Advertisment

ആദിശങ്കരന്റെ നാടിന് കേന്ദ്രഗവണ്മെന്റിന്റെ സമ്മാനം; ശ്രീശാരദ വിദ്യാലയം സൈനിക്‌ സ്‌കൂൾ പദവിയിലേക്ക്

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

കേന്ദ്ര സൈനിക സ്‌കൂൾ പദവിയിലേക്കുയർത്തപ്പെടുന്ന കാലടിയിലെ ശ്രീശാരദവിദ്യാലയം

കാലടി: കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 21 സ്‌ക്കൂളുകളെ സൈനിക് സ്‌ക്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്‌കൂളിന് പുറമെ മറ്റൊരു സൈനിക് സ്‌ക്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തു നിന്നുള്ള ഇരുന്നൂറോളം അപേക്ഷകരിൽ നിന്നാണ് കാലടി ശ്രീശാരദ വിദ്യാലയത്തിനെ പ്രതിരോധമന്ത്രാലയം തിരഞ്ഞെടുത്തത്.

ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആൾ ഇന്ത്യ സൈനിക് സ്‌ക്കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടാം. നിലവിൽ കാലടി ശ്രീശാരദ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന 60% കുട്ടികൾക്ക് പ്രത്യേക പരീക്ഷയിലൂടെ സൈനിക് സ്‌ക്കൂൾ പാഠ്യപദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്. കൂടുതൽ സമർത്ഥരായ യുവതലമുറയെ സൈന്യത്തിലും മറ്റു സേവന മേഖലകളിലും സജ്ജരാക്കുന്നതിനായി രാജ്യത്ത് പുതുതായി നൂറ് സൈനിക് സ്‌ക്കൂളുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചവരെ ഔദ്യോഗിക തലങ്ങളിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. കൂടാതെ രാജ്യത്തിന്റെ സംസ്‌കാരവും ജീവിത നൈപുണ്യവും ഉൾക്കൊളളുന്ന യുവ തലമുറയെ വാർത്തെടുക്കുകയും ഇതിന്റെ ലക്ഷ്യമാണ്. സ്‌ക്കൂൾ നിലവിൽ വന്ന് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് കാലടി ശ്രീശാരദ വിദ്യാലയത്തിന് കേന്ദ്രസർക്കാരിന്റെ സമ്മാനം എത്തുന്നത്.

ആദിശങ്കരന്റെ ജന്മനാട്ടിൽ മികച്ച വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശൃംഗേരി മഠത്തിന് കീഴിലുള്ള ആദിശങ്കര ട്രസ്റ്റ് 1992-ലാണ് സ്‌ക്കൂൾ സ്ഥാപിച്ചത്. എൽ.കെ.ജി. മുതൽ ഹയർ സെക്കന്ററി വരെയുളള ക്ലാസുകളിലായി 1500 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രാജ്യത്തെ മികച്ച സൈനിക് സ്‌ക്കൂളായി കാലടി ശ്രീശാരദാ വിദ്യാലയത്തെ മാറ്റുമെന്ന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അറിയിച്ചു.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് സൈനിക് സ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ആദിശങ്കര ചീഫ് ഓറേറ്റിങ്ങ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ പറഞ്ഞു. മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതി പുരസ്‌ക്കാരവും മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്‌ക്കാരവും നേടിയ ഡോ. ദീപ ചന്ദ്രനാണ് ശ്രീശാരദാ വിദ്യാലത്തിന്റെ സീനിയർ പ്രിൻസിപ്പൽ.

Advertisment