്ഥാപക സെക്രട്ടറിയായി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ടി.പി. മാധവന്‍ പോലും നിരാലംബനായി ഇന്ന് ഗാന്ധിഭവന്‍ അഭയകേന്ദ്രത്തില്‍ കഴിയുന്നുവെന്നും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആരും സംരക്ഷിക്കാനുമില്ലാതെ ഒറ്റപ്പെട്ട് അവശരായി കഴിയുന്ന കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതിയായെന്നും കഴിഞ്ഞ വര്‍ഷം ഗാന്ധിഭവനിലെത്തിയപ്പോള്‍ അന്തേവാസിയായ ടി.പി. മാധവനെ കണ്ടപ്പോഴാണ് ഈ പദ്ധതി മനസ്സില്‍ രൂപപ്പെട്ടതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

publive-image

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഗാര്‍ഫി) ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മനുഷ്യത്വത്തിന്റെ വില കുറഞ്ഞുവരുന്നുവെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യത്വത്തെ വലിച്ചുകീറുന്ന കാഴ്ച ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ ഹരിഹരനും, മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'എന്നിവര്‍' സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ, ജയരാജ് (മികച്ച സംവിധായകന്‍), സുധീര്‍ കരമന (നടന്‍), നവ്യാ നായര്‍ (നടി), റഫീക്ക് അഹമ്മദ് (ഗാനരചയിതാവ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (സംഗീതസംവിധായകന്‍), നജീം അര്‍ഷാദ് (ഗായകന്‍), നഞ്ചിയമ്മ (ഗായിക) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ എന്നിവര്‍ക്കുവേണ്ടി പ്രതിനിധികളും അവാര്‍ഡ് ഏറ്റുവാങ്ങി.

 

ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും അവാര്‍ഡ് ജൂറി ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍, സംവിധായകരും അവാര്‍ഡ് ജൂറി അംഗങ്ങളുമായ വിജയകൃഷ്ണന്‍, ആര്‍. ശരത്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, പല്ലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

ഗാര്‍ഫി അവാര്‍ഡ് വേദിയില്‍ വിതുമ്പി നവ്യാ നായര്‍

publive-image

''എന്റെ അച്ഛനെയും അമ്മയെക്കാളും പ്രാധാന്യം ജീവിതത്തില്‍ മറ്റൊരാള്‍ക്കും കൊടുത്തിട്ടില്ല, അവരെനിക്ക് ദൈവത്തിന് തുല്യരാണ് '' - ഗാര്‍ഫി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങിയ നവ്യാ നായര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ടി.പി. മാധവനെ ഗാന്ധിഭവനില്‍ കണ്ടുമുട്ടിയപ്പോഴാണ് നവ്യ വികാരാധീനയായത്.

publive-image

ഗാന്ധിഭവനിലെ അച്ഛനമ്മമാരെയും കുഞ്ഞുങ്ങളെയും സന്ദര്‍ശിച്ചപ്പോള്‍ അവരുടെ മുന്നില്‍ സംസാരിക്കുവാന്‍ വാക്കുകളില്ലാതെയായി. ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ഗാന്ധിഭവന്റെ വേദിയില്‍ നൃത്തം അവതരിപ്പിക്കാമെന്ന് നവ്യ ഉറപ്പ് നല്‍കി. ഇന്നത്തെ വളര്‍ന്നുവരുന്ന തലമുറ ഗാന്ധിഭവനിലെ നിരാലംബരായ അന്തേവാസികളെ കാണുകയും അവരുടെ കഥകളറിയുകയും ചെയ്യണം. തന്റെ മകനെയും കൂട്ടി വീണ്ടും ഗാന്ധിഭവനിലെത്തുമെന്നും നവ്യ പറഞ്ഞു.

Advertisment