Advertisment

ശബരിമല തീര്‍ഥാടനം: ദുരന്തനിവാരണ സുരക്ഷാ യാത്ര നടത്തി

New Update

publive-image

Advertisment

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

ദര്‍ശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. ഭക്തര്‍ എത്തുന്ന നദീ തീരങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇടത്താവളങ്ങളിലെ സൗകര്യം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശുചി മുറികള്‍ എന്നിവ സജ്ജമാക്കും. കുടിവെള്ള സൗകര്യം ഉറപ്പുവരുത്തും. മരം വീഴ്ച, മണ്ണിടിച്ചില്‍ പോലെയുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ആന ഇറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും. നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രത്യേക കോവിഡ് കിയോസ്‌ക് സ്ഥാപിക്കുകയും ചെയ്യും. ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പുവരുത്തുമെന്നും എംഎല്‍എ പറഞ്ഞു.

publive-image

സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സുരക്ഷായാത്രയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള കാര്യങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കും. ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും മണ്ഡല മകരവിളക്ക് തീര്‍ഥാടനം നടക്കുന്നത്. അതിനാല്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശേരിക്കര ചെറിയകാവ് ദേവിക്ഷേത്രം, കല്ലാര്‍, ബംഗ്ലാംകടവ് പാലം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, അട്ടത്തോട്, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പമ്പ ത്രിവേണി, ഞുണങ്ങാര്‍ പാലം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജൂനിയര്‍ അഡിമിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരി, ടെക്നിക്കല്‍ അസിസ്റ്റന്റ് ശശിധരന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment